2012, നവംബർ 22, വ്യാഴാഴ്‌ച

ചെരുപ്പുമരം...


സ്ക്കൂൾ ഷൂവിന്റെ ബക്കിൾ പോയതിന്റെ പതിവു അപ്പീലുകളുമായി ദിയായുടെ ഇഞ്ചി കടിച്ച ഭാവവും...ശ്രദ്ധയും..ശുഷ്ക്കാന്തിയുമുള്ള പെങ്കുട്ട്യോൾടെ ടോപ്പ് സ്വഭാവങ്ങളുടെ ഉപദേശ ക്കൊടുങ്കാറ്റും. ഞങ്ങളുടെ കുടുംബത്ത്  നിത്യേന അരങ്ങേറുന്ന ഭാവ സമവാക്യത്തിന്റെ ഒരു സാമ്പിൾ ആണിത്.

"അപ്പോ ന്താ ഈ നല്ല പെങ്കുട്ട്യൊൾടെ സ്വഭാവം എന്ന് വെച്ചാൽ...?"
സംശയം ന്യായം...

ശരി...ന്നാ.. ഒരു പഴയ ചെരുപ്പ് കഥയിൽ നിന്നു തന്നെ തുടങ്ങാം...

അന്നൊക്കെ വല്യപരീക്ഷ ഒന്ന് കഴിഞ്ഞു കിട്ടാൻ കാത്തിരിക്കും...
പരീക്ഷ കഴിഞ്ഞെന്റെ പിറ്റേന്നാൾ,ചാലിശ്ശേരിയിലേക്കു കൂട്ടിക്കൊണ്ട് പോകാൻആളെത്തിയിരിക്കും...

അതിപ്പോ അച്ഛാച്ചനായലും അമ്മായിയായാലും വല്യമ്മ ആയാലും... തരക്കേടില്ല...കൂടെ പോയിരിക്കും..നമ്മുക്ക് ലക്ഷ്യം മാത്രമാണപ്പാ.പ്രധാനം.

"ചാലിശ്ശേരി"..............തൃശ്ശൂരിൽ നിന്ന് കോഴിക്കോട് വഴി പോകുന്ന നാഷണൽ ഹൈവേ 17 ഇൽ  കുന്നംകുളത്തു നിന്നും വടക്ക് പടിഞ്ഞാറ്....ഒരുപതിനൊന്ന് കിലോമീറ്റർ മാറി പാലക്കടിന്റെ തുമ്പത്ത്...കിടക്കുന്ന പച്ചച്ച ഒരു "ഠ" വട്ട ഭൂമി.

തന്തപ്പാലം കഴിഞ്ഞാ പിന്നെ ചാലിശ്ശേര്യായി...അന്നത്തെ എന്റെ ജ്യൊഗ്രഫി..അതായിരുന്നു.

തന്തപ്പാലം..എന്നതു വെറും ഒരു അപ്പാപ്പൻ പാലം എന്നല്ല അർത്ഥം എന്നും....
തനത്+പാലം എന്ന പിരിച്ചെഴുത്തും....തനതായി രൂപം കൊണ്ട പാലം ഏതൊ അത് എന്ന ബഹൂവ്രീഹി എന്നും ഉള്ള വാദമുഖങ്ങൾ..നിലനിൽക്കവേ തന്നെ.....ടി പാലത്തെ തൃശ്ശൂരും പാലക്കാടും തമ്മിൽ ബന്ദിപ്പിക്കുന്ന മർമ്മപ്രധാനവും..അതിപുരാതനവും ആയ ഒരു ഏച്ചുകെട്ട് അഥവാ നൂൽബന്ധം...എന്നും വിശേഷിപ്പിക്കാം എന്ന് തോന്നുന്നു....

