മുഴക്കങ്ങളില്ലാത്ത ചില ബന്ധങ്ങളുണ്ട്...
നിരന്തരം പരിപാലിക്കേണ്ടതില്ലാത്തവ.
കണക്ക് പുസ്തകങ്ങൾ സൂക്ഷിക്കാത്ത,
പരിഗണിക്കപ്പെടാൻ കെട്ടിയാടാത്ത,
ശ്രദ്ധ തേടി ശബ്ദമുയർത്താത്തവ.
നിശ്ശബ്ദതകളിൽ അലിഞ്ഞുപോകാത്ത,
ദൂരങ്ങളിൽ തളർന്നുവീഴാത്ത,
കാലത്തിന്റെ മാറാലകൾ
തരി പോലും തീണ്ടാത്തവ...
പിണക്കങ്ങൾക്കും,
ഞാനെന്ന ഭാവത്തിന്റ
ശുഷ്കിച്ച ഇടനാഴികൾക്കും
ഉയരമുളള മതിലുകൾക്കും
ഒരുപാട് മേലെ പറക്കുന്നവ.
വാക്കുകളിൽ പിറന്നു..
വാക്കുകളിൽ ജീവിച്ചു..
വാക്കുകളിൽ മരിക്കാതെ;
കണ്ണിൽ കാണാനാകാത്ത
ഹൃദയാഴങ്ങളിൽ നീന്തിത്തുടിക്കുന്നവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