2026 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

എന്റ മാത്രം ഒക്ടോബർ.... 🍁

ഒക്ടോബർ മാസം.... 🍁

നാട്ടിൽ മകരക്കാറ്റ് ചൂളമടിച്ചു കയറുന്ന, ഇലകൾ പൊഴിയുന്ന ശരത്കാലം..

നോർത്തമേരിക്കയുടെ... സ്വന്തം ഫാൾ  അഥവാ Autumn 🍁

നാട്ടിലെ പോലെയല്ല.......

ഇവിടത്തെ പ്രകൃതിയെ ഏറ്റവും സുന്ദരിയാക്കുന്ന ഋതുക്കളിലൊന്നാണിത്.....

പുറത്ത് വീശിയടിക്കുന്ന നനുത്ത കാറ്റിൻ താളത്തിൽ തലയാട്ടുന്ന ഇടതൂർന്ന ഫിർ മരങ്ങളിലെ സൂചിത്തുമ്പിലകളിൽ നിന്ന് തൊട്ടെടുക്കാവുന്ന മഴത്തുള്ളിത്തണുപ്പ്....

നീണ്ടുനിവർന്നു കിടക്കുന്ന കാൽനടക്കാർക്കുള്ള വാക്കിംഗ് ട്രെയിലിൽ നിറയെ കാറ്റത്ത് പൊഴിഞ്ഞുവീണ മഞ്ഞയും ഓറഞ്ചും ചുവപ്പും കലർന്ന നക്ഷത്രാകൃതിയിലുള്ള മേപ്പിൾ ഇലകൾ......

ആകെ മൊത്തം.... ഷിഫോൺ സാരി.... ഷാരൂഖ് ഖാൻ.... ഇങ്ങനെ അല്ലറ  ചില പ്രോപ്പർട്ടീസ് മാത്രം കുറവുള്ള ഒരു യാഷ് ജോഹർ.... ബോളിവുഡ് റൊമാന്റിക് കാലാവസ്ഥ! ❤️

Sirji.... What an alcoholic weather! 🤣

പഴയോർമ്മകളിലെ നോർത്ത് ഇന്ത്യൻ ....ഒക്ടോബറുകൾക്ക് കുറച്ചും കൂടി കടും ചായങ്ങളാണ്.

ദില്ലിയിൽ ദസ്ഹേര രാമലീല മൈതാനത്ത് ദശമിയിൽ ചാമ്പലാക്കുന്ന താൻപോരിമയുടെയും...... അഹങ്കാരത്തിന്റെയും... വാനോളം മുട്ടുന്ന രാവണനും...

മിനുമിനുങ്ങുന്ന കുപ്പായമിട്ട് താളത്തിൽ വട്ടമിട്ട്.... നൃത്തം ചെയ്യുന്ന ഗർബാരാത്രികളും .....

രാത്രികളിൽ കണ്ണുപൂട്ടാത്ത. ഉറങ്ങാൻ കൂട്ടാക്കാത്ത മഹാനഗരവും...

പണ്ട്  നാട്ടിൽ പൂജവെപ്പിന്റെ സീസൺ ആയിരുന്നു ഒക്ടോബർ....

കോൺവെൻ്റ് സ്ക്കൂളിൽ കൂടെ പഠിക്കുന്ന ഹിന്ദു കുട്ടികൾക്ക് മാത്രം ഹോംവർക്ക് കൊടുക്കാത്ത.... ഏകപക്ഷീയമായ പൂജവെയ്പ് അവധിക്കാലം! 

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന

നസ്രാണിയായാലും.... ഇങ്ങനെ ഒരു ആവശ്യത്തിന് "റൂട്ടടക്കം ബസ്സ് വിൽപ്പനയ്ക്ക്" എന്നുപറഞ്ഞതുപോലെ.... ബാഗടക്കം ഫുൾ സ്ഥാവരജംഗമ പാഠ്യ പാഠ്യേതര ...... കംപ്ലീറ്റ് കിറ്റ് പൂജവെക്കാൻ ഫുൾ സെറ്റായ ഞങ്ങളോട്

ന്താണാവോ അങ്ങനെയൊരു വിവേചന ടോക്ക്! 

എനിവേയ്‌സ് .... പൂജവെപ്പിന്റെ തലേ ദിവസം അവധി ചോദിക്കാൻ ഹെഡ്മിസ്ട്രസിന്റെ റൂമിന്റെ മുന്നിൽ വരി നിൽക്കാൻ നോം മുമ്പിലുണ്ടാകും.... അത് വേറെ കാര്യം!!!!!

