2013 ജൂലൈ 11, വ്യാഴാഴ്‌ച

ചാലിശ്ശേരി രാമൻ

"അവനവൻ ഇരിക്കുന്നിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കും "

എന്ന തലമുറകൾ പഴക്കം ചെന്ന ചൊല്ലിന് ഞങ്ങൾ കൂടുക്കൂട്ടിയ തലസ്ഥാന നഗരത്തിലെ ഈ സ്നേഹത്തീരത്ത്... അല്ലറ ചില്ലറ ഭേദഗതികൾ വരുത്തേണ്ടി വരും എന്നു തോന്നാൻ തുടങ്ങിയത്....സൂക്ഷം... 20 മണിക്കൂറും 14 മിനുട്ടും മുൻപു മുതലാണ്....

കഴിഞ്ഞ ദിവസം ഞങ്ങളുടെ ഇളയ രണ്ടു വാലൻ കിളികളുടെ..  കാ കീ കീ പീ പീ എന്നുള്ള പതിവ് ചിലക്കലിനു പകരം living room ഇൽ നിന്നു ഗൊരങ്ങ്,ഗൊരങ്ങ് ......കൊങ്ങൻ കൊങ്ങൻ...എന്ന് മണിപ്രവാളത്തിലും.. മങ്കി മങ്കി എന്ന് ശുദ്ധ ആംഗലേയത്തിലും...അതും പോരാതെ "ഞങ്ങ കൊരങ്ങിനെ റോസ്റ്റ് ചെയ്ത് കഴിക്കും.."എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ഞങ്ങടെ ജാർഘണ്ഡ്കാരി പെങ്കൊച്ചിന്റെ ബന്തർ ബന്തർ എന്ന് ശുദ്ധ ഹിന്ദുസ്ഥാനിയിലും ഉള്ള  അലമുറ കേട്ട്  ഓടിയെത്തിയപ്പോൾ കണ്ടത് മേൽപ്പറഞ്ഞ ചൊല്ലിനെ അന്വർത്ഥമാക്കുമാറ്... വിശാലമായി  sofa ഇൽ  ചാരിക്കിടന്ന്......

"സഹോദരീ അമറാതേ!!.." എന്ന മട്ടിൽ ഹിന്ദിക്കാരി കൊച്ചിനെ വട്ടക്കണ്ണുരുട്ടുന്ന മർക്കടകുമാരന്റെ അതിവിദഗ്ധ പോസുകളൊന്നിന്റെ നയനസുന്ദരമായ കാഴ്ച് യായിരുന്നു......

അന്തം വിട്ട ഞങ്ങളുടെ വരവ്.... കണ്ടിട്ടും ഒരു കൂസലും ഇല്ലാതെ ," COUNTRY FELLOWS..!!!   ഇവരെന്താ...കുരങ്ങനെ ജീവിതത്തിലാദ്യം കാണ്വാ...." എന്നു പരമപുച്ഛത്തിൽ ഏറുകണ്ണിട്ട് നോക്കി... ലവൻ ഞങ്ങടെ മാർത്തക്കുട്ടിയുടെ പച്ച ക്രയൊൺ പെൻസിൽ ചവച്ചു തിന്നുകൊണ്ടിരുന്നു.

ങാ ഹാ! എന്നാൽ പിന്നെ രണ്ടാലൊന്നു അറിഞ്ഞിട്ട് തന്നെ വേറെ...!!

നീയോ, ഞാനോ ആരെങ്കിലും ഒരാൾ മതി ഇവിടെ.....എന്ന് തീരുമാനിച്ചുറപ്പിച്ച്...വടി, തെറ്റാലി, പടക്കം ആദി മാരകായുധങ്ങൾ സഹിതം എന്റെ പ്രാണനാഥനും...കല്ല്, തീപ്പെട്ടി, മെഴുകുതിരി എന്നിങ്ങനെയുള്ള " touchings" ഉം ആയി പതിവ്രതയായ ഈയുള്ളവളും പൂർവ്വധികം ശക്തിയോടെ scene ഇൽ റീ എന്ട്രീ നടത്തലും ,

ഞങ്ങളെ ഒന്നിരുത്തി നോക്കി ...

ഫൂ !!.ദാ കിടക്കുന്നു നിങ്ങടെ...!! എന്ന്.... പകുതി കടിച്ച ക്രയോൺ പെൻസിലും നീട്ടിത്തുപ്പി.... .അവൻ വന്ന ജനാലയിൽ കൂടിതന്നെ ചാടി മറയലും ഒപ്പം കഴിഞ്ഞു.  

