2024, ജൂലൈ 15, തിങ്കളാഴ്‌ച

മറവി

എന്തോ എവിടെയോ മറന്നു വെച്ച പോലൊരു തോന്നല്‍

ഏതോ പെരുമഴയത്ത്  ഓടിപ്പിടിച്ച് ബസ്സില്‍ കയറുമ്പോള്‍ ..വീട്ടിലെടുത്ത് വെച്ച മടക്കുകുട എടുക്കാന്‍ മറന്ന പോലെ...

ബാഗില്‍ തപ്പിയിട്ടും തപ്പിയിട്ടും കിട്ടാഞ്ഞ .. ..എഴുതിപൂര്‍ത്തിയാക്കിയെന്നുറപ്പുള്ള  ഗൃഹപാഠം പോലെ

പരീക്ഷക്ക് മനഃപാഠമാക്കിയ  രേഖാചിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍..പൊടുന്നനെ മനസ്സില്‍ നിന്നു മാഞ്ഞു പോയതുപോലെ ... 

...എന്തോ കാര്യമായി മറന്നിരിക്കുന്നു....

മഹാമാരിക്കു ശേഷം ..അല്ലെങ്കിലും സുനാമി വന്നടിച്ച തീരം പോലെയാണ് മനസ്സ്.

കൈവിരലുകള്‍ക്കിടയിലൂടൂര്‍ന്നിറങ്ങി പോയ മണല്‍ത്തരികള്‍ പോലെ ,കോടമഞ്ഞു  മൂടിയ ഓര്‍മ്മകളും മുഖങ്ങളും

തൂമ്പാ വെയ്ക്കുന്നിടത്ത്  തുണിയും , തുണി വെയ്ക്കുന്നിടത്ത് ആണിയും വെയ്ക്കുന്ന  

മുട്ടായി കളഞ്ഞ്  മുട്ടായിക്കടലാസ്സ് വായിലിടുന്ന ...തിരയടിച്ചുയരുന്ന മറവി...

എന്നാലും എന്താവോ മറന്നത് ???

കരിക്കിന്‍ വെള്ളം പോലെ പെയ്തിറങ്ങിയ നനയാന്‍ മറന്ന ജൂണ്‍മാസ മഴകളെയാണോ..?

വീണ്ടെടുക്കാനാവാത്ത മറവികള്‍ കൂട് കൂട്ടിയ മാറാലകളില്‍ പൊതിഞ്ഞ് ..അടുത്തുണ്ടായിട്ടും കൈപ്പിടിക്കാതെ വിട്ട സൗഹൃദങ്ങളേയോ…?

 ജീവിച്ചു തീര്‍ക്കാന്‍ അര്‍ദ്ധവിരാമമിട്ട് മാറ്റിവെച്ച  സ്വപ്നങ്ങളെയോ?

അതോ ഇനിയും ...എഴുതി പൂര്‍ത്തിയാക്കാതെ വിട്ട ... അടുക്കും ചിട്ടയുമില്ലാതെ .. ചിതറിത്തെറിച്ച് ഉരുണ്ട് നടക്കുന്ന  എന്റെ തൊന്ന്യക്ഷരക്കുഞ്ഞുങ്ങളെയാണോ?

ഇവിടത്തെ  സ്വര്‍ണ്ണനിറമുള്ള  വെയിലില്‍  കോടമഞ്ഞുരുകുന്നത് പോലെ ഉള്ളിലെ വേനല്‍ച്ചൂടിലീമറവിമഞ്ഞുമുരുകുമായിരിക്കും... 

നോക്കട്ടെ.... ഒന്നേന്നു  മുതല്‍  എല്ലാം തിരിച്ചുപിടിക്കണം.. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