ചാലിശ്ശേരിയും ഞാനും തമ്മിലുള്ള ബന്ധത്തിനു അമ്മയുടെ വാത്സല്യത്തിന്റെ മണമാണ്........എന്റെ അമ്മവീട്.മുത്തിക്കുടിയൻ മാങ്ങയും,നല്ല പ്ലാവിലെ വരിക്കചക്കയും.. കമുകും.. കുളവും.  വട്ടപ്പറമ്പും..മില്ലും..സിമെന്റും കളവും..അതിന്റെ വശത്തെ മട്ടിപശമരവും..ചെങ്കല്വെട്ടുകുഴിയും..തൊഴുത്തും..കാര്യസ്ഥൻ നായരും ചക്കിയും കുഞ്ഞൂം...രണ്ടാം തട്ടിൻ പുറത്തെ..ഉപ്പാപ്പന്റെ പെട്ടീലെ കമ്പിളിക്കോട്ടും..ബൂട്ടും..അണ്ടിയുണ്ടയും...എല്ലാമെല്ലാമടങ്ങുന്ന എന്റെ മധുര ബാല്യസ്മൃതികളിൽ ഏറിയ പങ്കിന്റെയും ഔട്ട്ഡോർ ലൊക്കേഷൻ ടി സ്ഥലം ആയിരുന്നു.

ഒരവധികാലത്ത്....അല്ലാ അതു പറയുമ്പോൾ വളരേ വേണ്ടപ്പെട്ട ഒന്നു രണ്ട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടി വരും.ഒരു സൗകര്യത്തിനു അവരെ "നസീർ" എന്നും "ജയഭാരതി"  എന്നും വിളിക്കാം(വേണങ്കി മതി!!!!)

നസീർ ജയഭാരതിയുടെ ബ്രദർ ആകുന്നു.നസീറിനേക്കാൾ 11 മാസവും ജയഭാരതിയെക്കാൾ 3 വർഷവും ഈയുള്ളവൾക്കു മൂപ്പ് കൂടും.
പക്ഷെ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ലാട്ടോ....
ഒരു വർഷം തികച്ചും മുതിർച്ച ഇല്ലാത്തതു കൊണ്ടും..ഞങ്ങൾ തമ്മിലുള്ള അന്നത്തെ ഇരുപ്പുവശം വെച്ചുകൊണ്ടും നസീറിനു ചേച്ചി വിളിയിൽ അല്പം ഇളവുകൾ അനുവദിച്ചിരുന്നു..പക്ഷെ അതാ ഫയങ്കരൻ... ഡീ പോടീ..  ചേർത്ത് വിളിച്ച് മൂപ്പവകാശത്തിന്റെ ആണി ഊരി മാറ്റീന്നുള്ളതു വേറെ കാര്യം

എന്തായാലും..ഞങ്ങൾ മൂന്നുപേരും എല്ലാറ്റിനും ഒറ്റക്കെട്ടായിരുന്നു..


അങ്ങിനെയിരിക്കുമ്പോഴാണ്..ആ അവധിക്കാലം..
പോരാത്തതിന് ഒരു വിശേഷവും..ഞങ്ങളുടെ പ്രീയ അമ്മാച്ചന്റെ(അമ്മയുടെ ഇളയ ആങ്ങള) മകളുടെ ഒന്നാം ജന്മദിനം..
അങ്ങനെ ചോറും മോരുകാച്ചിയതും പോലെ വിശേഷവും അവധിയും കൂടി കൂട്ടികുഴഞ്ഞതിന്റെ ആഹ്ലാദതള്ളിപ്പിൽ ഞങ്ങൾ കുട്ടിസംഘം ഒരാഴ്ച്ച മുൻപ് തന്നെ venue വിൽ   തമ്പടിച്ചു കൂടി.

അവസാനം കാത്തിരുന്ന ദിവസവുമിങ്ങെത്തി...വീട് നിറച്ച് ബന്ധുക്കൾ....കുട്ടികൾ..
ന്യായമായും കുട്ടിസംഘത്തിൽ അംഗങ്ങൾ ഒരുപാട്...
.....കളി തകൃതി പൊടിപൂരം!!!
കളി മുറുകിയങ്ങനെ മൂർദ്ധന്യത്തിലെത്തിയപ്പോൾ ,കൂട്ടത്തിലാർക്കോ  ഒരുൾവിളിയുണ്ടായി.കളി പുറകിലെ കമുകിൻ തോപ്പിലേക്ക് വ്യാപിപ്പിച്ചാലോ..?