ആക്ച്വലി, അതിന്റെയൊരു ഗുട്ടൻസ് എന്താണെന്ന് വെച്ചാൽ.... 

തൃശ്ശൂർ–കുന്നംകുളം ഏരിയയിൽ നോയമ്പിന് മുന്നേ സർവ്വ പള്ളിപ്പെരുന്നാളുകളും നടക്കുന്ന മാസം കൂടിയാണ് ഒക്ടോബർ.

ടൈമിംഗ് കറക്റ്റ് ആയാൽ.... വാഴ നനയുന്നതിന്റെ കൂടെ ചീരയും എന്ന് പറഞ്ഞപോലെ....

ചെണ്ടപ്പുറത്ത് കോലിടുന്ന നേരത്ത്....

പന്ത്രണ്ടാന്തി പെരുന്നാളിന്റെ മൂന്ന് ആന സഹിതമുള്ള രണ്ട് ദിവസത്തെ ചെണ്ട, പാണ്ടിമേളം, ബാൻഡ് സെറ്റ്.... 24×7 അങ്ങാടി ചുറ്റിയുള്ള കൊട്ടിക്കേറ്റൽ,

രണ്ട് സെറ്റ് റീചാർജ് കഴിഞ്ഞാൽ ആനയെ വരെ ശാസിച്ചുനിർത്തുന്ന വയറാവു വറതപ്പേട്ടന്റെ ഹൈലൈറ്റ് സ്നേക്ക് ഡാൻസ് പെർഫോമൻസും കണ്ട് 😂😂

ഒരു ഫുൾ റൗണ്ട് അടിച്ച്, പഴഞ്ഞി, അടുപ്പുട്ടി, കാട്ടകാമ്പാൽ, ചിറളയം... പള്ളികളും കവർ ചെയ്ത്....

ലാസ്റ്റ് തൃശ്ശൂർ ഒല്ലൂർ മാലാഖയുടെ കൂട് തുറക്കലും കഴിഞ്ഞ്.....

സംഗതികൾക്കൊക്കെ സുല്ലിട്ട് വീണ്ടും സ്കൂളിലേക്ക് മടങ്ങാം 😁

പറഞ്ഞു വരുമ്പോൾ.... ഒരോ ഒക്ടോബറിനും ഓരോ നിറവും മണവും വികാരവും.🍁

ഇവിടെ, കാനഡയിലേക്ക് കുറ്റിയും കോലും പറിച്ച് ചേക്കേറിയതിൽപ്പിന്നെ പഠിച്ച കാര്യങ്ങൾ ഒരുപാടാണ്...

ഉദാഹരണത്തിന്....

മഞ്ഞുമൂടിക്കിടക്കുന്ന ഇടവഴിയിൽ ഡോണാൾഡ് ഡക്ക് നടക്കുന്നപോലെ എങ്ങനെ വീഴാതെ നടക്കാം....

മൈനസ് ഇരുപതിൽ എങ്ങനെ  സൈഡ് വലിവില്ലാതെ ചിരിക്കാം....

ബാങ്ക് ബാലൻസ് നോക്കിയിട്ട് കിളിയഞ്ചും പറന്നാലും എങ്ങനെ ഒന്നും സംഭവിക്കാത്തതുപോലെ ചായ കുടിക്കാം....

അങ്ങനെ അങ്ങനെ ജീവിതം പഠിപ്പിച്ച കോഴ്സുകളിലൊന്നാണ്.......

ഇവിടത്തെ ഒക്ടോബർ ആഘോഷങ്ങളിലെ മൂപ്പൻ

Thanksgiving! 🍁

യെസ്,

യു ഹേർഡ് ഇറ്റ് റൈറ്റ് മിസ്റ്റർ പെരേര!!!

നന്ദിയുള്ളവരായിരിക്കാൻ പ്രത്യേകം ഒരു ദിവസം! 

ആരോട്?

എന്തിന്?

എങ്ങനെ?

അങ്ങനെ ചോദിച്ചാൽ കുറച്ച് ഫ്ളാഷ് ബാക്കിലോട്ട് പോകേണ്ടിവരും.

1578-ൽ കാനഡയിലെത്തിയ Martin Frobisher എന്ന ഇംഗ്ലീഷ് പര്യവേക്ഷകൻ തന്റെ യാത്ര സുരക്ഷിതമായി പൂർത്തിയാക്കിയതിന് ദൈവത്തോട് നന്ദി പറഞ്ഞ് ഒരു ചടങ്ങ് നടത്തിയതായി പൊതുവെ പറയപ്പെടുന്നു.

