2026 ജൂൺ 1, തിങ്കളാഴ്‌ച

കാലാതീതം

മുഴക്കങ്ങളില്ലാത്ത ചില ബന്ധങ്ങളുണ്ട്...

നിരന്തരം പരിപാലിക്കേണ്ടതില്ലാത്തവ.


കണക്ക് പുസ്തകങ്ങൾ സൂക്ഷിക്കാത്ത,

പരിഗണിക്കപ്പെടാൻ കെട്ടിയാടാത്ത,

ശ്രദ്ധ തേടി ശബ്ദമുയർത്താത്തവ.


നിശ്ശബ്ദതകളിൽ അലിഞ്ഞുപോകാത്ത,

ദൂരങ്ങളിൽ തളർന്നുവീഴാത്ത,

കാലത്തിന്റെ മാറാലകൾ

തരി പോലും തീണ്ടാത്തവ...


പിണക്കങ്ങൾക്കും,

ഞാനെന്ന ഭാവത്തിന്റ 

ശുഷ്കിച്ച ഇടനാഴികൾക്കും

ഉയരമുളള മതിലുകൾക്കും

ഒരുപാട് മേലെ പറക്കുന്നവ.


വാക്കുകളിൽ പിറന്നു..

വാക്കുകളിൽ ജീവിച്ചു.. 

വാക്കുകളിൽ മരിക്കാതെ;


 കണ്ണിൽ കാണാനാകാത്ത

ഹൃദയാഴങ്ങളിൽ നീന്തിത്തുടിക്കുന്നവ...

2026 ഫെബ്രുവരി 8, ഞായറാഴ്‌ച

സൗഹൃദ വഴികൾ

സൗഹൃദങ്ങൾ പലവിധം…

പറയാതെ....

മനസ്സറിഞ്ഞവ,


ഒന്നിനും… ആർക്കും…

തെറ്റിദ്ധാരണകൾക്ക് പോലും

നൂലിഴയിടമില്ലാതെ

ചേർത്ത് നിർത്തിയവ…


വിശദീകരിച്ച്

ക്ഷീണിച്ചു പോയവ,


വിശദീകരിക്കാൻ

ഒരു അവസരവും നീട്ടാതെ

മറഞ്ഞുപോയവ…


മിണ്ടി… മിണ്ടി…

ഒടുവിൽ

മിണ്ടാതെയായവ…


മിണ്ടാതെയും...

ഉളളിലെവിടെയോയിരുന്ന് 

ഇനിയും മിണ്ടുന്നവ.. 


കടലിരുമ്പിയപ്പോഴോ,

കണ്ണിൽ കുത്തുന്ന

കനത്ത ഇരുട്ട് ചുറ്റും പരന്ന് 

തപ്പിതടഞ്ഞപ്പോഴോ,

കൈവിടീച്ച്  എങ്ങോ

അപ്രത്യക്ഷമായവ…


മുറിയിൽ വെച്ച

കടലാസ്സു പൂക്കൾ പോലെ,

ജീവനില്ലാത്തവ.....


തുലാപെയ്ത്ത് പോലെ.

നിലം തൊടും മുമ്പേ

ഒഴുകിപ്പോയവ...


കലമ്പുന്ന ഓട്ടപ്പാത്രങ്ങൾ പോലെ 

കാമ്പും കഴമ്പുമില്ലാത്ത

ശബ്ദം മാത്രം ശേഷിച്ചവ.....


അങ്ങനെയങ്ങനെ.....


ചിലത്  പാഠങ്ങൾ,

ചിലത്  വേദനകൾ,

മറ്റു ചിലത് 

ഹൃദയത്തോളം ചേർത്തുവെച്ച

നിധികൾ…


പലതരം,

പല രീതിയിൽ,

പല വഴികൾ താണ്ടി

നമ്മെ..... നാമാക്കിയവ..



2026 ജനുവരി 21, ബുധനാഴ്‌ച

തുമ്മിയാൽ തെറിക്കുന്ന ബന്ധങ്ങൾ !!

ഓൺലൈൻ സൗഹൃദങ്ങളുടെയും പണ്ടത്തെ സ്കൂൾ കോളേജ് ലൈബ്രറി ട്യൂഷൻ ക്ലാസ് എന്നുവേണ്ട ഒരേ ബസ്റ്റോപ്പിലുളള ആളുകളെ വരെ നിറച്ചുള്ള സൗഹൃദ കൂട്ടായ്മകളുടെയും ഇക്കാലത്ത്...... 

സൗഹൃദങ്ങൾക്കു വരെ  നമ്മളറിയാത്ത  കോംപ്ലിക്കേഷനും...... കൂട്ടുകാരിയുടെ തോളിൽ കയ്യിട്ട് നടന്നാൽ വരെ.... തെറ്റിദ്ധാരണക്കുള്ള സബ്സ്ക്രിപ്ഷനും ജിഎസ്ടിയും അടിച്ചു തരുന്ന മാലോകരും..

ഏറ്റവും തമാശ ... ഒരു നാല് പേര് ഒരുമിച്ച് നിന്ന് പറഞ്ഞാൽ...പിഞ്ചി പോകാവുന്ന പട്ടുനൂലിനേക്കാളും നേർത്തതും ബലം കുറഞ്ഞതുമായ   പരസ്പര വിശ്വാസത്തിൻറെ നൂലിഴകളിൽ കോരുത്തതാണ് ....... ഒരു കാലത്ത് നമ്മൾ ആഘോഷിച്ചിരുന്ന...... ഊറ്റം കൊണ്ടിരുന്ന ....നെഞ്ചോട് ചേർത്തിരുന്ന പല ബന്ധങ്ങളും..... എന്നുള്ള തിരിച്ചറിവാണ്.

ഒരിത്തിരി കൺവിക്ഷനോടെ.... ഏതെങ്കിലും ഒരു കൂറ ....  അസൂയാകുക്ഷി ....... വിചാരിച്ചാൽ സിമ്പിൾ ആയി കുളം തോണ്ടാവുന്ന ....ഒരു ഐറ്റം...

ഒന്ന് തുമ്മിയാൽ ....

ചോദ്യവുമില്ല പറച്ചിലുമില്ല....

അപ്പ തെറിക്കും ... അന്ത മൂക്ക് ചാമി..

എന്നാ കൊടുമൈ 😃

ചെറുപ്പകാലത്ത്... എന്ന് പറഞ്ഞാൽ ഓർമ്മ വച്ച കാലം മുതൽ..... സകലവിധ വള്ളിക്കെട്ടും... തലയിൽ വലിച്ചുകയറ്റുന്ന...... ഒരു പ്രത്യേക.... തരം അസുഖം ഉള്ളതുകൊണ്ടും ..... 

ചുറ്റും കിടക്കുന്ന ഒരു നാലഞ്ചു പഞ്ചായത്തിലെ..... എല്ലാ പ്രശ്നങ്ങളും തീർക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന..... അതിഭീകര സർവീസ് മെൻറാഡിറ്റി... യുടെ അതിപ്രസരം കൊണ്ടും ........ 

എവിടെ ചെന്നാലും....... ആ പ്രദേശത്തെ ഹിറ്റ്ലിസ്റ്റിൽ..... എന്നും പേര് രേഖപ്പെടുത്തുന്ന ആളായിരുന്നു ഞാൻ.

അതായത് രമണാ......

വേലിക്കപ്പുറത്തെ മോളി അമ്മച്ചിയുടെ..... ലൂബിക്ക..... ഏതോ... കുറിയ സംഘം.... അടിച്ചുമാറ്റിയാൽ വരെ.... സംശയത്തിന്റെ മുൾമുന.... ഇങ്ങ് ....എന്റ തലയിൽ ഡെമോക്ളസിന്റെ വാളുപോലെ തൂങ്ങും എന്ന് സാരം..

അതിനു മോളി അമ്മച്ചിയെ കുറ്റം പറയാൻ പറ്റില്ല....... ഈ പറഞ്ഞ.... കുറിയ സംഘം പ്രതികളുടെ.... എല്ലാവരുടെ കൂടെയും ഒറ്റയ്ക്കും കൂട്ടായും .... തോളിൽ കയ്യിട്ടും ..... കിളിമാസ് കളിച്ചും...... നോം ..... എല്ലായിടത്തും ഉണ്ടല്ലോ.....

അപ്പോൾ..... ഈ പറഞ്ഞ ലൂബിക്ക കേസിൽ ഞാനില്ല എന്ന് പറഞ്ഞാൽ തെളിവ് ചോദിക്കും........ സ്വാഭാവികം...

നിരപരാധി ആകാനും തെളിവ് വേണം ഇന്നാട്ടിൽ 😂😂😂

വളർന്നു വന്നപ്പോഴും... കുറച്ചും കൂടി ആളുകളെ മനസ്സിലാക്കാൻ തുടങ്ങി എന്ന അഹന്ത കേറി എന്നതൊഴിച്ചാൽ.......

കൂട്ടുകാർ... അല്ലെങ്കിൽ... സ്നേഹം കാണിക്കുന്നവർ 

ഒരു വിഷമത്തിൽ പെട്ടാൽ ഒപ്പം കിണറ്റിൽ കൈയും പിടിച്ചു കൂടെ ചാടുന്ന സ്വഭാവം പിന്നെയും ബാക്കിയായി ....

കാണിക്കുന്ന സ്നേഹത്തിൽ ചാണകം കലക്കുന്ന ടൈപ്പ് പല പണികളും പലവുരു പലപല രൂപത്തിലും ഭാവത്തിലും ഇതിനൊക്കെ കിട്ടിയാലും.....

ജീവിതത്തിന്റ ഈ ഓഫ്‌ലൈൻ യാത്രയിലെ പല ബസ്റ്റോപ്പുകളിൽ നിന്നും..... 

എന്നെ, എന്നേക്കാൾ നന്നായി അറിയാവുന്ന..

കട്ടക്ക് കൂടെ നിന്നു കൈ കോർത്ത് പിടിക്കുന്ന.. കുറച്ചു സ്നേഹങ്ങളെ ജീവിതകാലം മുഴുവനും കൂടെ കൂട്ടാൻ കിട്ടി എന്ന അഹങ്കാരം മൂത്തോണ്ടാവും............

ഈയൊരു സ്വഭാവം ... കൊണ്ടുനടക്കുന്നതിൽ...... എനിക്ക് ഇന്നേവരെ... അഭിമാനമല്ലാതെ. മറിച്ച് തോന്നിയിട്ടേയില്ല

പമ്പരവിഡ്ഢി എന്ന് മുദ്ര കുത്തപ്പെടാമെങ്കിലും....

കരുണയിൽ ജീവിക്കുന്നത് ഒട്ടും ഔട്ട് ഓഫ് ഫാഷൻ അല്ലടേ


2025 മേയ് 9, വെള്ളിയാഴ്‌ച

Not All Are Ours

We often believe that the ones we love,

The ones we feel close to — are ours.

We believe the ones who open up to us,
The ones who choose us — are ours.

But no —

The one who stays when you fall,
Vouches for you when you’re hated,
Fights for you when you’re misunderstood — that’s the one.

The one who holds you without needing reasons,
Who stands by you, not swayed by whispers — that’s the one.

The one who shows you your flaws,
Yet embraces you fully — that’s the one.

The one who checks in often —
Even when you’re silent — that’s the one.

The rest?

Just passing shadows.

2024 ജൂലൈ 18, വ്യാഴാഴ്‌ച

ധ്രുവദീപ്തിയും തേടി

ഇംഗ്ലീഷ്ക്കാരന്റെ ലോക്കല്‍ ലാങ്വേജില്‍  Northern Lights  എന്നും  ശാസ്ത്രീയമായി Aurora Borealis  എന്നു കിറുകിറുന്നനെയും പേരുള്ള അതിസുന്ദരിയായ ധ്രുവദീപ്തിയും തേടിയുള്ള യാത്രയയിരുന്നു ഇന്നത്തേത്. 

അറോറാ നോട്ടിഫിക്കേഷന്‍  വാങ്കൂവറില്‍ വന്ന ആ സെക്കന്റ് മുതല്‍ക്ക് "വാ പോവ" ," വാ പോവ"  ന്ന് .. വാ പൂട്ടാണ്ട്  വായ്പ്പാട്ട് പാടി  ചെവിതല കേള്‍പ്പിക്കാത്ത  നല്ല പകുതിയെ...

കല്യാണം കഴിഞ്ഞയിടക്ക് കേരളത്തിലെ ഏതോ ഒരു കുഗ്രാമത്തിലിരുന്ന് പ്രണയലോലനായി ടിവളുടെ ബക്കറ്റ് ലിസ്റ്റില്‍ ഒന്നാമതായിരുന്ന ഈ അറകുറയെ .. "യെടി ..അന്നമ്മോ അനെ  അങ്ങ് ഫിന്‍ലാന്റില്‍ കൊണ്ടോയി ഞാന്‍ ഇദ് കാണിച്ചേരും " ന്ന് വാക്ക് തന്ന അന്ന് മുതല്‍  അന്ത നീല ബക്കറ്റും അതിലെ ലിസ്റ്റും തലയിലായ ഒരു ഹതഭാഗ്യന്‍  , എങ്ങനെ തടുക്കാനാണ് ...

നീതികേടാവില്ലേ അത്. ......