ഈ സീനിലെ ഏതോ ഒരു element പണ്ട് മീനിന്റെ വയറ്റിൽ നിന്ന് കിട്ടിയ മോതിരം കണ്ടപ്പോൾ ശകുന്തളയുടെ കംപ്ളീറ്റ്  അഡ്രസ്സ് , പിൻ കോഡ് അടക്കം  ഓർമ്മ വന്ന ദുഷ്യന്ത മഹാരാജാവിനെ പോലെ  ,ഈയുള്ളവൾക്കും മറവിയുടെ മാറാലകൾ കെട്ടിയ മനസ്സിന്റെ കോണുകളിലെവിടെയോ..ഒരു നിഷ്കളങ്കമുഖം തെളിഞ്ഞുവന്നു.....

അവനാണ് നമ്മുടെയീ കഥയിലെ നായകൻ.....രാമൻ.....

തെന്നാലിരാമന്റെ....സ്വഭാവമുള്ള.....കല്യാൺസിൽക്സിന്റെ കല്യാണരാമന്റെ നിഷ്കളങ്ക മുഖമുള്ള.....

നമ്മുടെ ചാലിശ്ശേരി രാമൻ !!!

ഇങ്ങനെയൊകെയുള്ള നമ്മുടെ നായകനെ പരിചയപ്പെടുത്തുന്നതിനു മുൻപ്....ഈ മഹാസംഭവത്തിനെ ഞങ്ങൾക്കിടയിലേക്ക് ഒരു  super duper hit cinema യുടെ  എല്ലാ ചേരുവകളോടും കൂടെ  launch ചെയ്ത മറ്റൊരു  very very important  കഥാപാത്രത്തെ പരിചയപ്പെടേണ്ടതുണ്ട്. ഇപ്പോൾ late ആയി പോയ ഇദ്ദേഹം, വകയിൽ ഞങ്ങളുടെ ഒരകന്ന ചാർച്ചക്കാരനായിട്ട് വരും.

ചില സത്യൻ അന്തിക്കാട് സിനിമകളിലെ ലൊക്കേഷൻ പോലെ...പ്രശാന്ത സുന്ദരവും.. സസ്യശ്യാമളകോമളവും...ആയ തൃശ്ശൂർ ജില്ലയിലെ ഒരുൾനാടൻ ഗ്രാമത്തിൽ ടി മഹാനുഭാവൻ സഹധർമ്മിണിയോടും പത്ത് കുഞ്ഞുങ്ങളോടും കൂടെ പാർത്തു വന്നു.

ബേസിക്കലി, സ്കൂളുകളുടെ മുൻപിൽ കപ്പലണ്ടി, അരിയുണ്ട, നാരങ്ങമുട്ടായി. തുടങ്ങിയവയുടെ വില്പനയായിരുന്നു ഇദ്ദ്ദേഹത്തിന്റെ തൊഴിൽ. എന്നാൽ നീളമുള്ള ഒരു കുടുംബപ്പേരും അതിന്റെ പത്രാസും അല്ലാതെ കൈയ്യിൽ അണ,പൈ,..e.t.c ഒന്നും ഇല്ലാത്തതിനാലും 10 മൈനറുകളും 2 മേജറുകളും അടങ്ങുന്ന small familyയുടെ വയറു നിറക്കുക എന്ന Moral responsibility ഉള്ളതുകൊണ്ടും , പുള്ളി  business sales  കുറഞ്ഞ അവസരങ്ങളിൽ ചില്ലറ വേലത്തരങ്ങളും വിളച്ചിലുകളും...കാട്ടി ദൈന്യംദിന ചിലവുകൾ അഡ്ജസ്റ്റ് ചെയ്ത് പോന്നു.

കുടുംബം ഒന്നായതിന്റെ പേരിൽ....ടിയാൻ അന്നൊക്കെ ഞങ്ങളുടെ വീട്ടിൽ നടക്കുന്ന കല്യാണം മാമോദീസാ തുടങ്ങി ഒട്ട് മിക്ക വിശേഷങ്ങളിലും ഒരു സ്ഥിരം ചേരുവയായിരുന്നെന്ന് പറയുന്നതിൽ തെറ്റില്ല.അങ്ങിനെയുള്ള ഏതോ ഒരു അസുലഭമുഹൂർത്തത്തിലാണ് പുള്ളി, രാമന്റെ ഹീറോയിസങ്ങളുടെ കെട്ട് തുറന്നത്