പിന്നീട് വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും നന്ദിപ്രകടനങ്ങളും വളർന്ന് ഈ പരുവത്തിൽ എത്തിയെന്നാണ് ചരിത്രം.

ഡബ്ലു ഡബ്ലു എഫിലെ മലർത്തിയടിവീരൻ തടിയനെപ്പോലെ നല്ല മസിലുള്ള ടർക്കി കോഴിയെ നിർത്തിപ്പൊരിച്ചത്...... ഈ ആഘോഷങ്ങളിൽ സായിപ്പിന്റെ ഫേവറൈറ്റ് ആണ്! 

കൂടെ മാഷ്ഡ് പൊട്ടാറ്റോയും, രക്തവർണ്ണത്തിലുള്ള.... ലേശം പുളിയുള്ള ക്രാൻബെറി സോസും...

മൊത്തത്തിലുള്ള ഈ പെർമ്യൂട്ടേഷൻസ് ആൻഡ് കോമ്പിനേഷൻസ്.... സാധാ മലയാളി നാവിന്റെ രസമുകുളങ്ങൾക്ക് എത്രത്തോളം താല്പര്യപ്പെടുമെന്ന് അറിയില്ലെങ്കിലും..... 

ഈ ആഘോഷത്തിന് അതിമനോഹരമായി മാറ്റുകൂട്ടുന്ന ഒന്നുണ്ട്.

നന്ദി പറയുക. ❤️

എല്ലാം നമ്മൾ ആഗ്രഹിച്ചതുപോലെ നടന്നതുകൊണ്ടല്ല. ജീവിതത്തിൽ എല്ലാം തികഞ്ഞതുകൊണ്ടുമല്ല.

കിട്ടിയ കാര്യങ്ങൾക്കും കിട്ടാഞ്ഞവയ്ക്കും.....

കൂടെയുള്ളവരുടെ കൂട്ടിനും, അകന്നുപോയവർ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കും....

നടന്ന സ്വപ്നങ്ങൾക്കും, നടക്കാതെ ബാക്കിയായവയ്ക്കും...


അതായത് രമണാ.....

പറഞ്ഞു വന്നത് ന്താച്ചാൽ......


മനസ്സിൽ കൂടെയുള്ള സ്നേഹങ്ങളോട് അവർ നമുക്ക് എത്ര പ്രധാനപ്പെട്ടവരാണെന്ന് ഒരു നാണവുമില്ലാതെ പറയാൻ വൈകിക്കേണ്ട.

കാരണം ചില കാര്യങ്ങൾ പറയാനും... തിരുത്തേണ്ടത് തിരുത്താനും നമുക്കും അവർക്കും ഇനിയും ഒരുപാട് സമയമുണ്ടെന്ന് നമ്മൾ വെറുതെ കരുതും.

ആ ഉറപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയ തമാശകളിലൊന്ന്.

പഴയതിൽ നിന്ന് പഠിച്ച പാഠങ്ങളുമായി, നന്ദിയോടെ മുന്നോട്ട് നടക്കാനും പുതിയ തുടക്കങ്ങളെ വിനയത്തോടെ വരവേൽക്കാനും...

Move ahead with gratitude! 

Wishing you a happy and blessed Thanksgiving! 🍁❤️

2026 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ധൃത്തുങ്കപുളകിത



















സമയം ...ഏതാണ്ട് ഒരു ഉച്ച ..ഉച്ചര ഉച്ചേമുക്കാൽ ആയി കാണും......... 

വെള്ളിയാഴ്ച വർക്കിംഗ് ഫ്രം ഹോമിന്റെ...... ആലസ്യത്തിൽ.....

ഓൺലൈനിൽ പച്ച ലൈറ്റും കത്തിച്ച് ഉറക്കം തൂങ്ങിയിരുന്ന..... എൻറെ മുന്നിലേക്ക് ..
അതാ...... ആറ്റം ബോംബ് പോലെ ഒരു പൊതി.

"അമ്പടി....... കാശില്ല സേവ് സേവ് എന്നും പറഞ്ഞു...... എൻറെ സമാധാനം കെടുത്തുന്ന നീ..... കണ്ണിക്കണ്ട സാധനങ്ങൾ ഒക്കെ ഓർഡർ ചെയ്യുന്നതിന് മാത്രം ഒരു കുഴപ്പവുമില്ല........"

"നിന്നെ ഇന്നു ഞാൻ...."