ധ്രുവദീപ്തി... ഭൂമിയുടെ കാന്തിക  ധ്രുവങ്ങളില്‍ നിന്ന് പതിനെട്ട് ഡിഗ്രി മുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി വരെയുള്ള ഉപര്യാന്തരീക്ഷ മേഖലകളില്‍ രാത്രിയിലെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരം.വീശിയടിക്കുന്ന സൗരക്കാറ്റില്‍ നിന്ന് ചാര്‍ജ്ജുള്‍ക്കൊണ്ട് ഭൂമിയുടെ കാന്തികവലയത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതകതന്മാത്രകളായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത് എന്നാണ്  ശാസ്ത്രം.

ആയിരം മഴവില്ലിന്റെ വർണ്ണങ്ങളെല്ലാം വാരിവിതറിയ ചിറകുകൾ വിരിച്ച് മാലാഖമാരുടെ ആകാശ നൃത്തം.. ചക്രവാളം ഒരു ക്യാൻവാസിലെന്ന പോലേ മാറിയും മറിഞ്ഞും വരുന്ന പച്ചയും പിങ്കും വയലറ്റും ചായങ്ങളിൽ, ചടുലതാളങ്ങളില്‍  കോറിയിടുന്ന മഴവിൽ ചിത്രങ്ങൾ......

 മാദകനൃത്തമാടുന്ന മദാലസയായി ധ്രുവദീപ്തി......

ഇരുട്ട് നിറഞ്ഞ വഴിയിൽ ഓരം ചേർന്ന് നടപ്പ് തുടങ്ങിയിട്ട് നേരം കുറച്ചേറെയായി. നേരിയ തണുപ്പുള്ള നനുത്ത കാറ്റ് മുടിയഴകളെ തലോടി കടന്നു പോകുന്നുണ്ട് ...ഏതൊക്കെയോ പേരറിയ രാത്രിപ്പൂക്കളുടെ മാദക ഗന്ധം മൂക്കിലടിച്ചു കയറുന്നു ....

ഇനി വല്ല വെള്ളക്കാരി യക്ഷിയോ മറ്റോ വരാവോ..? 

ചുറ്റും നടക്കുന്ന ഒന്നിലും ലവലേശം ശ്രദ്ധയില്ലാതെ ആകാശത്തിലെ നക്ഷത്രങ്ങളും നോക്കി ദിവാസ്വപ്നം കണ്ട് നടന്ന എന്നോട്... 

"ആരൂല്യെങ്കിൽ നമ്മൾ തിരിച്ചുപോരും ട്ടാ.. " 

എന്നൊക്കെ പിറുപിറുത്ത്  ഇത്തിരി മുഴുത്തതാണെങ്കിലും  കസ്റ്റഡിയിലുള്ള ഒരേയൊരു ഐശ്വര്യ റായീയെ ഏതെങ്കിലും കരിങ്കൂറ കശ്മലന്മാർ തട്ടിക്കൊണ്ടുപോകോന്നു പേടിയുണ്ടെങ്കിലും ..... കൊടുത്ത വാക്കിന്റെ  അന്തസ്സ് കാക്കാന്‍   പെടാപ്പാട് പെടുന്ന എൻറെ ഫര്‍ത്താവ്. 

നേരം പാതിര കഴിഞ്ഞെന്നു തോന്നുന്നു കാൽമുട്ട് ചെറിയതോതിൽ പണി തന്നു തുടങ്ങിയിട്ടുണ്ട് ...മിണ്ടാണ്ട് നടക്കുന്നതാണ് ബുദ്ധി . 

അല്ലെങ്കിൽ അടുത്ത സ്റ്റെപ്പില്‍  യൂ ടേണ്‍ എടുത്ത് തിരിഞ്ഞു നടക്കും.. കൂടെയുള്ളവൻ .  

കട്ടക്കലിപ്പിലാണ്.

അങ്ങനെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ് നടന്നും കിതച്ചും നടന്നും കിതച്ചും ഞങ്ങൾ അക്കേഡിയാ ബീച്ചിലേക്ക് നടന്നടുത്തു.

ചീറിപ്പാഞ്ഞ് വന്നിരുന്ന വാഹനങ്ങൾ ഒക്കെ നഴ്സറി കുട്ടികളെ പോലെ വരിവരിയായി പാർക്ക് ചെയ്തിരിക്കുന്ന പാർക്കിംഗ് ലോട്ടും കഴിഞ്ഞ് വളഞ്ഞ കൈവരികൾ ഉള്ള  ബേ ട്രെയിലിന്റെ പടിക്കെട്ടുകളും ഇറങ്ങി ഞങ്ങൾ കടപ്പുറത്തേക്ക് എത്തി.

കാല് പൂണ്ട് പോകുന്ന മണലും ചീറിയടിക്കുന്ന തിരമാലകളും പ്രതീക്ഷിച്ചത്തിയ ഞങ്ങൾക്ക് മുന്നിൽ ,

പച്ചപ്പുൽപരവതാനിയും ഉരുളൻ കല്ലുകളും നിറഞ്ഞ ഒരു കടപ്പുറവും 

അനുസരണയുള്ള ലാബ്രഡോർ നായ്ക്കുട്ടിയെ പോലെ കാല് പതുക്കെ വന്ന് മണപ്പിക്കുന്ന തിരകളും... കാഴ്ചവെച്ചുകൊണ്ട് ശാന്ത ഗംഭീരനായി നിന്നു പസഫിക് സമുദ്രം .

മണി പന്ത്രണ്ടര..........

കടപ്പുറത്ത് ഒരു പൂരത്തിനുള്ള തിരക്കുണ്ട് . കെട്ടും കിടക്കയും ടെന്റും ചാരുകസേരയും തുടങ്ങി ഒരു മാസത്തേക്ക് പൊറുതിക്കു വന്ന പോലെ ഒരുപാട് കുടുംബങ്ങൾ ..പാതിരാവായതൊന്നും ആരും അറിഞ്ഞില്ലന്ന് തോന്നുന്നു.

മുക്കാലൻ ട്രൈപോഡിലെ ക്യാമറ അങ്ങകലേ ഉൾക്കടലിന് അതിരു തീർത്ത റോക്കി പർവ്വതനിരകളിലേക്ക് മിഴിചിമ്മിച്ച് ഒരു പച്ച പാവാടക്കാരി ചൈനക്കാരി പെൺകുട്ടി അടുത്ത് നിന്ന് ഫോക്കസ് ചെയ്യുന്നുണ്ട് . അവൾക്ക് ഞാനിരിക്കുന്ന ചവിട്ടുപടിയിലാണ് നോട്ടം ..ഒന്നുകൂടി ഇരിക്കുന്ന സ്ഥലത്ത് അമർന്നിരുന്ന് ഞാൻ അവളെ നോക്കി ചിരിച്ചു.

 മണി ഒന്നരയായി ..

അങ്ങകലെ സെർച്ച് ലൈറ്റും തെളിയിച്ച് പുക തുപ്പി തുഴഞ്ഞു പോകുന്ന ചരക്ക് കപ്പലിന്റെ സൈറൺ ...പണ്ട് ദില്ലിയിലെ തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ ദൂരെ നിന്നും ആർത്ത് കരഞ്ഞിരുന്ന മയിലുകളെ ഓർമിപ്പിച്ചു..

വേലിയേറ്റ സമയമായി എന്ന് തോന്നുന്നു ...കടൽവെള്ളം ഇരച്ച് കയറുന്ന ശബ്ദം കേൾക്കാനുണ്ട് .

പച്ചപ്പാവാടക്കാരി ചൈനീസ് മോൾ എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ച് ട്രൈപ്പോഡും മടക്കി കൂട്ടുകാരൻറെ കൈയും പിടിച്ച് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്.

മണി മൂന്നായി ..

ചക്രവാളത്തിലെയതിരിലെവിടെയും ധ്രുവ ദീപ്തിയുടെ ഒരു മിനുക്കം പോലുമില്ല.. കടൽപ്പുറം കാലിയാവാൻ തുടങ്ങിയിരിക്കുന്നു ..അടുത്ത് തന്നെയുണ്ടായിരുന്ന ടെന്റുകാര്‍ കർട്ടനിട്ട് ഉറക്കം തുടങ്ങിയിട്ട്  നേരം  കുറച്ചേറെയായി 

അങ്ങനെ അങ്ങിങ്ങ് നങ്കൂരമിട്ട് കിടക്കുന്ന .. മൂന്നും നാലും നിലകളുള്ള ആഡംബര കപ്പലുകളിൽ മിന്നുന്ന വിളക്കുകളുടെ നക്ഷത്രചിമ്മലുകളെ പുറകിലാക്കി ...അടുത്ത അറകുറ യും സ്വപ്നം കണ്ടു ഞങ്ങളും മടങ്ങി . 

രേവതി കിലുക്കം സിനിമയിൽ പറഞ്ഞ പോലെ ജ്യോതിയും വന്നില്ല തീയും വന്നില്ല .....

എനിക്ക് ഫിന്‍ലാന്റ് തന്നെയാണ് യോഗം..





2024 ജൂലൈ 15, തിങ്കളാഴ്‌ച

മറവി

എന്തോ എവിടെയോ മറന്നു വെച്ച പോലൊരു തോന്നല്‍

ഏതോ പെരുമഴയത്ത്  ഓടിപ്പിടിച്ച് ബസ്സില്‍ കയറുമ്പോള്‍ ..വീട്ടിലെടുത്ത് വെച്ച മടക്കുകുട എടുക്കാന്‍ മറന്ന പോലെ...

ബാഗില്‍ തപ്പിയിട്ടും തപ്പിയിട്ടും കിട്ടാഞ്ഞ .. ..എഴുതിപൂര്‍ത്തിയാക്കിയെന്നുറപ്പുള്ള  ഗൃഹപാഠം പോലെ

പരീക്ഷക്ക് മനഃപാഠമാക്കിയ  രേഖാചിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍..പൊടുന്നനെ മനസ്സില്‍ നിന്നു മാഞ്ഞു പോയതുപോലെ ... 

...എന്തോ കാര്യമായി മറന്നിരിക്കുന്നു....

മഹാമാരിക്കു ശേഷം ..അല്ലെങ്കിലും സുനാമി വന്നടിച്ച തീരം പോലെയാണ് മനസ്സ്.

കൈവിരലുകള്‍ക്കിടയിലൂടൂര്‍ന്നിറങ്ങി പോയ മണല്‍ത്തരികള്‍ പോലെ ,കോടമഞ്ഞു  മൂടിയ ഓര്‍മ്മകളും മുഖങ്ങളും

തൂമ്പാ വെയ്ക്കുന്നിടത്ത്  തുണിയും , തുണി വെയ്ക്കുന്നിടത്ത് ആണിയും വെയ്ക്കുന്ന  

മുട്ടായി കളഞ്ഞ്  മുട്ടായിക്കടലാസ്സ് വായിലിടുന്ന ...തിരയടിച്ചുയരുന്ന മറവി...

എന്നാലും എന്താവോ മറന്നത് ???

കരിക്കിന്‍ വെള്ളം പോലെ പെയ്തിറങ്ങിയ നനയാന്‍ മറന്ന ജൂണ്‍മാസ മഴകളെയാണോ..?

വീണ്ടെടുക്കാനാവാത്ത മറവികള്‍ കൂട് കൂട്ടിയ മാറാലകളില്‍ പൊതിഞ്ഞ് ..അടുത്തുണ്ടായിട്ടും കൈപ്പിടിക്കാതെ വിട്ട സൗഹൃദങ്ങളേയോ…?

 ജീവിച്ചു തീര്‍ക്കാന്‍ അര്‍ദ്ധവിരാമമിട്ട് മാറ്റിവെച്ച  സ്വപ്നങ്ങളെയോ?

അതോ ഇനിയും ...എഴുതി പൂര്‍ത്തിയാക്കാതെ വിട്ട ... അടുക്കും ചിട്ടയുമില്ലാതെ .. ചിതറിത്തെറിച്ച് ഉരുണ്ട് നടക്കുന്ന  എന്റെ തൊന്ന്യക്ഷരക്കുഞ്ഞുങ്ങളെയാണോ?

ഇവിടത്തെ  സ്വര്‍ണ്ണനിറമുള്ള  വെയിലില്‍  കോടമഞ്ഞുരുകുന്നത് പോലെ ഉള്ളിലെ വേനല്‍ച്ചൂടിലീമറവിമഞ്ഞുമുരുകുമായിരിക്കും... 

നോക്കട്ടെ.... ഒന്നേന്നു  മുതല്‍  എല്ലാം തിരിച്ചുപിടിക്കണം.. 


2020 ഏപ്രിൽ 28, ചൊവ്വാഴ്ച

ഒരു ലോക്ക് ഡൌൺ മടി അഥവാ ഹെൽത്ത് ഈസ് വെൽത് !!!!

അതി രാവിലെ ഒരു ഒമ്പതു ഒമ്പതര മണിക്ക് എഴുന്നേറ്റു .
രാവിലെ പണിയൊന്നും ഇല്ലേലും വിവര സാങ്കേതിക കൂലി മാസ മാസം വക്കൊടിയാതെ വാങ്ങേണ്ടതുള്ളതു കൊണ്ട് ……
ആദ്യം തന്നെ ലാഗിന് പോർട്ടലിനു രണ്ടു തേങ്ങ അങ്ങോട്ട് ഉടച്ചു 
[ തള്ള് വിളി (sales pitching call ) ….സായിപ്പിന്റെ സമയത്തായതു പോർട്ടലിനു അറിയില്ലാലോ….. ( ചുമ്മാ ) ] 

ഇന്ന് പുട്ടു വേണോ അതോ ……. കൂലങ്കഷമായി തിരിച്ചും മറിച്ചും ഹരിച്ചും ഗുണിച്ചും നോക്കി.തേങ്ങാ ചിരകൽ അദ്ധ്വാനത്തിനു പുറമെ ...