തോന്നേണ്ട താമസം..കുട്ടിസംഘം കമുകിൻ തോപ്പിലേക്ക് ഒറ്റക്കെട്ടായി മാർച്ച് ചെയ്തു.കുറേയേറെ നേരം തൊട്ടുകളിയും സാറ്റും കളിച്ചു മടുത്തപ്പോഴാണ് നസീറിന്റെ തലയിൽ ഒരൂക്കൻ ഐഡിയ പൊട്ടിമുളച്ചത്....
 നിധിതേടൽ...മ്മ്ടെ ട്രഷർ ഹണ്ട്.... കളിച്ചാലാ...?
ട്രഷർ കുഴിച്ചിടാ കണ്ടു പിടിക്ക്യാ...കുഴിച്ചിടാ കണ്ടു പിടിക്കാ.....

ആഹ!what an idea sirji!!  ഓഹ് !! നസീറേ...ആങ്ങളേ..നിന്റെയൊരു പുത്തി..

ഞങ്ങൾ (ജയഭാരതിയും ഞാനും) വടക്കൻ പ്പാട്ടിലെ അങ്കം ജയിച്ചു വന്ന ആരോമലാങ്ങളയെ കണ്ട ഉണ്ണിയാർച്ചയെ പ്പോലെ ...അഭിമാനപുളകിതരായി...

ഇനിയിപ്പോ കുഴിച്ചിടാൻ മാന്യതയുള്ള ഒരു "ട്രഷർ" വേണം...
അപ്പോഴേക്കും മഹത്തായ ഈയൊരു ലക്ഷ്യത്തിലേക്കായി തന്റെ ജന്മദിനം  special  പുത്തൻ leather ചെരിപ്പുകൾ ദാനം ചെയ്യാൻ  തയ്യാറായി   ഒരു സംഘാഗം മുന്നോട്ട് വന്നു.....അങ്ങനെ ആ പ്രശ്നവും  solved!!
Treasure അങ്ങനെ ഒളിപ്പിക്കപ്പെട്ടു..
പിന്നവിടെ  world cup  നെ വെല്ലുന്ന  hunting ആയിരുന്നു.
സംഘാംഗങ്ങൾ ഒരേ മനസ്സും ഹൃദയവുമായി.....   hunt  ലോട് hunt ൽ. കല്ലിനടിയിലും കല്ലുവെട്ടു മടയിലും തൊഴുത്തിലും .....
എന്തിന് ഉറുമ്പിൻ കൂട്ടിൽ പോലും........ തപ്പോട് തപ്പ്...
വക്ക് കെട്ടാത്ത കുളത്തിനുള്ളിലേക്ക് സംശയദൃഷ്ടിയോടെ എത്തിനോക്കി ഒരു സംഘാംഗം മുറുമുറുത്തു .

 "കുളത്തിലാണെങ്കി ഔട്ടാ ട്ടാ...!"

 "ഒന്നു പോഡാപ്പാ......" ഞങ്ങൾ  മൂവർ സംഘം പരസ്പരം കണ്ണിറുക്കി ചിരിച്ചു.

(സംഗതി  safe ആയി കമുകിൻ ചോട്ടിൽ കുഴിച്ചിട്ടത് ഞങ്ങളീ ഭാരവാഹികളല്ലേ. പോരാത്തതിന് അടയാളത്തിന് ഒരു ഉണക്കക്കമ്പും....!!).

പക്ഷേ....അങ്ങനെ അനർഗനിർഗളം  ഒഴുകികൊണ്ടിരിക്കുന്ന നമ്മുടെയീ കഥക്ക് അവിചാരിതമായ ഒരു റ്റ്വിസ്റ്റുണ്ടായ്ത് ഇവിടം മുതലാണ്...
.(ഹല്ലാ!...എല്ലാ നല്ല കഥക്കും കാണില്ലേ ഒരു റ്റ്വിസ്റ്റ്....)

നമ്മുടെ കഥയിലെ റ്റ്വിസ്റ്റ് സുബ്രുവിന്റെ രൂപത്തിലാണ് വന്നത് എന്ന് മാത്രം..
സുബ്രു... കമുകിനു വെള്ളം തിരിക്കുക,തെങ്ങിനു തടമെടുക്കുക....തുടങ്ങി...
നിരുപദ്രകമായ ജോലികൾ ചെയ്തു വന്നിരുന്ന ഒരു അയ്യോ പാവം.....