ഹോർമൂസ് കടലിടുക്കിൽ സ്വസ്ഥമായി നങ്കൂരമിട്ടു കിടക്കുന്ന യു.എസ് യുദ്ധകപ്പൽ ലക്ഷ്യം വെച്ച് വന്ന ഇറാനിയൻ ഡ്രോൺ പോലെ

സുഖസുഷുപ്തിയിൽ ആയിരുന്ന ഈ എൻറെ......

നടുമ്പുറം നോക്കി , പാഞ്ഞു വന്ന ബ്രൗൺപേപ്പറിൽ വൃത്തിയായി പൊതിഞ്ഞ ആമസോൺ പാഴ്സൽ.....

ഒന്നേ ഒന്നര..... ഇഞ്ചിന്റെ വ്യത്യാസത്തിൽ...... മെഡുല ഒബ്ലാങ്കട്ട യിൽ ..... കൊള്ളാതെ റൈറ്റ് വളഞ്ഞ്  , 

കിടക്കയിലേക്ക് മൂക്കും കുത്തി വീണതും അവിടേതോ അജ്ഞാത സങ്കേതത്തിലേക്കത് അപ്രത്യക്ഷമായതും.... കടുകുമണിയുടെ വ്യത്യാസത്തിൽ ആയിരുന്നു.

അത്യന്തം അപ്രതീക്ഷിതവും പൈശാചികവുമായ  കടലാക്രമണത്തിൽ ഈയുള്ളവൾ തരിച്ചിക്കവേ.......

ഒരു മൂന്നു ജോഡി കണ്ണുകൾ 👀
 
അമ്മയും , അപ്പനും , അമ്മായീടെ മോളും ഒഴികെ ബാക്കി എല്ലാം കണ്ടെടുക്കാവുന്ന .... കട്ടിലിലും കിടക്കയിലും....

ഒരഞ്ചാറ് ചോദ്യ... ആശ്ചര്യ... ചിഹ്നങ്ങൾ .. കുത്തും കോമയും മേമ്പൊടി ഇട്ട്...അന്ത പാർസലിനെ .....അന്വേഷിച്ച് കൊണ്ടിരുന്നു.

പുവർ പീപ്പിൾസ്.....😅😅

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട്, പാലത്തിൽ നിന്നും , വെള്ളത്തിൽ വീഴുന്ന നിഷ്കളങ്കരായ വാഹനങ്ങളെ .... രക്ഷിക്കുന്ന സ്ഥലം ദുരിതാശ്വാസ നായകനായ  തച്ചറായിൽ ഏജൻസീസിനെ മനസ്സിൽ പ്രണമിച്ചു  ഹേബിയസ് കോർപ്പസ് ...ഫയൽ ചെയ്തു നടത്തിയ മിസ്സിങ് ബോഡി എക്സ്പ്ളോറേഷൻ ആക്ററിവിറ്റീസിനൊടുക്കം .........

 ഐറ്റം വീണ്ടെടുത്തു...

ടി പാഴ്സലിനു പുറമേ , മൂന്ന് ഹെയർക്ളിപ്പ്, ഒരു ലേയ്സ് പാക്കറ്റ്, ഒപ്പിടാൻ വെച്ചിരുന്ന ചെക്ക് ലീഫ്  വിത്ത് പേന ഒന്ന് 

" നീയെടുത്തു ഞാനെടുത്തില്ല ....." എന്നും പറഞ്ഞു മൂന്നാം ലോക മഹായുദ്ധത്തിന്റ അടുത്ത് വരെയെത്തി..... ഡ്യൂപ്ലിക്കേറ്റ് വാങ്ങി സമരിയായി.... സമാധാന ത്തിന്റ വെളളക്കൊടി പാറിച്ച........TV യുടെ ഒന്നാം റിമോട്ട് 🙏.....

അങ്ങനെ നമ്മുടെ പാവം മരംവെട്ടുകാരന് ..... കളഞ്ഞു പോയ മഴുവിനു പകരം ബ്രാൻറ് ന്യൂ.... സ്വർണ്ണം വെള്ളി, ബ്രോൺസ്.... എന്നിങ്ങനെ ഹെവി വേർഷൻസ് കൊടുത്തു ഞെട്ടിച്ച പണ്ടത്തെ വനദേവത പോലെ 

........ആകെ  മൊത്തം  ടോട്ടൽ ഒരു വിൻവിൻ സിറ്റുവേഷൻ....😬

അന്ന പിന്നെ തുറന്നിട്ട് തന്നെ ബാക്കി കാര്യം.....
മനസ്സിൽ വിചാരിച്ചില്ല.... ബ്രൗൺപേപ്പർ കവർ ..
പീസ് പീസ് ആയി കാറ്റിൽ പറന്നു കഴിഞ്ഞിരുന്നു 

സ്പെഷ്യലി ഫോർ യു ..... എന്ന തലക്കെട്ടോടുകൂടിയ ....ഒരു ഇളം നീല പാക്കറ്റാണ്  ....