പുട്ടുകുറ്റി ഒന്ന് ,കടലാക്രമണം വക കുക്കർ ചെറുത് ഒന്ന് , പിന്നെ അല്ലറ ചില്ലറ ടച്ചിങ്‌സ് പാത്രം പ്ലേറ്റ് സഹിതം.. മൊത്തം പാത്രം കഴുക്ക് ക്യാൻഡിഡേറ്റ്സ് സമം പതിനഞ്ച് ...

.പുട്ട് ഈസ് എ ക്യാലറി റിച്ച് ഫുഡ് ഡാ...!!!…

 വൈ ദിസ് കൊലവെറി …!!!

ബ്രഡ് തന്നെ കഴിച്ച് വീണ്ടും ഞാൻ മാതൃകയായി … ഹല്ലാ പിന്നെ …... !!!


#അവസരവാദം #വെർതേഒരുആശ്വാസത്തിന് #പാവംഞാൻ

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

Silence..

Now a days words have lost its charm...
Silence is in trend....
Intimidating...Dominating and Dark.
Smiles and soothing eye locks also to be faded.
Its time to get accustomed with ciphered Stares.......
Innocence has a stamp on its face engraved “the stupid ”. ..
Being Fake is in Buzz...
Strategic scheming or scheming for strategy...
Genuineness and Openness have long lost its grace
It’s time to confine the vision behind our eyeballs..

2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

മഴ മുഖങ്ങള്‍

കറുത്തിരുണ്ട ഒരു മഴദിവസമാണിന്ന്‌.

ഫ്ളാറ്റിനു മുമ്പിലെ റോഡിനും അതിരരുകിലെ പിങ്ക്‌ ബോഗന്‍ വില്ല പടര്‍ത്തിയ മതിലിനും അപ്പുറമുള്ള ലേയ്ക്കില്‍ മഴത്തുള്ളികള്‍ കുട്ടിവൃത്തങ്ങള്‍ തീര്‍ക്കുന്നുണ്ട്‌.

വ്യായാമ ഓട്ടക്കാരും നടത്തക്കാരും അങ്ങിങ്ങ്‌ ചിതറി തണല്‍ മരച്ചുവടുകളിലും കൊച്ചു കാവല്‍ പുരകളിലും ഓരം പറ്റി നില്‍ക്കുന്നു.

ബാംഗ്ളൂരിലെ മഴക്ക്‌ ജമന്തിപ്പൂക്കളുടെ മണമാണോ.. ?

പണ്ട്‌ ദില്ലിയിലെ മഴകള്‍ക്ക്‌ പൊടിക്കാറ്റിണ്റ്റെ രൌദ്രതയും ഗന്ധവുമായിരുന്നു

നനഞ്ഞ ചെമ്പകപ്പൂക്കളുടേയും, ..ഉണങ്ങാത്ത യൂണിഫോം പാവാടയുടേയും, കഷ്ടപ്പെട്ട്‌ തേച്ചുണക്കിയെടുത്ത വെളുത്ത ഷര്‍ട്ടിണ്റ്റേയും, പുതിയ പാഠപുസ്തകങ്ങളുടേയും മണങ്ങളെയെല്ലാം ചാലിച്ച്‌ ചേര്‍ത്ത്‌ …. ഓര്‍മ്മകളിലെ കുളിരുന്ന ജൂണ്‍മാസ പെരുമഴക്കാലങ്ങള്‍.

ലേയ്ക്കിനടുത്ത സ്ക്കൂളില്‍ അസംബ്ളി തുടങ്ങിയെന്ന്‌ തോന്നുന്നു. മഴവെള്ളം കെട്ടിയ കുഴികളില്‍ ഷൂസിട്ട കാല്‌ കൊണ്ട്‌ മാറി മാറി ചവുട്ടി വെള്ളം തെറിപ്പിച്ച്‌ നിന്നിരുന്ന രണ്ട്‌ വികൃതിക്കുട്ടികള്‍ പുസ്തകസഞ്ചിയും താങ്ങി പിടിച്ച്‌ ഓടി പോയി..

സ്കൂളിണ്റ്റെ മുകളിലെ നില പുതുതായി വാര്‍ത്തതേയുള്ളൂ.പണിക്കാരും സിമണ്റ്റ്‌ ചട്ടികളും മുളങ്കാലുകലും കൊണ്ടൊരു ബഹളമായിരുന്നു കഴിഞ്ഞദിവസം അവിടെ....ഇന്നിപ്പൊ മഴയത്ത്‌ ആരെയും കാണാനില്ല...

"കണ്ണാ..നില്ലങ്കേ ..ഇപ്പടി എതുക്ക്‌ ഓടര്‍ത്‌... "

ഏതോ വികൃതിക്കണ്ണണ്റ്റെ  യശോദയമ്മ...നീട്ടിവിളിക്കുന്നത്‌  മഴക്കിടയില്‍....മറ്റൊരു സംഗീതം പോലെ............


പണ്ട്‌ കൂട്ടുകൂടാന്‍ പഠിച്ച നാളുകളില്‍ നഴ്സറിയില്‍ എനിക്കുണ്ടായിരുന്ന വികൃതിക്കൂട്ട്‌..അതും ഒരു കണ്ണന്‍ തന്നെ. 
അവണ്റ്റെ ഡോക്ടറമ്മയ്ക്ക്‌ വൈകി കിട്ടിയ ഈശ്വരണ്റ്റെ ഒരു സ്നേഹതുണ്ട്‌....

കുരിയച്ചിറ സെണ്റ്റ്‌ പോള്‍സ്‌ സ്ക്കൂളിണ്റ്റെ പണിനടന്നു കൊണ്ടിരിക്കുന്ന ആ കെട്ടിടത്തിണ്റ്റെ താഴത്തെ നിലയിലായിരുന്നു ഞങ്ങളുടെ ക്ളാസ്സ്‌.

നീളന്‍ വരാന്തയുടെ ഒരറ്റത്തുള്ള അടുത്തടുത്തായുള്ള രണ്ട്‌ ക്ളാസ്സു മുറികളിലൊന്ന്‌... .യു.കെ.ജി ബി.

ഉച്ചയൂണിണ്റ്റെ ഇടവേളകളില്‍ ഞങ്ങളുടെ കള്ളനും പോലീസും കളികളുടെ ഒരു പ്രധാന വേദിയായിരുന്നു ആ വരാന്ത.കൂട്ടിയിട്ട ഇഷ്ട്ടിക കട്ടക്കള്‍ക്ക്‌ പിന്നില്‍ ഞങ്ങള്‍ സാറ്റ്‌ കളിച്ചിരുന്നു.പിന്നീട്‌ ഇഷ്ട്ടികകളെല്ലാം  മേല്‍പുരയിലേക്ക്‌ അട്ടിയിട്ടപ്പോള്‍ ആ കളി നിന്നു.....

മഴ തിമിര്‍ത്ത ഒരു ദിവസമായിരുന്നു അന്ന്‌ .

പുതുതായി ഇട്ട കോണ്‍ക്രീറ്റ്‌ മുഴുവന്‍ ക്യുര്‍ ആകാത്ത വരാന്തയുടെ മേല്‍പ്പുരയില്‍ അട്ടിയിട്ട ഇഷ്ട്ടിക കല്ലുകള്‍ കണ്ട ഡോക്ടറമ്മയ്ക്ക്‌ തോന്നിയ ഉള്‍ഭയം ഈശ്വരന്‍ കൊടുത്ത അടയാളമായിരുന്നുവോഅറിയില്ല...

മഴ കാരണം ഉച്ചയൂണിനു ശേഷം വരാന്തയില്‍ മാത്രം കളിക്കാന്‍ അനുവാദംകിട്ടിയ കുഞ്ഞുങ്ങള്‍....

ആര്‍ത്തിരമ്പിയ മഴയില്‍ ...തകര്‍ന്ന്‌ വീണ സ്കൂള്‍ വരാന്ത.... 

കല്ലിനും കട്ടകള്‍ക്കും ഇടയില്‍ ഞെരുങ്ങിയമര്‍ന്ന്‌ ...പൊലിഞ്ഞില്ലാതായത്‌ ..വളര്‍ന്ന്‌ വലുതായി ആരൊക്കെയോ ആയിതീരേണ്ടിയിരുന്ന പത്ത്‌ കുരുന്ന്‌ ജീവനുകളാണ്‌...

ഉയര്‍ന്നു പോങ്ങിയ നിസ്സഹായതയുടെ കരച്ചിലുകള്‍ക്കിടയില്‍ അവരുടെ കുഞ്ഞിക്കണ്ണുകള്‍ തേടിക്കാണില്ലേ...മറഞ്ഞു നില്‍ക്കാന്‍ ..ഓടിയൊളിക്കാന്‍ അമ്മയുടെ മടിതട്ടിനായി...

കോണ്‍ക്രീറ്റ്‌ പാളികള്‍ക്കിടയില്‍ നിന്ന് ചോരപുരണ്ട കുഞ്ഞുകൈകളും...കാലുകളും...കുഞ്ഞുടലുകളും...പിന്നീട്‌ വലിച്ചെടുക്കുകയായിരുന്നു.

സെണ്റ്റ്‌ പോള്‍സ്‌ വീണു... എന്ന്‌ അടുത്ത വീട്ടിലെ റൂബി ആണ്റ്റി പരിഭ്രാന്തിയോടെ മമ്മിയോട്‌ വിളിച്ച്‌ പറഞ്ഞപ്പോള്‍.. അങ്കലപ്പോടെ, കണ്ണിലിരുട്ട്‌ കയറിയ വെപ്രാളത്തോടെ വഴിയിലേക്ക്‌ ഓടിയിറങ്ങാന്‍ തുനിയവേ...

കഴിഞ്ഞ ഒരാഴ്ചയായി...മഴ നനഞ്ഞ്‌..പനിച്ച്‌ വിറച്ച്‌ കിടക്കുന്ന മകള്‍..മുറിയിലുണ്ടെന്ന ബോധ്യം ആ അമ്മയുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചിരിക്കണം....

ഡോക്ടറമ്മയുടെ കണ്ണന്‍ പോയി.... അമ്മ മനസ്സില്‍ ചുട്ട്‌ പൊള്ളൂന്ന മരുഭൂമികള്‍ മാത്രം ബാക്കി വെച്ച്‌....

കണ്ണന്‍ മാത്രമല്ല ഷോണും,ഷിജിയും ....എല്ലാരും പോയി....

ഇവരോടൊത്ത്‌ കൂട്ട്‌ കൂടി കളിച്ചിരുന്ന ഞാന്‍.... 

വിധിയുടെ അന്നത്തെ കള്ളനുംപോലീസും കളിയില്‍ കള്ളനായിരുന്നിരിക്കണം........

മരണത്തില്‍ നിന്ന് ജീവിതം തട്ടിപറിച്ചോടിയൊളിച്ച  പെരുങ്കള്ളന്‍....


2013 ജൂലൈ 18, വ്യാഴാഴ്‌ച

മൊട്ടപഫ്സായ നമ:

എഗ് പഫ്സില്ലേ...നമ്മ്ടെ മൊട്ടപഫ്സ്
എന്താ  നിങ്ങടെ അഭിപ്രായം.... ഒരു കിടിലം സാധനമല്ലേന്ന്?..


ദിവാസ്വപ്നം കാണുന്ന  സുന്ദരിമാരുടെ പാതികൂമ്പിയ കണ്ണുകൾ പോലെ  മുഴുവൻ  മൂടാത്ത രണ്ടു കരുകരുത്ത  പഫ്സ്  പാളികൾക്കുള്ളിൽ   ഒളിച്ചിരിക്കുന്ന മുട്ടക്കുട്ടൻ.....

ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു ..ഒരു ഇത് വരുന്നില്ലേ..... അതാണ്.....


പ്രസ്തുത മഹാസംഭവം....ഈയുള്ളവളുടെ ഒരു    weakness    ആയിരുന്നു എന്ന് അറിയാവുന്ന പലരും ഇതിനെ ഒരു ആയുധമായി അന്നും ഇന്നും ഉപയോഗിക്കുകയും ഉപയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് എന്നത് മറ്റൊരു പരമസത്യം

എന്നാ പിന്നെ ഒരിത്തിരി ഫ്ലാഷ്ബാക്ക് ആയാലോ........

പ്രീഡിഗ്രീ രണ്ടാം... വർഷം  1994-95 കാലഘട്ടം..... ...
എക്സ്കർഷൻ ചർച്ചാ സീസൺ!!!!!!!!
കൊണ്ട് പിടിച്ച ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ഞങ്ങൾ ഫസ്റ്റ്ഗ്രൂപ്പുകാരും ആഞ്ഞൊന്ന് എക്സ്കർഷിക്കാൻ തീരുമാനിച്ചു...ക്ഷമിക്കുക്  Destination  ഓർമ്മയില്ല...(പത്തിരുപത് കൊല്ലം മുൻപത്തെ കാര്യമല്ലേ!!)
സംഗതി ഏതോ HillStation ലേക്കാണ്.