അന്നത്തെ സുബ്രുവിന്റെ ആത്മാർഥമായ വെള്ളം തിരിക്കലിൽ
ഞങ്ങളുടെ   അടയാളമോതിരം....ആ ഉണക്ക കമ്പ് ...........
നിലയില്ലാ കയത്തിൽ മുങ്ങിത്താണത് ഞങ്ങളറിയുന്നുണ്ടോ....?

കാടും പടലും...പാറയും ഓലമടലും തുമ്പും തുരുമ്പും ഒന്നും വിടാതെ
ഹണ്ട് പുരോഗമിക്കവേ .....
അതാ ഇടി വെട്ടുന്ന ശബ്ദത്തിൽ....ഡാ പിള്ളേരേ....!! എന്ന മടക്കി വിളി.
6 മണിക്കുള്ള കമ്പനി സൈറൺ കേട്ട തൊഴിലാളിയേപ്പോലെ....കേട്ടപാതി കേൾക്കാത്തപാതി..പീച്ചേ മൂഡ് ...ആഗേ ചൽ മോഡിൽ തിരിഞ്ഞോടാൻ തുടങ്ങിയപ്പോഴാണ് ആ കിളിനാദം കേട്ടത്..
"യ്യോ..ഹെന്റെ ചെരിപ്പ്...."
 അത് ശരിയാണല്ലോ.... ഇനിയിപ്പോ എല്ലവരും തോറ്റ സ്ഥിതിക്ക്"....
നസീർ & ഗ്രൂപ്പ് വിജയികളുടെ മുഖത്ത് മാത്രം കണ്ടു വരുന്ന ആ സ്പെഷ്യൽ
( 15% പുച്ഛവും 50% അഹങ്കാരവും.....ബാക്കി എന്തരൊക്കെയോ....ചേർത്തത്) ചിരിയും മുഖത്തണിഞ്ഞ്...മാന്ത്രികരുടെ വൈഭവത്തോടെ ഉണക്ക കമ്പ് സ്പോട്ട് ചെയ്യാനാരംഭിച്ചു....

എവിടെ...........?
സംഘാംഗങ്ങൾ   കുളത്തിൽ വീണ മഴുവുമായി പൊങ്ങി വന്ന നമ്മുടെ
പഴേ മരം വെട്ടുകാരന്റെ കഥയിലെ വനദേവതയേ പോലെ.......... ചെരുപ്പുമായി വിജയശ്രീലാളിതരായി വരുന്ന  നസീർ & കമ്പനി യെ wait    ചെയ്തത് മിച്ചം.......Mean while... ഞങ്ങളാകട്ടേ...,പരതി പരതി  (over) confidence level താണു....  medium     വും  lower ഉം  lowest  ഉം  ആയി തോറ്റ് തൊപ്പിയി ട്ട് കഴിഞ്ഞിരുന്നു .
പരതൽ അവസാനിപ്പിച്ച് ഞങ്ങൾ ...പുറത്തിറങ്ങിയപ്പൊഴേക്കതാ...വിരുന്നു വന്നവരും വീട്ടിലുള്ളവരുമായി....ഞങ്ങളടക്കമുള്ള..കുട്ടിസംഘത്തിന്റെ  full set  അപ്പനമ്മമാർ  പറമ്പിൽ തേടിയെത്തിയിരിക്കുന്നു....

എല്ലാവരുടേയും മുമ്പിൽ Danger Zone ൽ  eliminate  ചെയ്യപ്പെടുവാൻ ....
റഡിയായി നിൽക്കുന്ന സിംഗറുകളെ പോലെ....
ശുദ്ധ കല്യാണിയിൽ  ഒന്നാം കാലത്തിൽ സംഗതികളൊപ്പിച്ച്......
ഞങ്ങൾ മൊഴിഞ്ഞു....
"അട്ത്ത പ്രാവശ്യം വരുമ്പേക്കും ഞങ്ങള് സത്യായിട്ടും....എടുത്ത് വെക്കാം....."