🩵🩵🩵🩵🩵🩵🩵🩵

പാക്കറ്റ് തുറന്നപ്പോഴേ...  ലാവണ്ടറിന്റെയും..... മസ്കിന്റേയും.... വിലയേറിയ സുഗന്ധം അവിടമാകെ ..... പരന്നു.............

അമ്മേ......ഹു ഈസ് ദിസ്....? സച്ച് ക്യൂട്ട് ഗുഡ്ഡീസ്...... 

നിലവിൽ കസ്റ്റഡിയിലുള്ള ഇളയ രണ്ടു ടീനേജ്കുമാരികൾ......കണ്ണിൽ  തിളങ്ങുന്ന അത്ഭുത നക്ഷത്രങ്ങളൊളിപ്പിച്ച്

ബാക്കിയായ ബ്രൗൺ പായ്കിങ് ടേപ്പും കീറി വേയ്സ്റ്റ് ബിന്നിലിടവേ,കനേഡിയൻ അംഗ്രേസിയിലുളള ആക്സൻറിട്ടു..... 

ഡയലോഗ് ഡെലിവറിക്ക് ഒപ്പം അവനവനു ആവശ്യമുള്ളത്...... അപ്പോഴേക്കും എടുത്തും കഴിഞ്ഞു....

അരോമാററിക്ക് കാൻഡിൽ മുതൽ .....
ബോഡിപോളീഷിങ് സീസാൾട്ട്, ഹാൻഡ് ക്രാഫ്റ്റഡ് സോപ്പ്....,എസ്സെൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ട്  ബോഡിബട്ടർ ...എന്നു വേണ്ട ... 

ഇൻസുലേററഡ് കോഫി മഗ്ഗ്....വരെ.... അതിലുണ്ട് 

കൂടെ ഒരു ഹാൻഡ് ക്രാഫ്റ്റഡ് കാർഡും കൈയിലിടാൻ നീല മുത്തുകൾ ക്കിടയിൽ വെള്ളി ഹൃദയം കോർത്ത ബ്രേസ്‌ലെറ്റും ....

മൊത്തം ഇളം നീലമയം.....

എല്ലാറ്റിനും പുറമേ
"Some times you forget that You are Awsome.. So this is your reminder 🩵 " 

എന്ന പേഴ്സനലൈസ്ഡ് മെസേജും

ശ്ശോ  എന്റ സാറേ...

നീല കളറിലുളള ഫ്രോസൺ സിനിമ യിലെ എൽസമ്മയുടെ അവസ്ഥയായി...... എനിക്ക്

ഒരു സെക്കൻ്റിൽ.... ഞാൻ പഴേ ... പ്രീഡിഗ്രി.. ആർച്ചീസ് കാർഡ് കൗമാരക്കാരിയായ പോലെ...

എന്നാലും ആരാണ്.....
ഏതാണീ ആരാധകൻ...🤔🤔

"ഓ യൂ ലുക്ക് ഏസ് ഫ്രഷ് ഏസ് എ കുക്കുബർ.. " എന്ന് രണ്ട് ബസ്സും മാറി കയറി മുഷിഞ്ഞു വശം കെട്ടു... വീട്ടിലേക്ക് നടക്കുമ്പോൾ... രായ്ക്കു രാമാനം ആശംസിക്കുന്ന.... ചിരിക്കുമ്പോൾ തുടുക്കുന്ന കവിളുളള  റഷ്യക്കാരൻ അലക്സി.?

ഓ രേഷമീ ...യു മേയ്ഡ് മൈ ഡേ......എന്നു ഒരു കാര്യവും ഇല്ലാതെ പതപ്പിക്കുന്ന നൈജീരിയക്കാരൻ ചിഡേര .?

അതോ കണ്ണിറുക്കി ചിരിച്ചു മയക്കുന്ന ഡഗ് ...?

ആരാണാവോ ഈ പാഴ്സലിന്റ ഫ്രം അഡ്രസ്സ് 

ദ പോൾബാർബർ......?

എന്റ കണ്ണിനു മുന്നിൽ ഒരു പത്തു പതിനാറു വയസ്സ് മുതൽ..... എനിക്ക് പരിചയമുള്ള ...... നാടനും ഫോറിനും അൽസേഷ്യനും ഗോൾഡൻ  റിട്രീവർ അടക്കം...... ചങ്കുകളായ എല്ലാ അവളുമാരുടെയും അവന്മാരുടെയും മുഖങ്ങൾ സിനിമാസ്കോപ്പ് റീലു പോലെ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു.....