നമ്മുടെ എല്ലാ ഗാങ്ങും പോകുന്നു........നമ്മൾ മാത്രം മോശമായാൽ പറ്റുമോ...?
പതിയേ  വീട്ടിലേ  ലോക്കൽ കമ്മറ്റി(മമ്മി).... യിൽ തഞ്ചത്തിൽ....കാര്യം അവതരിപ്പിച്ചു...

(ലോക്കൽ കമ്മറ്റി ബില്ല് പാസ്സാക്കിയാൽ    High Commissionൽ  വല്യ പ്രശനം ഉണ്ടാവാറില്ല  സാധാരണ...........)
ദുര്യോധന വധം കഥകളിയിലെ കത്തിവേഷം നോക്കുന്ന ഒരു നോട്ടം കിട്ടി....

നോ ഡയലോഗ്..

തോം തോം തോം !!!!

നമ്മുക്ക് കമ്പ്ലീറ്റ് കാര്യം മനസ്സിലായി....... 
High Commission ൽ പോകാനേ പോയില്ല...
ഇനിയിപ്പൊ എന്ത ഒരു.....മാർഗ്ഗം....
എന്തെങ്കിലും ഉടനെ ചെയ്തില്ലങ്കിൽ...... സംഗതി പാളും!!
സോ വളരേ കൂലംകഷമായി....ചിന്തിച്ച്.......വളരേ ....കഷ്ടപ്പെട്ട് ഒരു ബുദ്ധി . അങ്ങോട്ട്..പ്രയോഗിച്ചു.....
നമ്മളാരാ മോൾ!!!
നേരെ നമ്മുടെ സുഹൃത്ത് സംഘത്തിലെ കണ്ടാൽ ഒരു നിഷ്ക്കളങ്ക ലുക്ക് ഉള്ള എല്ലാവരേയും ...വട ,ബോണ്ട .....ഇത്യാദി കൈക്കൂലികൾ ഓഫർ ചെയ്തു (കാര്യം നടക്കേണ്ടെ ഭായി!!) ചാക്കിട്ട് പിടിച്ച് ഒരുച്ച നേരത്ത് വീട്ടിൽ നിരത്തി....
"ആന്റീ രശ്മീനെ ടൂറിനു വിട്വോ...,ഞങ്ങളെല്ലാവരും പോകുന്നുണ്ട് " .......(കോറസ്സ്)
ഇൻസെറ്റിലെ  രശ്മിയുടെ  മുഖത്ത് "പാവം കുഞ്ഞാടിന്റെ"  മുഖഭാവം..
മമ്മിയുടെ  മറുപടി   yes  ചാഞ്ഞു ചാഞ്ഞില്ല .....അങ്ങനെ ആടി നിൽക്കുമ്പോഴാണ്... 
ആ അപ്രതീക്ഷിതമായ  Entry  ഉണ്ടായത്......      My Only Bro…  
എന്റെ നേരാങ്ങള ...ആരോമലാങ്ങള ..... സുമുഖന്‍, യുവകോമളന്‍ ,എം ബി എ .... 
പക്ഷെ ...ഇതു പോലൊരു ബ്രൂട്ടസ്‌ സ്വപ്നങ്ങളിൽ മാത്രം...


കോമളന്‍ വഴിയരികില്‍  പതിയിരിക്കുന്ന അപകടങ്ങളെ പറ്റി , ഭവിഷ്യത്തുകളെ പറ്റി , .... Facts , Figures, Barchart, Histogram  അടക്കം 


 എന്റെ  റ്റീമിനു  നെടുനീളത്തില്‍ ക്ളാസ്സ്‌ എടുത്ത്‌ ..

ആ ടൂറ്‍ സ്വപ്നത്തിണ്റ്റെ  ഗോളിയില്ലാ ഗോള്‍ പോസ്റ്റ്‌  ഗോളടിച്ച്‌ തകര്‍ത്തു. 

വിന്‍സി ,ഷീന  , സൊണിയ എന്നിങ്ങനെ ഞാനിറക്കിയ റൊണാള്‍ഡൊയും ,മറഡോണയും,പെലേയും  ഒക്കെ  വെറും  ഭാവാഭിനയം  മാത്രം  കാഴ്ച  വെച്ച്‌ അന്തം വിട്ടിരുന്നു
"എന്നാ  ശരി !!! ഞങ്ങൾ പോകട്ടെ ആന്റീ........."
 

"അതേ അതേ ട്യൂഷനു പോകാൻ സമയം ആയി........"


പണ്ട്    Godfather   സിനിമയിൽ  "ഇങ്ങനെ പോയാൽ ഇവര് നിന്നെ ടൂറിന് വിടില്ലാന്ന് മാത്രല്ല ചിലപ്പോ ഞങ്ങളേയും പോകാൻ സമ്മതിക്കില്ല...." എന്ന്  ജഗദീഷണ്ണൻ പറഞ്ഞ   line ൽ  ഒരു നോട്ടവും എന്നെ  നോക്കി...എന്റെ സുഹൃത്ത് സംഘം തടിതപ്പി..... ഓടിരക്ഷപ്പെട്ടു

" പിന്നേ ലവള്‍ പടകളേയും കൊണ്ട്‌ വന്നിരിക്യാ..... " 


ബ്രൂട്ടസ്‌ രണ്ട്‌ ലോഡ്‌ പുച്ഛവും സ്പോട്ടില്‍ ഡവ്ണ്‍ലോഡ്‌ ചെയ്ത്‌  ആത്മ നിര്‍വ്ര്‍തി നേടി... 

കര്‍ത്താവേ !! മാനം കപ്പലു കേറി പെനാഗി ലെക്കൊ കൊളംബിലേക്കൊ പോകുന്നതിനു മുന്നേ..എന്തെങ്കിലും ചെയ്തേ പറ്റൂ.... 
ഗാന്ധിജി യെ മനസ്സാ നമിച്ച്‌ ...... അങ്ങോട്ട്‌ തുടങ്ങി.... 

മൂരാച്ചികള്‍ തുലയട്ടെ.!!!

നിരാഹാരം!!....സത്യാഗ്രഹം!!..... നോ മിണ്ടാട്ടം !! ( ഹോ !! കാന്റീനില്‍ ചെന്നു രണ്ടു മസാല ദോശ തട്ടിയത്‌ എത്ര ബുദ്ധിയായി !!! )

ഒന്നാം ദിവസം വന്‍ വിജയം... 
രണ്ടാം ദിവസം..സംഭവ ബഹുലം... !!ഉപദേശം  !!സാന്ത്വനം ...
High commission . ന്റെ  നേരിട്ടുള്ള ഇടപെടല്‍ .. പൊടിപൂരം

 ഇല്ല ...ഇല്ല ...മരണം വരെയും സമരം ചെയ്യും.... 

ഭഗത്സിംഗ്‌ ,ലാലാ ലജ്പത്‌ റായ്‌ അങ്ങനെ ധീരവീര ഭാരത പുത്രന്‍മാരുടെ സമരവീര്യം ഉള്‍കൊണ്ട്‌...... ഈയുള്ളവളും ... 

വ്യക്തി സ്വാതന്ത്യ്ര ത്തിനു ഈ നാട്ടില്‍ ഒരു വിലയില്ലാന്നു വെച്ചാല്‍....

 ഹല്ല പിന്നെ!!! 

********************************************************************************


പതുക്കേ ..സാന്ത്വനങ്ങളും  ഭക്ഷണത്തിനുള്ള വിളികളും...നിന്നു... 


എന്തൊക്കെ ബഹളമായിരുന്നു...
താന്തിയാതോപ്പീ ...ഉണ്ണാവ്രതം ... ദണ്ഡി യാത്രാ......ഉപ്പ്‌..... @#$%&&*

പാമ്പ്‌ കടിക്കാനായിട്ട്‌ ....ടൂറിനു പോയില്ലെങ്കിലും ...ഈ സമരം ഒന്ന് ഒത്തുതീര്‍പ്പാക്കാന്‍ ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണാനില്ല... 

വല്ലതും അകത്തു പൊയിട്ടാണേ  48  മണിക്കൂറെങ്കിലും ആയി.. 

മസാല ദോശ ദഹിച്ച്‌ ... അത്‌ കിടന്നിരുന്ന സ്ഥലത്തെ കുടല്‍ കരിഞ്ഞ മണം വരെ വരാന്‍ തുടങ്ങി..


ണിം.. ണിം...

ആരോ കോളിംഗ്‌ ബെല്‍ അടിച്ചു 

അടുത്ത വീട്ടിലെ വെളുത്ത്‌ സുന്ദരിയായ ആനിയേണ്റ്റിയാണ്‌... 

വിശപ്പ്‌ മൂത്ത്‌ വെരുകിനെ വെല്ലുന്ന സ്പീഡില്‍ നടന്നു തുടങ്ങിയ ഞാന്‍ പാളി നോക്കി... 

പുത്തന്‍ യൂണിഫോറം അണിഞ്ഞിരിക്കുന്ന നഴ്സറി ക്കുട്ടികളെ പോലെ പ്ളേറ്റില്‍ നിരനിരയായി മുട്ടപഫ്സുകള്‍...
 Drawing റൂമില്‍ വമ്പന്‍ സല്‍ക്കാരം പൊടിപൊടിക്കുന്നു.. 
"ഇവര്‍ക്കെന്താ വീട്ടില്‍ ഒരു പണിയും ഇല്ലേ !!"..ഞാന്‍ നടപ്പ്‌ തുടറ്‍ന്നു...

 ക്ണിം ...ഗേറ്റ്‌ അടക്കുന്ന ശബ്ദം... 

മമ്മി  Seeing Off   യജ്ഞവുമായി  ഗേറ്റിലാണ്‌...

പ്ളേറ്റില്‍ ഒന്നും സംഭവിക്കാതെ മുട്ടപഫ്സുകള്‍ വെച്ചതു പോലെ തന്നെയിരിക്കുന്നു... ഒന്നു നുള്ളിനോവിച്ചിട്ട്‌  പോലും ഇല്ല..

 ആനിയേണ്റ്റിക്ക്‌ സ്തോത്രം !!!

അവസരം അവസരോചിതമായി ഉപയോഗിച്ച്‌.. സൂക്ഷ്മ ബുദ്ധിയോടെ കുളത്തിലേക്ക്‌ ഊളിയിടുന്ന പൊന്‍മാണ്റ്റെ അതേ വഴക്കത്തോടെ.. പഫ്സുകളിലൊന്നില്‍ പിടുത്തം മുറുക്കിയില്ല....

 "പകുതി എണ്റ്റെയാ ട്ടാ"..."അല്ലാ നെണ്റ്റെ ധര്‍ണ്ണ ഒക്കെ കഴിഞ്ഞാ.... "

വീണ്ടും ബ്രൂട്ടസ്‌... എന്തൊരു റ്റൈമിങ്ങ്‌... അപാരം !!

"ഉവ്വ കഴിഞ്ഞു !!...അതിനിപ്പ എന്താ .." 

എന്ന്‌ കാണ്ടാ മൃഗത്തെ തൊല്‍പ്പിക്കുന്ന തൊലിക്കട്ടിയോടെ പറഞ്ഞിട്ട്‌..
പ്ളേറ്റോടെ റൂമിലേക്ക്‌ സ്കൂട്ടായതും വളരേ പെട്ടന്നായിരുന്നു. 

അങ്ങനെ മുട്ടപഫ്സ്‌ പിന്നേയും താരമായി.... 

അതാ ഞാന്‍ ആദ്യേ പറഞ്ഞത്‌...

ഈ മുട്ടപഫ്സ്‌ ഒരു ജാതി സാധനാണെണ്റ്റെ ഗഡീീീീ.............

2013 ജൂലൈ 11, വ്യാഴാഴ്‌ച

ചാലിശ്ശേരി രാമൻ

"അവനവൻ ഇരിക്കുന്നിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കും "

എന്ന തലമുറകൾ പഴക്കം ചെന്ന ചൊല്ലിന് ഞങ്ങൾ കൂടുക്കൂട്ടിയ തലസ്ഥാന നഗരത്തിലെ ഈ സ്നേഹത്തീരത്ത്... അല്ലറ ചില്ലറ ഭേദഗതികൾ വരുത്തേണ്ടി വരും എന്നു തോന്നാൻ തുടങ്ങിയത്....സൂക്ഷം... 20 മണിക്കൂറും 14 മിനുട്ടും മുൻപു മുതലാണ്....

കഴിഞ്ഞ ദിവസം ഞങ്ങളുടെ ഇളയ രണ്ടു വാലൻ കിളികളുടെ..  കാ കീ കീ പീ പീ എന്നുള്ള പതിവ് ചിലക്കലിനു പകരം living room ഇൽ നിന്നു ഗൊരങ്ങ്,ഗൊരങ്ങ് ......കൊങ്ങൻ കൊങ്ങൻ...എന്ന് മണിപ്രവാളത്തിലും.. മങ്കി മങ്കി എന്ന് ശുദ്ധ ആംഗലേയത്തിലും...അതും പോരാതെ "ഞങ്ങ കൊരങ്ങിനെ റോസ്റ്റ് ചെയ്ത് കഴിക്കും.."എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ഞങ്ങടെ ജാർഘണ്ഡ്കാരി പെങ്കൊച്ചിന്റെ ബന്തർ ബന്തർ എന്ന് ശുദ്ധ ഹിന്ദുസ്ഥാനിയിലും ഉള്ള  അലമുറ കേട്ട്  ഓടിയെത്തിയപ്പോൾ കണ്ടത് മേൽപ്പറഞ്ഞ ചൊല്ലിനെ അന്വർത്ഥമാക്കുമാറ്... വിശാലമായി  sofa ഇൽ  ചാരിക്കിടന്ന്......