"ടീ ആ ഹൗസ് ഓണർ ചെറ്റ സായിപ്പ് പീറ്റർ ആവും .......അയ്യാക്ക് അല്ലെങ്കിലും അന്നോട് ഒരിതുണ്ട്..........."

അതു  വരെ കൂലങ്കഷമായ ചിന്തയിലായിരുന്ന ഫിലിപ്പിൻ്റെ ആത്മഗതം ലേശം ഉച്ചത്തിലായി...😅

മെച്യൂരിറ്റിയുടെ ഉത്തുംഗ ശൃംഗനായ ..
സാൾട്ട് ആൻ്റ് പെപ്പർ ..നല്ല പകുതിയുടെ 

ഇടക്കിങ്ങനെ അപൂർവം മിന്നി മറയുന്ന പരിഭവ കാമുകഭാവം......അതിനുണ്ട് നറുതേൻത്തുളളിയേക്കാൾ മധുരം ❤️❤️

ഉവ്വാ.....പീറ്ററപ്പൻ..... സ്നേകം മൂത്ത് .... വാടക 500 ഡോളർ കൂട്ടിയേ യുള്ളൂ കഴിഞ്ഞമാസം.......

അല്ലെങ്കിലും ആർക്കുവേണം ... ആ ഓന്ത് മോറനെ.....
🤬🤬🤬🤬🤬🤬🤬🤬

ടീനേജുകാരികൾടെ... കസ്റ്റഡിയിലുള്ള ഐറ്റംസ്..തട്ടിപ്പറിച്ചെടുക്കവേ  ഞാനോർത്തു..

ഏതായാലും ... കുറച്ചുസമയത്തേക്ക് എന്നെ. ഒരു കൗമാരക്കാരിയാക്കിയ

ഫ്രോസൺ സിനിമയിലെ നീല രാജകുമാരിയാക്കിയ....

സ്നേഹത്തിൻ്റെ ... കടലാഴങ്ങളിലേക്ക് സ്ക്കൂബാ ഡൈവിങ് നടത്തിച്ച.....

എൻറെ..... പേരറിയാത്ത.... നിനക്ക്  
ഒത്തിരി ഒത്തിരി സ്നേഹം...

യെന്നാലും ആരായിരിക്കും അത്? 

ടോം ക്രൂസ് 🤔

മിനിമം....  അർജുൻ രാംപാലോ..... മിലിന്ദ്  സോമനോ ആവാനേ തരമുള്ളൂ ....

എനിക്കുറപ്പാ!!

2026 ജൂൺ 1, തിങ്കളാഴ്‌ച

കാലാതീതം

മുഴക്കങ്ങളില്ലാത്ത ചില ബന്ധങ്ങളുണ്ട്...

നിരന്തരം പരിപാലിക്കേണ്ടതില്ലാത്തവ.


കണക്ക് പുസ്തകങ്ങൾ സൂക്ഷിക്കാത്ത,

പരിഗണിക്കപ്പെടാൻ കെട്ടിയാടാത്ത,

ശ്രദ്ധ തേടി ശബ്ദമുയർത്താത്തവ.


നിശ്ശബ്ദതകളിൽ അലിഞ്ഞുപോകാത്ത,

ദൂരങ്ങളിൽ തളർന്നുവീഴാത്ത,

കാലത്തിന്റെ മാറാലകൾ

തരി പോലും തീണ്ടാത്തവ...


പിണക്കങ്ങൾക്കും,

ഞാനെന്ന ഭാവത്തിന്റ 

ശുഷ്കിച്ച ഇടനാഴികൾക്കും

ഉയരമുളള മതിലുകൾക്കും

ഒരുപാട് മേലെ പറക്കുന്നവ.


വാക്കുകളിൽ പിറന്നു..

വാക്കുകളിൽ ജീവിച്ചു.. 

വാക്കുകളിൽ മരിക്കാതെ;


 കണ്ണിൽ കാണാനാകാത്ത

ഹൃദയാഴങ്ങളിൽ നീന്തിത്തുടിക്കുന്നവ...

2026 ഫെബ്രുവരി 8, ഞായറാഴ്‌ച

സൗഹൃദ വഴികൾ

സൗഹൃദങ്ങൾ പലവിധം…

പറയാതെ....