"സഹോദരീ അമറാതേ!!.." എന്ന മട്ടിൽ ഹിന്ദിക്കാരി കൊച്ചിനെ വട്ടക്കണ്ണുരുട്ടുന്ന മർക്കടകുമാരന്റെ അതിവിദഗ്ധ പോസുകളൊന്നിന്റെ നയനസുന്ദരമായ കാഴ്ച് യായിരുന്നു......

അന്തം വിട്ട ഞങ്ങളുടെ വരവ്.... കണ്ടിട്ടും ഒരു കൂസലും ഇല്ലാതെ ," COUNTRY FELLOWS..!!!   ഇവരെന്താ...കുരങ്ങനെ ജീവിതത്തിലാദ്യം കാണ്വാ...." എന്നു പരമപുച്ഛത്തിൽ ഏറുകണ്ണിട്ട് നോക്കി... ലവൻ ഞങ്ങടെ മാർത്തക്കുട്ടിയുടെ പച്ച ക്രയൊൺ പെൻസിൽ ചവച്ചു തിന്നുകൊണ്ടിരുന്നു.

ങാ ഹാ! എന്നാൽ പിന്നെ രണ്ടാലൊന്നു അറിഞ്ഞിട്ട് തന്നെ വേറെ...!!

നീയോ, ഞാനോ ആരെങ്കിലും ഒരാൾ മതി ഇവിടെ.....എന്ന് തീരുമാനിച്ചുറപ്പിച്ച്...വടി, തെറ്റാലി, പടക്കം ആദി മാരകായുധങ്ങൾ സഹിതം എന്റെ പ്രാണനാഥനും...കല്ല്, തീപ്പെട്ടി, മെഴുകുതിരി എന്നിങ്ങനെയുള്ള " touchings" ഉം ആയി പതിവ്രതയായ ഈയുള്ളവളും പൂർവ്വധികം ശക്തിയോടെ scene ഇൽ റീ എന്ട്രീ നടത്തലും ,

ഞങ്ങളെ ഒന്നിരുത്തി നോക്കി ...

ഫൂ !!.ദാ കിടക്കുന്നു നിങ്ങടെ...!! എന്ന്.... പകുതി കടിച്ച ക്രയോൺ പെൻസിലും നീട്ടിത്തുപ്പി.... .അവൻ വന്ന ജനാലയിൽ കൂടിതന്നെ ചാടി മറയലും ഒപ്പം കഴിഞ്ഞു.  

ഈ സീനിലെ ഏതോ ഒരു element പണ്ട് മീനിന്റെ വയറ്റിൽ നിന്ന് കിട്ടിയ മോതിരം കണ്ടപ്പോൾ ശകുന്തളയുടെ കംപ്ളീറ്റ്  അഡ്രസ്സ് , പിൻ കോഡ് അടക്കം  ഓർമ്മ വന്ന ദുഷ്യന്ത മഹാരാജാവിനെ പോലെ  ,ഈയുള്ളവൾക്കും മറവിയുടെ മാറാലകൾ കെട്ടിയ മനസ്സിന്റെ കോണുകളിലെവിടെയോ..ഒരു നിഷ്കളങ്കമുഖം തെളിഞ്ഞുവന്നു.....

അവനാണ് നമ്മുടെയീ കഥയിലെ നായകൻ.....രാമൻ.....

തെന്നാലിരാമന്റെ....സ്വഭാവമുള്ള.....കല്യാൺസിൽക്സിന്റെ കല്യാണരാമന്റെ നിഷ്കളങ്ക മുഖമുള്ള.....

നമ്മുടെ ചാലിശ്ശേരി രാമൻ !!!

ഇങ്ങനെയൊകെയുള്ള നമ്മുടെ നായകനെ പരിചയപ്പെടുത്തുന്നതിനു മുൻപ്....ഈ മഹാസംഭവത്തിനെ ഞങ്ങൾക്കിടയിലേക്ക് ഒരു  super duper hit cinema യുടെ  എല്ലാ ചേരുവകളോടും കൂടെ  launch ചെയ്ത മറ്റൊരു  very very important  കഥാപാത്രത്തെ പരിചയപ്പെടേണ്ടതുണ്ട്. ഇപ്പോൾ late ആയി പോയ ഇദ്ദേഹം, വകയിൽ ഞങ്ങളുടെ ഒരകന്ന ചാർച്ചക്കാരനായിട്ട് വരും.

ചില സത്യൻ അന്തിക്കാട് സിനിമകളിലെ ലൊക്കേഷൻ പോലെ...പ്രശാന്ത സുന്ദരവും.. സസ്യശ്യാമളകോമളവും...ആയ തൃശ്ശൂർ ജില്ലയിലെ ഒരുൾനാടൻ ഗ്രാമത്തിൽ ടി മഹാനുഭാവൻ സഹധർമ്മിണിയോടും പത്ത് കുഞ്ഞുങ്ങളോടും കൂടെ പാർത്തു വന്നു.

ബേസിക്കലി, സ്കൂളുകളുടെ മുൻപിൽ കപ്പലണ്ടി, അരിയുണ്ട, നാരങ്ങമുട്ടായി. തുടങ്ങിയവയുടെ വില്പനയായിരുന്നു ഇദ്ദ്ദേഹത്തിന്റെ തൊഴിൽ. എന്നാൽ നീളമുള്ള ഒരു കുടുംബപ്പേരും അതിന്റെ പത്രാസും അല്ലാതെ കൈയ്യിൽ അണ,പൈ,..e.t.c ഒന്നും ഇല്ലാത്തതിനാലും 10 മൈനറുകളും 2 മേജറുകളും അടങ്ങുന്ന small familyയുടെ വയറു നിറക്കുക എന്ന Moral responsibility ഉള്ളതുകൊണ്ടും , പുള്ളി  business sales  കുറഞ്ഞ അവസരങ്ങളിൽ ചില്ലറ വേലത്തരങ്ങളും വിളച്ചിലുകളും...കാട്ടി ദൈന്യംദിന ചിലവുകൾ അഡ്ജസ്റ്റ് ചെയ്ത് പോന്നു.

കുടുംബം ഒന്നായതിന്റെ പേരിൽ....ടിയാൻ അന്നൊക്കെ ഞങ്ങളുടെ വീട്ടിൽ നടക്കുന്ന കല്യാണം മാമോദീസാ തുടങ്ങി ഒട്ട് മിക്ക വിശേഷങ്ങളിലും ഒരു സ്ഥിരം ചേരുവയായിരുന്നെന്ന് പറയുന്നതിൽ തെറ്റില്ല.അങ്ങിനെയുള്ള ഏതോ ഒരു അസുലഭമുഹൂർത്തത്തിലാണ് പുള്ളി, രാമന്റെ ഹീറോയിസങ്ങളുടെ കെട്ട് തുറന്നത്

അതിരാവിലെ , exactly  പറയുകയാണങ്കിൽ കാക്ക കരയുന്നതിനു മുൻപെ ഉണരുന്നവൻ ...........രാമൻ!!.  അപരിചിതരാരെങ്കിലും ഗേറ്റ് കടന്നാൽ... .വിവരം തരുന്നവൻ...........രാമൻ!! അത്യാവശ്യം സർക്കസ്സ് അഭ്യാസങ്ങൾ കാണിച്ച് ആളുകളെ കൈയ്യിലെടുക്കുന്നവൻ.........രാമൻ!! ഇതൊന്നും പോരാതെ, ഒഴിവുസമയങ്ങളിൽ വീട്ടിലെ പെണ്ണുങ്ങളുടെ തല നോക്കി കൊടുക്കുന്നവൻ.....രാമൻ!! എന്തിനധികം പറയുന്നു ജന്മം കൊണ്ട് വാനരനാണെങ്കിലും.......രാമനെന്ന നമ്മുടെ താരത്തെ പറ്റി, പുള്ളിയുടെ തന്നെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "ഇത്രയും ബുദ്ധിയുള്ള ഒന്നിനേയും ഞാനിത് വരെ വളർത്തിയിട്ടേ  ഇല്ല "   എന്നായിരുന്നു.

മേൽപ്പറഞ്ഞ ആ പൊന്നോമനയെ ഒരു സുപ്രഭാതത്തിൽ  വേറെ ഒരു ദുരുദ്ദേശപരങ്ങളായ  പ്രകോപനങ്ങളും ഇല്ലാതെ ...... ജസ്റ്റ് ലൈക് ദാറ്റ്....പുള്ളി ഞങ്ങടെ അമ്മാച്ചന്  അങ്ങടാ  സമ്മാനിച്ചു .

വേനലവധി തുടങ്ങിയാൽ  ..ചെറുതും വലുതും , മുട്ടിലിഴയുന്നതും ... മൂക്കിളയൊലിപ്പിക്കുന്നതും  ...ഒക്കത്തുള്ളതും ആയി മിനിമം ഒരു ഡസൻ പ്ലസ് പിള്ളേർസ്  കിട്ടിയ വണ്ടിയും ബസ്സും  പിടിച്ച് 'അമ്മ വീട്ടിലേക്ക് ഇരച്ചു കയറുക  പതിവായതു കൊണ്ട് .

"..ഒരു......സിമ്പിൾ...എന്റർടൈൻമെന്റ്.."

അത്രേ...ഒരു മിസ്അണ്ടർസ്റ്റാൻഡിങ്ങും  ഇല്ലാതെ ആ പാരിതോഷികം വാങ്ങിയപ്പോൾ  നമ്മടാളും  കരുതിയുള്ളൂ .

രാമന് പിൻചായ്പ്പിലെ  അറ്റത്തുള്ള  ഒറ്റ കിളിവാതിൽ മുറിയിൽ ഫുഡ് ആൻഡ് അക്കോമഡേഷൻ  റെഡി ആയി. കാണാൻ വരുന്ന   ഓഡ്യൻസിനു.... വല്യ ശല്യമില്ലാതെ  രാമൻസ് പെർഫോമൻസ്  കാണാൻ  മെഷ് അടിച്ച  ടെംപോററി വാതിലും.

സംഗതികൾ എല്ലാം കൊണ്ടും ശുഭം :

അങ്ങനെ നമ്മുടെ  ചാര നിറത്തിലുള്ള...നിഷ്ക്കളങ്ക മുഖവും വെള്ളാരങ്കണ്ണും ... അതിലുള്ള .. "നീയാരാടാ ...പോലീസാ ...!! എന്ന കൂസലില്ലാ ഭാവവും ഉള്ള രാമൻ  ആരാധക വൃന്ദങ്ങളുടെ   അഭിവാദ്യങ്ങളും  ഏറ്റു വാങ്ങി കൊള്ളൻ തറവാട്ടിലെ അന്തേവാസിയായി.

വേനലവധിയായി.....പ്രതീക്ഷിച്ച കണക്ക് കുട്ടിക്കൂട്ടവുമിങ്ങെത്തി. രാമൻസിന്റെ  സ്റ്റാർവാല്യൂവും  ടി ർ പി  റേറ്റും  സാക്ഷാൽ രാമാനന്ദ സാഗറേട്ടന്റെ  രാംജി ക്കു പോലും ഒരു വെല്ലുവിളിയായി  മാറിത്തുടങ്ങി  .

കാണാൻ  ഓഡ്യൻസ്  കൂടുന്തോറും രാമൻസിന്റെ  പെർഫോമൻസ് വിഗർ കൂടിക്കൂടി  വന്നു ....

അത് പോലെ  മൂന്നു നേരമുള്ള പോഷകസമൃദ്ധമായ ഫുഡിന് (ഫ്രൂട്ട്സും ഡിസേര്ട്ടും  അടക്കം...) പുറമേ ഓഡ്യൻസ് വക മുട്ടായികളായും  ബിസ്‌ക്കറ്റുകളായും  സ്പെഷ്യൽ  പെർക്സ് ഉം  രാമൻസ് സുഭിക്ഷം അനുഭവിച്ചു പോന്നു.

ദിവസങ്ങൾ  ഫൈറ്റെർ  ജെറ്റ്  വിമാനത്തേക്കാൾ  സ്പീഡിൽ പറന്നു നീങ്ങി  കൊണ്ടിരുന്നു....

ആർത്തലച്ച് .....വേനൽമഴ  പെയ്തിറങ്ങി .

മുത്തിക്കുടിയൻ  മാവ് , മാങ്ങ പഴുത്ത്  വീഴുന്നത്  ബോറടിച്ച്  അത് നിറുത്തി .

രണ്ട്‌ മാസത്തെ വേനൽ  അവധിക്ക്   അങ്ങനെ ഒരറുതിയായി.

പിള്ളേർസിനെ  ഓരോരോ ഗ്രൂപ്പുകളായി  അവനാന്റെ ഉടയോന്മാർ  കണ്ണുരുട്ടിയും ഭീഷിണിപ്പെടുത്തിയും അടുത്ത അധ്യയനവര്ഷത്തിലേക്ക് കൂട്ടിക്കൊണ്ടും പോയി .

ഒഴിഞ്ഞ സർക്കസ് കൂടാരം പോലെ രാമന്റെ ഗ്യാലറിയും കാലിയായി. വന്ന്  വന്ന്  അടക്ക പൊളിക്കാൻ വരുന്ന കുഞ്ഞുവോ ചക്കിയോ ..രണ്ടു വിശേഷം ചോദിച്ചാലായി . 

മഴ പിൻവാങ്ങിയ  ഒരവധി ദിവസം  ..ഒരുച്ച തിരിഞ്ഞ  നേരത്ത് .... പിൻവരാന്തയുടെ ഓരം പറ്റി...മില്ല്, പറമ്പ്,  പശു .. ആദി പതിവ്  സൂപ്പർവിഷൻ  ഡ്യൂട്ടികളുമായി  നടന്നു പോയിക്കൊണ്ടിരുന്ന   അമ്മാച്ചന്റെ മുന്നിലേക്ക് പെട്ടന്നാണ്  ...അതിഭീകര ശബ്ദത്തോടെ എന്തോ ഒന്ന് വന്ന് വീണത്. ഏറെ ഉയരത്തിൽ നിന്ന് വീണതിന്റെ ആഘാതത്തിലാവാം .... അത് പൊട്ടിത്തകർന്നു തരിപ്പണമായി .....

വല്ല  ഉൽക്കയും   ആണോ ...............?   സ്കൈ-ലാബിനെ  ഏതു നിമിഷവും താഴേക്ക് പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന സമയമാണ്  ....  
ഇനി അതിന്റെ വല്ല മുഴുത്ത പീസും..?

ഒന്നേ നോക്കിയുള്ളൂ .........അതാ ഒറ്റക്കിളിവാതിൽ മുറിയുടെ ഓട്ടിൻപുറത്ത് അടുത്ത .മൂലോടും കയ്യിൽ പിടിച്ച് ....എറിയുന്ന പോസിൽ ....മിസ്റ്റർ .രാമൻ !!!!

ന്യുറോസിസിൽ  തുടങ്ങി സൈക്കോസിസിന്റെ ...... അതിസങ്കീർണ്ണമായ .....വേർഷനിൽ  നിൽക്കുന്ന രാമന്റെ അടുത്ത  മൂലോട് -സെർവിങ്  ..... ഉന്നം തെറ്റാതെ തന്റെ മെഡുല ഒബ്ലാങ്കട്ട യുടെ  പരിപ്പും കൊണ്ട് പോകും എന്നുള്ള തിരിച്ചറിവിൽ ....തരിച്ച്....പ്രത്യേകിച്ച്  ഒരു ചുക്കും ചെയ്യാനില്ലാതെ .... പുള്ളി  സ്റ്റക്ക്  ആയി ആ നിൽപ്പ് നിന്നു.

ഉണ്ട ഫുഡിനോടുള്ള നന്ദി കൊണ്ടാണോ അതോ ബോറടി കൊണ്ടാണോ എന്നറിയില്ല രാമൻ  എറിയൽ  തല്ക്കാലം ക്യാൻസൽ ചെയ്തു .....വേറെ  കൊള്ളാവുന്ന പരിപാടിക്ക് പോയി ...അമ്മാച്ചന് ശ്വാസവും നേരെ വീണു .

ഇതോടെ മൂലോടും ...രാമൻസ് എഫക്റ്റും .....ഒബ്ലാങ്കട്ടയും....എല്ലാം കൂടി തറവാട്ടിൽ ഒരു ഭീകാന്തരീക്ഷം സംജാതമായി .

പിൻവരാന്തയും ..ഒറ്റക്കിളിവാതിൽ  മുറിയും ....അതിന്റെ പ്രാന്തപ്രദേശങ്ങളും ... റെഡ് സോൺ  ആയി പ്രഖ്യാപിക്കപ്പെട്ടു.

വഴിയാത്രക്കാർക്ക്   ഹെൽമെറ്റ്  നിർബന്ധമാക്കി ....

അവശ്യ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ  ..... കളക്ഷൻ ...ലോഡിങ് ...അൺലോഡിങ് ...ഇതിനെല്ലാം  ..മില്ലിലൂടെയുള്ള വളഞ്ഞ ഊടുവഴി പ്രത്യേക നിഷ്കർഷകളോടെ തുറന്നു കൊടുക്കപ്പെട്ടു .

മാടമ്പിള്ളിയിലെ ഈ ഭീകര വിളയാട്ടം ...ചാലിശ്ശേരിയുടെ  ലോക്കൽ സൈറ്റ് സീയിങ്    ആൻഡ്  ടൂറിസം മാപ്പിൽ  കൊള്ളൻ  തറവാടിനെ  ചുവന്ന മഷിയിൽ അടയാളപ്പെടുത്തി  ...എന്നത്  അപ്രസക്തമായ മറ്റൊരു  പ്രസക്ത വാൽകഷ്ണം 

പിടികിട്ടാപ്പുള്ളി രാമൻസിനെ പിടിച്ചു കൊടുക്കുന്നവർക്ക്  തക്കതായ ഇനാം പ്രഖ്യാപിക്കപ്പെട്ടു . അനവധി ബ്രേയ്‌നുകൾ ഒത്തൊരുമിച്ച്  വർക്ക് ചെയ്ത്  പലേ സ്ട്രാറ്റജിക്കൽ വലകളും  നെയ്തുണ്ടാക്കി. ബാക്ക്ഗ്രൗണ്ടിൽ അതിവിദഗ്ദ്ധമായ കരുനീക്കങ്ങൾ  പലതു നടന്നു .

ആദാമിന് ഹവ്വാ  കൊടുത്ത  ആപ്പിൾ  പോലെ ...ഓട്ടുമ്പുറത്തേക്ക്  ഏതോ  അജ്ഞാത സങ്കേതത്തിൽ നിന്നും തൊടുത്തു വിട്ട പാളയംകോടൻ പഴം ഒറ്റച്ചാട്ടത്തിനു ക്യാച്ച് ചെയ്ത്... രാമൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനമായി.

പഴം കഴിച്ച്  പാടേ റൺ ഔട്ട് ആയി തൂങ്ങിപിടിച്ച് മയങ്ങിയിരുന്ന  രാമൻസിനെ  തറവാട്ടിലോട്ട്  ട്രാൻസ്‌പോർട്ട് ചെയ്ത .....സെയിം ദ്വാരങ്ങളിട്ട  വീഞ്ഞപ്പെട്ടിയിൽ  പാക്ക് ചെയ്ത് ...ഭദ്രമായി ബാക്ക് ഡിക്കിയിൽ  വെച്ച് ....., ചാരകളറിലുള്ള KL-8-5656  അംബാസിഡർ കാർ ... ഫുൾ സ്പീഡിൽ സോഴ്സ് ലൊക്കേഷൻ ലക്ഷ്യമാക്കി പുറപ്പെട്ടു .

" ഉപ്പാപ്പാ....ഈ ഉരുപ്പടി ഞാൻ പോയീട്ട് തൊറന്ന് നോക്കിയാ മതീ ട്ടാ !!! " വീഞ്ഞപ്പെട്ടി വാരാന്തയിൽ വെച്ച്  അമ്മാച്ചൻ മൊഴിഞ്ഞു ..

ഉപ്പാപ്പൻ  ഒന്നിരുത്തി മൂളി .... ആൻഡ് വിത്ത് ഔട്ട് എനി എക്സ്പ്രെഷൻ ....

"ഡാ !! ഇവനേ... നല്ല മണി മണി പോലെ വർത്താനം പറയണ തത്തേനെ  വേണാ   നെനയ്ക്ക്  ?? "..

"അയ്യോ വേണ്ട ഉപ്പാപ്പാ .....സത്യായിട്ടും വേണ്ടാഞ്ഞിട്ടാ ...."  

ഇത്  പറയലും നൂറേ നൂറിൽ  നുമ്മ പറഞ്ഞ നടൻ .. തുരന്ത്  അതിർത്തിയും കടന്ന്‌ 
ജസ്റ്റ്  വാനിഷ്ഡ് ഇൻ ടു  ദി  തിൻ  എയർ ...
എന്താല്ലേ !!!!!

2013 മേയ് 31, വെള്ളിയാഴ്‌ച

ഓട്ടിൻപ്പുറത്തെ വർണ്ണക്കാഴ്ചകൾ..........

അക്കാലങ്ങളിൽ കുട്ടികൾ ക്ക് ഉച്ചയൂണിനു ശേഷം കമ്പൽസറി ഉറക്കം എന്നൊരേർപ്പാട് നിലനിന്നിരുന്നു.അന്നത്തെ ന്യു ജനറേഷൻ ആന്റിമാരുടെ പുതിയ ചില തട്ട്പൊളിപ്പൻ ഭരണപരിഷ്ക്കാരങ്ങളിൽ പെട്ടതായിരുന്നു ഈ ഐറ്റം.

അതു വെറും ഭരണപരിഷ്കാരങ്ങളല്ലായിരുന്നുവെന്നും....ഞങ്ങളുടെ "ഗവേഷണ തത്പരത" പാടേ ഉന്മൂലനം ചെയ്യാനുള്ള ചില നയതന്ത്രപരങ്ങളായ കരുനീക്കങ്ങളായിരുന്നുവെന്നുമുള്ള തിരിച്ചറിവിൽ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ പലരും   ഇതിനെതിരേ  ഉയർത്തുകയുണ്ടായിയെങ്കിലും ...എല്ലാം നിർദ്ദയം അടിച്ചമർത്തപ്പെട്ടു.


സോ..ഞങ്ങൾ മൂവർ സംഘം ഈ വിലപ്പെട്ട  സമയം..ഉറങ്ങുക എന്ന പേരിൽ തട്ടിൻപുറത്തിരുന്ന് പുതിയ പദ്ധതികളുടെ കരട് രേഖകൾ തയ്യാറാക്കുന്നതിലും.. "ആയുധശേഖരണത്തിനും" ഫലപ്രദമായി വിനിയോഗിച്ചു പോന്നു.


ആയുധശേഖരണം ന്ന് വെച്ചാൽ..

ഞങ്ങളുടെ ദൈനംദിന പരീക്ഷണ നിരീക്ഷണങ്ങൾക്ക് അവശ്യം വേണ്ടവയും ന്നാലോ ....പ്രായപരിധി വെച്ച് കിട്ടാനിടയില്ലാത്തതും ആയ റ്റൂൾസ്.....
(തീപ്പെട്ടി,കത്തി,എണ്ണ,മണ്ണെണ്ണ,മെഴുകുതിരി,ഉപ്പ്....ഇത്യാദി...ഇതിൽ പെടും.)
ഏതു വിധേനയെങ്കിലും...കട്ടോ...പിടിച്ച് പറിച്ചോ, ഭീഷണിപ്പെടുത്തിയോ സംഘടിപ്പിക്കുക.....
ഇതിനിടയിൽ പിടിക്കപ്പെട്ടാലും........തളരാതെ...ലക്ഷ്യം കാണും വരേയും ശ്രമിച്ചു കൊണ്ടേയിരിക്കുക...
ഇതായിരുന്നു നയം


അങ്ങനെ ഒരുച്ച തിരിഞ്ഞ നേരം.......പലേ ഹിഡൻ അജണ്ടകളുമായി അവിടവിടെ മണപ്പിച്ചു നിന്ന ഞങ്ങളിൽ ചിലരെ  "പോയി കിടന്നുറങ്ങാൻ നോക്കഡാ...!!" എന്ന് ആട്ടിപ്പായിച്ച്....


ഓൾഡ് + ന്യൂ ജനറേഷൻ ആന്റി സെറ്റ് ഉച്ചയൂണും കഴിഞ്ഞ് ..നവവധുവിന്റെ കൈയ്യിലെ കുട്ടിബൊക്കെ പൊലെ യുള്ള  പഴുത്ത പൊർട്ടബ്ൾ....ഞാലിപ്പൂവൻ കുലയും,അന്ന് കാലത്ത് പഴുത്ത് വീണ മുത്തിക്കുടിയൻ മാങ്ങയും,....പഴച്ചക്കയു മായി  വീട്ടുവിശേഷങ്ങളുടേയും നാട്ട്വിശേഷങ്ങളുടേയും കെട്ട്തുറന്നു ഏതാണ്ട്സെറ്റപ്പായി കഴിഞ്ഞു.

ഞങ്ങള് പതിവു പോലെ ഉമ്മറത്തിനു മുകളിലെ ബ്രാന്താ അല്ലെങ്കിൽ ബാൽകണിയിൽ പതിവു പരിപാടികളിൽ വ്യാപൃതരായി.
ഉമ്മറത്തിനു മുകളിലെ മേൽപ്പറഞ്ഞ ബാൽകണിക്ക് ഒരു പ്രത്യേകതയുണ്ട്.സിമെന്റുംകളം പോലെ തന്നെ പറമ്പിലെ അടക്കയുടെ ഒരു പ്രധാന ഉണങ്ങൽ കേന്ദ്രമായിരുന്നു ടി സ്ഥലം... 

അതായത്..ക്രമമനുസരിച്ച്....
പറമ്പിൽ നിന്ന് പറിച്ച പഴുത്ത അടക്കയുടേത് സിമെന്റുംകളം,ബാൽകണി,ചാക്ക് എന്നതും 
പൊളിച്ച അടക്കയുടേത്... 
ബാൽക്കണീ,ചാക്ക്,അറ(പത്തായം) എന്നതും ആയിരുന്നു...സ്ഥാനങ്ങൾ...
 അതായത് ബാൽകണിയിൽ എപ്പോഴും അടക്ക ഉണങ്ങാൻ വിരിച്ചിട്ടിരിക്കും എന്ന് സാരം.......
അങ്ങിനെയൊക്കെയുള്ള മർമ്മപ്രധാനമയ ഈ സ്ഥലം തന്നെ ഞങ്ങളുടെ ഇൻ ഹൗസ് ആപ്പീസ് ആക്കിയതിനു പിറകിൽ ഒന്നല്ല രണ്ടല്ല മൂന്ന് വൻ കാരണങ്ങളാണ് ഉണ്ടായിരുന്നത്.