മനസ്സറിഞ്ഞവ,


ഒന്നിനും… ആർക്കും…

തെറ്റിദ്ധാരണകൾക്ക് പോലും

നൂലിഴയിടമില്ലാതെ

ചേർത്ത് നിർത്തിയവ…


വിശദീകരിച്ച്

ക്ഷീണിച്ചു പോയവ,


വിശദീകരിക്കാൻ

ഒരു അവസരവും നീട്ടാതെ

മറഞ്ഞുപോയവ…


മിണ്ടി… മിണ്ടി…

ഒടുവിൽ

മിണ്ടാതെയായവ…


മിണ്ടാതെയും...

ഉളളിലെവിടെയോയിരുന്ന് 

ഇനിയും മിണ്ടുന്നവ.. 


കടലിരുമ്പിയപ്പോഴോ,

കണ്ണിൽ കുത്തുന്ന

കനത്ത ഇരുട്ട് ചുറ്റും പരന്ന് 

തപ്പിതടഞ്ഞപ്പോഴോ,

കൈവിടീച്ച്  എങ്ങോ

അപ്രത്യക്ഷമായവ…


മുറിയിൽ വെച്ച

കടലാസ്സു പൂക്കൾ പോലെ,

ജീവനില്ലാത്തവ.....


തുലാപെയ്ത്ത് പോലെ.

നിലം തൊടും മുമ്പേ

ഒഴുകിപ്പോയവ...


കലമ്പുന്ന ഓട്ടപ്പാത്രങ്ങൾ പോലെ 

കാമ്പും കഴമ്പുമില്ലാത്ത

ശബ്ദം മാത്രം ശേഷിച്ചവ.....


അങ്ങനെയങ്ങനെ.....


ചിലത്  പാഠങ്ങൾ,

ചിലത്  വേദനകൾ,

മറ്റു ചിലത് 

ഹൃദയത്തോളം ചേർത്തുവെച്ച

നിധികൾ…


പലതരം,

പല രീതിയിൽ,

പല വഴികൾ താണ്ടി

നമ്മെ..... നാമാക്കിയവ..



2026 ജനുവരി 21, ബുധനാഴ്‌ച

തുമ്മിയാൽ തെറിക്കുന്ന ബന്ധങ്ങൾ !!

ഓൺലൈൻ സൗഹൃദങ്ങളുടെയും പണ്ടത്തെ സ്കൂൾ കോളേജ് ലൈബ്രറി ട്യൂഷൻ ക്ലാസ് എന്നുവേണ്ട ഒരേ ബസ്റ്റോപ്പിലുളള ആളുകളെ വരെ നിറച്ചുള്ള സൗഹൃദ കൂട്ടായ്മകളുടെയും ഇക്കാലത്ത്...... 

സൗഹൃദങ്ങൾക്കു വരെ  നമ്മളറിയാത്ത  കോംപ്ലിക്കേഷനും...... കൂട്ടുകാരിയുടെ തോളിൽ കയ്യിട്ട് നടന്നാൽ വരെ.... തെറ്റിദ്ധാരണക്കുള്ള സബ്സ്ക്രിപ്ഷനും ജിഎസ്ടിയും അടിച്ചു തരുന്ന മാലോകരും..

ഏറ്റവും തമാശ ... ഒരു നാല് പേര് ഒരുമിച്ച് നിന്ന് പറഞ്ഞാൽ...പിഞ്ചി പോകാവുന്ന പട്ടുനൂലിനേക്കാളും നേർത്തതും ബലം കുറഞ്ഞതുമായ   പരസ്പര വിശ്വാസത്തിൻറെ നൂലിഴകളിൽ കോരുത്തതാണ് ....... ഒരു കാലത്ത് നമ്മൾ ആഘോഷിച്ചിരുന്ന...... ഊറ്റം കൊണ്ടിരുന്ന ....നെഞ്ചോട് ചേർത്തിരുന്ന പല ബന്ധങ്ങളും..... എന്നുള്ള തിരിച്ചറിവാണ്.

ഒരിത്തിരി കൺവിക്ഷനോടെ.... ഏതെങ്കിലും ഒരു കൂറ ....  അസൂയാകുക്ഷി ....... വിചാരിച്ചാൽ സിമ്പിൾ ആയി കുളം തോണ്ടാവുന്ന ....ഒരു ഐറ്റം...

ഒന്ന് തുമ്മിയാൽ ....

ചോദ്യവുമില്ല പറച്ചിലുമില്ല....

അപ്പ തെറിക്കും ... അന്ത മൂക്ക് ചാമി..