ഒന്ന്: ഭൂമിയിലുമല്ല ആകാശത്തിലുമല്ല എന്ന നിലക്കുള്ള ത്രിശങ്കു സ്വർഗ്ഗത്തിന്റെ ഒരു   simulation effect   ഉള്ളതും സർവ്വോപരി ഞങ്ങടെ അന്നത്തെ നെലക്കും വെലക്കും ചേർന്നതും എന്നത്.

രണ്ട്: "അടിസ്ഥാനമിളകിയാൽ നീതിമാൻ എന്ത് ചെയ്യും ??" എന്ന സങ്കീർത്തനക്കാരന്റെ വചനം.......അന്വർത്ഥമാക്കുമാറുള്ള മേൽപ്പറഞ്ഞ സെറ്റപ്പ്.....ഞങ്ങളെ,താഴെ നിന്നും സ്റ്റ്പ്പ് കയറി വരാനിടയുള്ള ചെറുതും വലുതുമായ സർവ്വത്ര പാരകളിൽ  നിന്നും കാത്തുകൊള്ളും എന്ന ഉറച്ച വിശ്വാസം.


മൂന്ന്: cctv     അത്ര  പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് അടുക്കള എന്ന  ഞങ്ങളുടെ പ്രധാന ശത്രുപാളയത്തെ ഓടിനിടയിലൂടെ നിരീക്ഷണ വിധേയമാക്കാവുന്ന ആ വീട്ടിലെ ഏക സ്ഥാനം.

നാഴിക മണി ഒറ്റയടിച്ചു...രണ്ടടിച്ചു......

അടുക്കള സഭ...തല ചായ്ക്കൽ ,നടുവ് നീർക്കൽ  ആദി കലാപരിപാടികൾ മൂലം  അംഗങ്ങൾ..കുറഞ്ഞ് ഈർകിൽ പാർട്ടിയായി മാറി....
അപ്പോഴെക്കും...പതിവു പരിപാടികൾ ബോറടിച്ച്...മണിയൊന്ന് അഞ്ചടിക്കാനുള്ള കാത്തിരിപ്പിൽ...കണ്ണിൽ എണ്ണ,മണ്ണണ്ണ എന്നിങ്ങനെ എന്ത് വേണമെങ്കിലും ഒഴിക്കാം എന്ന സ്ഥിതിയിലെത്തി ഞങ്ങളുടെ അവസ്ഥ........
അതേ...ആ ബോറടിയുടെ....ബൈ പ്രൊഡക്റ്റ് ആയിരുന്നു.... എന്തെങ്കിലും ഇന്നവേറ്റീവ് ആയി ... ചെയ്യാനുള്ള ആ "ത്വര" ....

Usually,

ഇത് പോലുള്ള "ത്വര",വീട്ട്കാരിൽ നിന്ന് കിട്ടുന്ന "അടി",
പിന്നേ last  ഇൽ ഉള്ള " ചമ്മിയ പല്ലിളി"  ഇവയെല്ലാം സംഭവിക്കുന്നത് ഞങ്ങൾക്ക്...ഒരേ സമയങ്ങളിലും,ഒരേ കാര്യത്തിനും..ഒരേ പോലെയും ,ഒരേ Sequence ലും  ആയിരിക്കും..

എന്താ അങ്ങിനെ ആവോ?


ശ്രീനിവാസൻ പണ്ട് വടക്ക്നോക്കി യന്ത്രത്തിൽ ചോദിച്ച പോലെ, "ഇതൊരു രോഗമാണോ ഡോക്ടർ ..????" എന്ന് വേണമെങ്കിൽ.ഈ situation  ഇൽ ചോദിക്കാവുന്നതാണ്....  

As Usual, suggestions...പലത് വന്നു...
അടക്കയുടെ മേലെകൂടി ഒരു Running Race  ????
ഛായ്!!! ബോറ്....ഇതിലെന്ത് Innovation!!!!
ok.വേണ്ട...ദാ കിടക്കുന്നു വേറൊന്ന്...
തുണി വിരിക്കുന്ന അഴയിൽ തൂങ്ങി ടാർസൻ കൂട്ട് ഒരു diving..
very good..
അഴയിൽ തൂങ്ങിയതേ അറിഞ്ഞുള്ളൂ....ഡും!!...മൂന്നും മൂഡും കുത്തി താഴെ...
ജാംബവാന്റെ കാലത്തെ ആ പാവം അഴ സ്വപ്നത്തിൽ പോലും തന്റെ നേർക്ക് ഇത്രക്കും വല്യ  അക്രമം വരുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല...
........ ആ പരിപാടി അതോടെ നിറുത്തി
അപ്പോഴാണ് അന്ത അപാര   sooper duper IDEA   ഞങ്ങളിലൊരാളുടെ തലയിൽ പൂരത്തിന്റെ പത്ത് നിലയുള്ള വർണ്ണ അമിട്ട് പോലെ വിരിഞ്ഞത്.
Yesss!!സംഘാങ്കങ്ങൾ വരി വരിയായി   Take Offന്       തയ്യാർ.....
ഒറ്റ ചാട്ടത്തിൻ കൈവരി ചാടികടന്ന്...നിമിഷാർദ്ധത്തിന്റെ നേരം പോലും എടുക്കാതെ....ഓട് മേഞ്ഞ ചായ്പിൻ മുകളിൽ മൂന്ന് പേരും റഡി...

Life Belt ആയി നേരത്തെ തകർന്നടിഞ്ഞ് തരിപ്പണമായ "ഞങ്ങൾ",തൂങ്ങിയ അഴ.....അതിന്റെ ഒരറ്റം കൈവരിയിൽ കെട്ടി... അതിൽ പിടിച്ച് ഒറ്റ വരിയിൽ... അരി പൊടിക്കുന്ന മില്ലിനഭിമുഖമായി...ഒരേ ചരടിൽ കൊരുത്ത മൂന്ന് മണികൾ പോലെ...വരിവരിയായി ...മാലയായി ....ഞങ്ങൾ യാത്ര തുടങ്ങി .
Starting trouble ഒന്ന് മാറിയപ്പോഴേക്ക്...കയറും വിട്ട് മാലയും  തെറ്റിച്ച്  Free styleലും നടപ്പ് പുരോഗമിച്ചു..ആ നടപ്പിൽ..താഴെ കാണുന്ന പൂച്ചവാലന്റെ  പൂവിനുപോലും  എന്താ ഒരു ഭംഗി!!!

ഞങ്ങളുടെയീ ജൈത്രയാത്ര കണ്ട്,  മൂലൊടിന്റെ മുകളിൽ കുറച്ചകലെ Stuck ആയി രണ്ട് കാലിൽ  ഇരുന്ന ഒരണ്ണാൻ....."കർത്താവേ!!! ലോകവസാനം അടുത്തുവെന്ന് പറയുന്നതെത്ര ശരി..." എന്ന മട്ടിൽ താഴേ ഗ്രൗണ്ടിലേക്ക് എടുത്ത് ചാടി വാലും പൊക്കി  ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു....


സമയം പോയതറിഞ്ഞതെയില്ല.....!!!!

അഞ്ചു മണിയും കഴിഞ്ഞ് എത്രയോ കഴിഞ്ഞു എന്ന് വട്ടപ്പറമ്പിൽ നിന്ന് പണിയും കഴിഞ്ഞ് വന്ന കുഞ്ഞുവിന്റെ തലവട്ടം കണ്ടപ്പോഴാണ്...മൂവർ സംഘത്തിന്  ബോധോദയമുണ്ടായത്..
സർക്കസ്സ്ക്കാരുടെ മെയ് വഴക്കത്തോട് കൂടി അതിവിദഗ്ധമായി തിരിച്ചുകയറി...ഒന്നുമറിയാത്തവരേപ്പോലെ ചായ കുടിക്കാൻ ഞങ്ങൾ താഴെ ഹാജരായി.
"എന്ത..ഡേ!!!! എങ്ങനീണ്ടാരുന്നൂ ഉറക്കം...?"
ചായ കുടിച്ചു കൊണ്ടിരുന്ന..എന്നെ നോക്കി...കൂട്ടത്തിൽ സ്വല്പം ശാന്തപ്രകൃതിയായ....ആന്റി..യുടെ ചോദ്യം..
ആ ചോദ്യത്തിന്റെ toneഇൽ    എന്തൊ ഒരു  Spelling Mistake  ഉണ്ടോ...???
അതോ സ്വതേ ഉള്ള എന്റെ കള്ളത്തരത്തിനങ്ങനെ തോന്നീതാണോ?????
അതിനോരു തീരുമാനമാവും മുൻപ് തന്നെ...
"നാണമില്ലേഡേ...!!!"  എന്ന വാൽകഷണവുമായി ആന്റി സംഘത്തിലെ...പുലി...ചാടിവീണു...
അതോടെ....ഒറപ്പായി....."പണി പാളി...!!!!"

പിന്നെന്താ......... ....
നമ്മുടെ സുരേഷ് ഗോപിയണ്ണൻ പറഞ്ഞ പോലെ..."ദേ വന്നു ..ദാ പോയി" സ്പോട്ടിൽ പിന്നെ...പ്രതികളുടെ പൊടി പോലുമില്ല ........
മിനുട്ടുകൾക്ക് ശേഷം.....
അറക്കുള്ളിൽ.. ഇരുട്ടിൽ മൂന്ന്  pair കണ്ണുകൾ......
ഒരു വലിയ "?"ഓടെ പരസ്പരം ..പാളി.നോക്കി...
....... ആരാണാ ഒറ്റ്കാരൻ...??????
"കുഞ്ഞു...,അണ്ണാൻ,....അതോ......?????????

കാലമേറെ കഴിഞ്ഞിട്ടും.....
ഇന്നും ഈ കഥക്ക് പലേ പൊടിപ്പും തൊങ്ങലും കളറും ചേർത്ത്....

"അണ്ണാൻ കുഞ്ഞിനെ പേടിപ്പിച്ച് ഒരു ഹൃദ്രോഗി യാക്കിയവൻ ചന്തു"

കിണറ്റിൽ വീഴാൻ പൊയപ്പോൾ കയറിട്ട്...പിടിച്ച് കയറ്റിയവൻ ചന്തു.."
എന്ന മട്ടിൽ പലതും പാടിനടപ്പുണ്ട്
ആധുനിക പാണന്മാർ.. നാട്ടിൽ

പക്ഷേ...


ഒന്നു മാത്രം പറയാം.............


"ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല...മക്കളേ........!!!!
       





2012 നവംബർ 22, വ്യാഴാഴ്‌ച

ചെരുപ്പുമരം...


സ്ക്കൂൾ ഷൂവിന്റെ ബക്കിൾ പോയതിന്റെ പതിവു അപ്പീലുകളുമായി ദിയായുടെ ഇഞ്ചി കടിച്ച ഭാവവും...ശ്രദ്ധയും..ശുഷ്ക്കാന്തിയുമുള്ള പെങ്കുട്ട്യോൾടെ ടോപ്പ് സ്വഭാവങ്ങളുടെ ഉപദേശ ക്കൊടുങ്കാറ്റും. ഞങ്ങളുടെ കുടുംബത്ത്  നിത്യേന അരങ്ങേറുന്ന ഭാവ സമവാക്യത്തിന്റെ ഒരു സാമ്പിൾ ആണിത്.

"അപ്പോ ന്താ ഈ നല്ല പെങ്കുട്ട്യൊൾടെ സ്വഭാവം എന്ന് വെച്ചാൽ...?"
സംശയം ന്യായം...

ശരി...ന്നാ.. ഒരു പഴയ ചെരുപ്പ് കഥയിൽ നിന്നു തന്നെ തുടങ്ങാം...

അന്നൊക്കെ വല്യപരീക്ഷ ഒന്ന് കഴിഞ്ഞു കിട്ടാൻ കാത്തിരിക്കും...
പരീക്ഷ കഴിഞ്ഞെന്റെ പിറ്റേന്നാൾ,ചാലിശ്ശേരിയിലേക്കു കൂട്ടിക്കൊണ്ട് പോകാൻആളെത്തിയിരിക്കും...

അതിപ്പോ അച്ഛാച്ചനായലും അമ്മായിയായാലും വല്യമ്മ ആയാലും... തരക്കേടില്ല...കൂടെ പോയിരിക്കും..നമ്മുക്ക് ലക്ഷ്യം മാത്രമാണപ്പാ.പ്രധാനം.

"ചാലിശ്ശേരി"..............തൃശ്ശൂരിൽ നിന്ന് കോഴിക്കോട് വഴി പോകുന്ന നാഷണൽ ഹൈവേ 17 ഇൽ  കുന്നംകുളത്തു നിന്നും വടക്ക് പടിഞ്ഞാറ്....ഒരുപതിനൊന്ന് കിലോമീറ്റർ മാറി പാലക്കടിന്റെ തുമ്പത്ത്...കിടക്കുന്ന പച്ചച്ച ഒരു "ഠ" വട്ട ഭൂമി.

തന്തപ്പാലം കഴിഞ്ഞാ പിന്നെ ചാലിശ്ശേര്യായി...അന്നത്തെ എന്റെ ജ്യൊഗ്രഫി..അതായിരുന്നു.

തന്തപ്പാലം..എന്നതു വെറും ഒരു അപ്പാപ്പൻ പാലം എന്നല്ല അർത്ഥം എന്നും....
തനത്+പാലം എന്ന പിരിച്ചെഴുത്തും....തനതായി രൂപം കൊണ്ട പാലം ഏതൊ അത് എന്ന ബഹൂവ്രീഹി എന്നും ഉള്ള വാദമുഖങ്ങൾ..നിലനിൽക്കവേ തന്നെ.....ടി പാലത്തെ തൃശ്ശൂരും പാലക്കാടും തമ്മിൽ ബന്ദിപ്പിക്കുന്ന മർമ്മപ്രധാനവും..അതിപുരാതനവും ആയ ഒരു ഏച്ചുകെട്ട് അഥവാ നൂൽബന്ധം...എന്നും വിശേഷിപ്പിക്കാം എന്ന് തോന്നുന്നു....

ചാലിശ്ശേരിയും ഞാനും തമ്മിലുള്ള ബന്ധത്തിനു അമ്മയുടെ വാത്സല്യത്തിന്റെ മണമാണ്........എന്റെ അമ്മവീട്.മുത്തിക്കുടിയൻ മാങ്ങയും,നല്ല പ്ലാവിലെ വരിക്കചക്കയും.. കമുകും.. കുളവും.  വട്ടപ്പറമ്പും..മില്ലും..സിമെന്റും കളവും..അതിന്റെ വശത്തെ മട്ടിപശമരവും..ചെങ്കല്വെട്ടുകുഴിയും..തൊഴുത്തും..കാര്യസ്ഥൻ നായരും ചക്കിയും കുഞ്ഞൂം...രണ്ടാം തട്ടിൻ പുറത്തെ..ഉപ്പാപ്പന്റെ പെട്ടീലെ കമ്പിളിക്കോട്ടും..ബൂട്ടും..അണ്ടിയുണ്ടയും...എല്ലാമെല്ലാമടങ്ങുന്ന എന്റെ മധുര ബാല്യസ്മൃതികളിൽ ഏറിയ പങ്കിന്റെയും ഔട്ട്ഡോർ ലൊക്കേഷൻ ടി സ്ഥലം ആയിരുന്നു.

ഒരവധികാലത്ത്....അല്ലാ അതു പറയുമ്പോൾ വളരേ വേണ്ടപ്പെട്ട ഒന്നു രണ്ട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടി വരും.ഒരു സൗകര്യത്തിനു അവരെ "നസീർ" എന്നും "ജയഭാരതി"  എന്നും വിളിക്കാം(വേണങ്കി മതി!!!!)

നസീർ ജയഭാരതിയുടെ ബ്രദർ ആകുന്നു.നസീറിനേക്കാൾ 11 മാസവും ജയഭാരതിയെക്കാൾ 3 വർഷവും ഈയുള്ളവൾക്കു മൂപ്പ് കൂടും.
പക്ഷെ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ലാട്ടോ....
ഒരു വർഷം തികച്ചും മുതിർച്ച ഇല്ലാത്തതു കൊണ്ടും..ഞങ്ങൾ തമ്മിലുള്ള അന്നത്തെ ഇരുപ്പുവശം വെച്ചുകൊണ്ടും നസീറിനു ചേച്ചി വിളിയിൽ അല്പം ഇളവുകൾ അനുവദിച്ചിരുന്നു..പക്ഷെ അതാ ഫയങ്കരൻ... ഡീ പോടീ..  ചേർത്ത് വിളിച്ച് മൂപ്പവകാശത്തിന്റെ ആണി ഊരി മാറ്റീന്നുള്ളതു വേറെ കാര്യം

എന്തായാലും..ഞങ്ങൾ മൂന്നുപേരും എല്ലാറ്റിനും ഒറ്റക്കെട്ടായിരുന്നു..


അങ്ങിനെയിരിക്കുമ്പോഴാണ്..ആ അവധിക്കാലം..
പോരാത്തതിന് ഒരു വിശേഷവും..ഞങ്ങളുടെ പ്രീയ അമ്മാച്ചന്റെ(അമ്മയുടെ ഇളയ ആങ്ങള) മകളുടെ ഒന്നാം ജന്മദിനം..
അങ്ങനെ ചോറും മോരുകാച്ചിയതും പോലെ വിശേഷവും അവധിയും കൂടി കൂട്ടികുഴഞ്ഞതിന്റെ ആഹ്ലാദതള്ളിപ്പിൽ ഞങ്ങൾ കുട്ടിസംഘം ഒരാഴ്ച്ച മുൻപ് തന്നെ venue വിൽ   തമ്പടിച്ചു കൂടി.

അവസാനം കാത്തിരുന്ന ദിവസവുമിങ്ങെത്തി...വീട് നിറച്ച് ബന്ധുക്കൾ....കുട്ടികൾ..
ന്യായമായും കുട്ടിസംഘത്തിൽ അംഗങ്ങൾ ഒരുപാട്...
.....കളി തകൃതി പൊടിപൂരം!!!
കളി മുറുകിയങ്ങനെ മൂർദ്ധന്യത്തിലെത്തിയപ്പോൾ ,കൂട്ടത്തിലാർക്കോ  ഒരുൾവിളിയുണ്ടായി.കളി പുറകിലെ കമുകിൻ തോപ്പിലേക്ക് വ്യാപിപ്പിച്ചാലോ..?

തോന്നേണ്ട താമസം..കുട്ടിസംഘം കമുകിൻ തോപ്പിലേക്ക് ഒറ്റക്കെട്ടായി മാർച്ച് ചെയ്തു.കുറേയേറെ നേരം തൊട്ടുകളിയും സാറ്റും കളിച്ചു മടുത്തപ്പോഴാണ് നസീറിന്റെ തലയിൽ ഒരൂക്കൻ ഐഡിയ പൊട്ടിമുളച്ചത്....
 നിധിതേടൽ...മ്മ്ടെ ട്രഷർ ഹണ്ട്.... കളിച്ചാലാ...?
ട്രഷർ കുഴിച്ചിടാ കണ്ടു പിടിക്ക്യാ...കുഴിച്ചിടാ കണ്ടു പിടിക്കാ.....

ആഹ!what an idea sirji!!  ഓഹ് !! നസീറേ...ആങ്ങളേ..നിന്റെയൊരു പുത്തി..

ഞങ്ങൾ (ജയഭാരതിയും ഞാനും) വടക്കൻ പ്പാട്ടിലെ അങ്കം ജയിച്ചു വന്ന ആരോമലാങ്ങളയെ കണ്ട ഉണ്ണിയാർച്ചയെ പ്പോലെ ...അഭിമാനപുളകിതരായി...

ഇനിയിപ്പോ കുഴിച്ചിടാൻ മാന്യതയുള്ള ഒരു "ട്രഷർ" വേണം...
അപ്പോഴേക്കും മഹത്തായ ഈയൊരു ലക്ഷ്യത്തിലേക്കായി തന്റെ ജന്മദിനം  special  പുത്തൻ leather ചെരിപ്പുകൾ ദാനം ചെയ്യാൻ  തയ്യാറായി   ഒരു സംഘാഗം മുന്നോട്ട് വന്നു.....അങ്ങനെ ആ പ്രശ്നവും  solved!!
Treasure അങ്ങനെ ഒളിപ്പിക്കപ്പെട്ടു..
പിന്നവിടെ  world cup  നെ വെല്ലുന്ന  hunting ആയിരുന്നു.
സംഘാംഗങ്ങൾ ഒരേ മനസ്സും ഹൃദയവുമായി.....   hunt  ലോട് hunt ൽ. കല്ലിനടിയിലും കല്ലുവെട്ടു മടയിലും തൊഴുത്തിലും .....
എന്തിന് ഉറുമ്പിൻ കൂട്ടിൽ പോലും........ തപ്പോട് തപ്പ്...
വക്ക് കെട്ടാത്ത കുളത്തിനുള്ളിലേക്ക് സംശയദൃഷ്ടിയോടെ എത്തിനോക്കി ഒരു സംഘാംഗം മുറുമുറുത്തു .

 "കുളത്തിലാണെങ്കി ഔട്ടാ ട്ടാ...!"

 "ഒന്നു പോഡാപ്പാ......" ഞങ്ങൾ  മൂവർ സംഘം പരസ്പരം കണ്ണിറുക്കി ചിരിച്ചു.

(സംഗതി  safe ആയി കമുകിൻ ചോട്ടിൽ കുഴിച്ചിട്ടത് ഞങ്ങളീ ഭാരവാഹികളല്ലേ. പോരാത്തതിന് അടയാളത്തിന് ഒരു ഉണക്കക്കമ്പും....!!).

പക്ഷേ....അങ്ങനെ അനർഗനിർഗളം  ഒഴുകികൊണ്ടിരിക്കുന്ന നമ്മുടെയീ കഥക്ക് അവിചാരിതമായ ഒരു റ്റ്വിസ്റ്റുണ്ടായ്ത് ഇവിടം മുതലാണ്...
.(ഹല്ലാ!...എല്ലാ നല്ല കഥക്കും കാണില്ലേ ഒരു റ്റ്വിസ്റ്റ്....)

നമ്മുടെ കഥയിലെ റ്റ്വിസ്റ്റ് സുബ്രുവിന്റെ രൂപത്തിലാണ് വന്നത് എന്ന് മാത്രം..
സുബ്രു... കമുകിനു വെള്ളം തിരിക്കുക,തെങ്ങിനു തടമെടുക്കുക....തുടങ്ങി...
നിരുപദ്രകമായ ജോലികൾ ചെയ്തു വന്നിരുന്ന ഒരു അയ്യോ പാവം.....


അന്നത്തെ സുബ്രുവിന്റെ ആത്മാർഥമായ വെള്ളം തിരിക്കലിൽ
ഞങ്ങളുടെ   അടയാളമോതിരം....ആ ഉണക്ക കമ്പ് ...........
നിലയില്ലാ കയത്തിൽ മുങ്ങിത്താണത് ഞങ്ങളറിയുന്നുണ്ടോ....?

കാടും പടലും...പാറയും ഓലമടലും തുമ്പും തുരുമ്പും ഒന്നും വിടാതെ
ഹണ്ട് പുരോഗമിക്കവേ .....
അതാ ഇടി വെട്ടുന്ന ശബ്ദത്തിൽ....ഡാ പിള്ളേരേ....!! എന്ന മടക്കി വിളി.
6 മണിക്കുള്ള കമ്പനി സൈറൺ കേട്ട തൊഴിലാളിയേപ്പോലെ....കേട്ടപാതി കേൾക്കാത്തപാതി..പീച്ചേ മൂഡ് ...ആഗേ ചൽ മോഡിൽ തിരിഞ്ഞോടാൻ തുടങ്ങിയപ്പോഴാണ് ആ കിളിനാദം കേട്ടത്..
"യ്യോ..ഹെന്റെ ചെരിപ്പ്...."
 അത് ശരിയാണല്ലോ.... ഇനിയിപ്പോ എല്ലവരും തോറ്റ സ്ഥിതിക്ക്"....
നസീർ & ഗ്രൂപ്പ് വിജയികളുടെ മുഖത്ത് മാത്രം കണ്ടു വരുന്ന ആ സ്പെഷ്യൽ
( 15% പുച്ഛവും 50% അഹങ്കാരവും.....ബാക്കി എന്തരൊക്കെയോ....ചേർത്തത്) ചിരിയും മുഖത്തണിഞ്ഞ്...മാന്ത്രികരുടെ വൈഭവത്തോടെ ഉണക്ക കമ്പ് സ്പോട്ട് ചെയ്യാനാരംഭിച്ചു....

എവിടെ...........?
സംഘാംഗങ്ങൾ   കുളത്തിൽ വീണ മഴുവുമായി പൊങ്ങി വന്ന നമ്മുടെ
പഴേ മരം വെട്ടുകാരന്റെ കഥയിലെ വനദേവതയേ പോലെ.......... ചെരുപ്പുമായി വിജയശ്രീലാളിതരായി വരുന്ന  നസീർ & കമ്പനി യെ wait    ചെയ്തത് മിച്ചം.......Mean while... ഞങ്ങളാകട്ടേ...,പരതി പരതി  (over) confidence level താണു....  medium     വും  lower ഉം  lowest  ഉം  ആയി തോറ്റ് തൊപ്പിയി ട്ട് കഴിഞ്ഞിരുന്നു .
പരതൽ അവസാനിപ്പിച്ച് ഞങ്ങൾ ...പുറത്തിറങ്ങിയപ്പൊഴേക്കതാ...വിരുന്നു വന്നവരും വീട്ടിലുള്ളവരുമായി....ഞങ്ങളടക്കമുള്ള..കുട്ടിസംഘത്തിന്റെ  full set  അപ്പനമ്മമാർ  പറമ്പിൽ തേടിയെത്തിയിരിക്കുന്നു....

എല്ലാവരുടേയും മുമ്പിൽ Danger Zone ൽ  eliminate  ചെയ്യപ്പെടുവാൻ ....
റഡിയായി നിൽക്കുന്ന സിംഗറുകളെ പോലെ....
ശുദ്ധ കല്യാണിയിൽ  ഒന്നാം കാലത്തിൽ സംഗതികളൊപ്പിച്ച്......
ഞങ്ങൾ മൊഴിഞ്ഞു....
"അട്ത്ത പ്രാവശ്യം വരുമ്പേക്കും ഞങ്ങള് സത്യായിട്ടും....എടുത്ത് വെക്കാം....."