എന്നാ കൊടുമൈ 😃

ചെറുപ്പകാലത്ത്... എന്ന് പറഞ്ഞാൽ ഓർമ്മ വച്ച കാലം മുതൽ..... സകലവിധ വള്ളിക്കെട്ടും... തലയിൽ വലിച്ചുകയറ്റുന്ന...... ഒരു പ്രത്യേക.... തരം അസുഖം ഉള്ളതുകൊണ്ടും ..... 

ചുറ്റും കിടക്കുന്ന ഒരു നാലഞ്ചു പഞ്ചായത്തിലെ..... എല്ലാ പ്രശ്നങ്ങളും തീർക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന..... അതിഭീകര സർവീസ് മെൻറാഡിറ്റി... യുടെ അതിപ്രസരം കൊണ്ടും ........ 

എവിടെ ചെന്നാലും....... ആ പ്രദേശത്തെ ഹിറ്റ്ലിസ്റ്റിൽ..... എന്നും പേര് രേഖപ്പെടുത്തുന്ന ആളായിരുന്നു ഞാൻ.

അതായത് രമണാ......

വേലിക്കപ്പുറത്തെ മോളി അമ്മച്ചിയുടെ..... ലൂബിക്ക..... ഏതോ... കുറിയ സംഘം.... അടിച്ചുമാറ്റിയാൽ വരെ.... സംശയത്തിന്റെ മുൾമുന.... ഇങ്ങ് ....എന്റ തലയിൽ ഡെമോക്ളസിന്റെ വാളുപോലെ തൂങ്ങും എന്ന് സാരം..

അതിനു മോളി അമ്മച്ചിയെ കുറ്റം പറയാൻ പറ്റില്ല....... ഈ പറഞ്ഞ.... കുറിയ സംഘം പ്രതികളുടെ.... എല്ലാവരുടെ കൂടെയും ഒറ്റയ്ക്കും കൂട്ടായും .... തോളിൽ കയ്യിട്ടും ..... കിളിമാസ് കളിച്ചും...... നോം ..... എല്ലായിടത്തും ഉണ്ടല്ലോ.....

അപ്പോൾ..... ഈ പറഞ്ഞ ലൂബിക്ക കേസിൽ ഞാനില്ല എന്ന് പറഞ്ഞാൽ തെളിവ് ചോദിക്കും........ സ്വാഭാവികം...

നിരപരാധി ആകാനും തെളിവ് വേണം ഇന്നാട്ടിൽ 😂😂😂

വളർന്നു വന്നപ്പോഴും... കുറച്ചും കൂടി ആളുകളെ മനസ്സിലാക്കാൻ തുടങ്ങി എന്ന അഹന്ത കേറി എന്നതൊഴിച്ചാൽ.......

കൂട്ടുകാർ... അല്ലെങ്കിൽ... സ്നേഹം കാണിക്കുന്നവർ 

ഒരു വിഷമത്തിൽ പെട്ടാൽ ഒപ്പം കിണറ്റിൽ കൈയും പിടിച്ചു കൂടെ ചാടുന്ന സ്വഭാവം പിന്നെയും ബാക്കിയായി ....

കാണിക്കുന്ന സ്നേഹത്തിൽ ചാണകം കലക്കുന്ന ടൈപ്പ് പല പണികളും പലവുരു പലപല രൂപത്തിലും ഭാവത്തിലും ഇതിനൊക്കെ കിട്ടിയാലും.....

ജീവിതത്തിന്റ ഈ ഓഫ്‌ലൈൻ യാത്രയിലെ പല ബസ്റ്റോപ്പുകളിൽ നിന്നും..... 

എന്നെ, എന്നേക്കാൾ നന്നായി അറിയാവുന്ന..

കട്ടക്ക് കൂടെ നിന്നു കൈ കോർത്ത് പിടിക്കുന്ന.. കുറച്ചു സ്നേഹങ്ങളെ ജീവിതകാലം മുഴുവനും കൂടെ കൂട്ടാൻ കിട്ടി എന്ന അഹങ്കാരം മൂത്തോണ്ടാവും............

ഈയൊരു സ്വഭാവം ... കൊണ്ടുനടക്കുന്നതിൽ...... എനിക്ക് ഇന്നേവരെ... അഭിമാനമല്ലാതെ. മറിച്ച് തോന്നിയിട്ടേയില്ല

പമ്പരവിഡ്ഢി എന്ന് മുദ്ര കുത്തപ്പെടാമെങ്കിലും....

കരുണയിൽ ജീവിക്കുന്നത് ഒട്ടും ഔട്ട് ഓഫ് ഫാഷൻ അല്ലടേ