അതിരാവിലെ , exactly  പറയുകയാണങ്കിൽ കാക്ക കരയുന്നതിനു മുൻപെ ഉണരുന്നവൻ ...........രാമൻ!!.  അപരിചിതരാരെങ്കിലും ഗേറ്റ് കടന്നാൽ... .വിവരം തരുന്നവൻ...........രാമൻ!! അത്യാവശ്യം സർക്കസ്സ് അഭ്യാസങ്ങൾ കാണിച്ച് ആളുകളെ കൈയ്യിലെടുക്കുന്നവൻ.........രാമൻ!! ഇതൊന്നും പോരാതെ, ഒഴിവുസമയങ്ങളിൽ വീട്ടിലെ പെണ്ണുങ്ങളുടെ തല നോക്കി കൊടുക്കുന്നവൻ.....രാമൻ!! എന്തിനധികം പറയുന്നു ജന്മം കൊണ്ട് വാനരനാണെങ്കിലും.......രാമനെന്ന നമ്മുടെ താരത്തെ പറ്റി, പുള്ളിയുടെ തന്നെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "ഇത്രയും ബുദ്ധിയുള്ള ഒന്നിനേയും ഞാനിത് വരെ വളർത്തിയിട്ടേ  ഇല്ല "   എന്നായിരുന്നു.

മേൽപ്പറഞ്ഞ ആ പൊന്നോമനയെ ഒരു സുപ്രഭാതത്തിൽ  വേറെ ഒരു ദുരുദ്ദേശപരങ്ങളായ  പ്രകോപനങ്ങളും ഇല്ലാതെ ...... ജസ്റ്റ് ലൈക് ദാറ്റ്....പുള്ളി ഞങ്ങടെ അമ്മാച്ചന്  അങ്ങടാ  സമ്മാനിച്ചു .

വേനലവധി തുടങ്ങിയാൽ  ..ചെറുതും വലുതും , മുട്ടിലിഴയുന്നതും ... മൂക്കിളയൊലിപ്പിക്കുന്നതും  ...ഒക്കത്തുള്ളതും ആയി മിനിമം ഒരു ഡസൻ പ്ലസ് പിള്ളേർസ്  കിട്ടിയ വണ്ടിയും ബസ്സും  പിടിച്ച് 'അമ്മ വീട്ടിലേക്ക് ഇരച്ചു കയറുക  പതിവായതു കൊണ്ട് .

"..ഒരു......സിമ്പിൾ...എന്റർടൈൻമെന്റ്.."

അത്രേ...ഒരു മിസ്അണ്ടർസ്റ്റാൻഡിങ്ങും  ഇല്ലാതെ ആ പാരിതോഷികം വാങ്ങിയപ്പോൾ  നമ്മടാളും  കരുതിയുള്ളൂ .

രാമന് പിൻചായ്പ്പിലെ  അറ്റത്തുള്ള  ഒറ്റ കിളിവാതിൽ മുറിയിൽ ഫുഡ് ആൻഡ് അക്കോമഡേഷൻ  റെഡി ആയി. കാണാൻ വരുന്ന   ഓഡ്യൻസിനു.... വല്യ ശല്യമില്ലാതെ  രാമൻസ് പെർഫോമൻസ്  കാണാൻ  മെഷ് അടിച്ച  ടെംപോററി വാതിലും.

സംഗതികൾ എല്ലാം കൊണ്ടും ശുഭം :

അങ്ങനെ നമ്മുടെ  ചാര നിറത്തിലുള്ള...നിഷ്ക്കളങ്ക മുഖവും വെള്ളാരങ്കണ്ണും ... അതിലുള്ള .. "നീയാരാടാ ...പോലീസാ ...!! എന്ന കൂസലില്ലാ ഭാവവും ഉള്ള രാമൻ  ആരാധക വൃന്ദങ്ങളുടെ   അഭിവാദ്യങ്ങളും  ഏറ്റു വാങ്ങി കൊള്ളൻ തറവാട്ടിലെ അന്തേവാസിയായി.

വേനലവധിയായി.....പ്രതീക്ഷിച്ച കണക്ക് കുട്ടിക്കൂട്ടവുമിങ്ങെത്തി. രാമൻസിന്റെ  സ്റ്റാർവാല്യൂവും  ടി ർ പി  റേറ്റും  സാക്ഷാൽ രാമാനന്ദ സാഗറേട്ടന്റെ  രാംജി ക്കു പോലും ഒരു വെല്ലുവിളിയായി  മാറിത്തുടങ്ങി  .

കാണാൻ  ഓഡ്യൻസ്  കൂടുന്തോറും രാമൻസിന്റെ  പെർഫോമൻസ് വിഗർ കൂടിക്കൂടി  വന്നു ....

അത് പോലെ  മൂന്നു നേരമുള്ള പോഷകസമൃദ്ധമായ ഫുഡിന് (ഫ്രൂട്ട്സും ഡിസേര്ട്ടും  അടക്കം...) പുറമേ ഓഡ്യൻസ് വക മുട്ടായികളായും  ബിസ്‌ക്കറ്റുകളായും  സ്പെഷ്യൽ  പെർക്സ് ഉം  രാമൻസ് സുഭിക്ഷം അനുഭവിച്ചു പോന്നു.

ദിവസങ്ങൾ  ഫൈറ്റെർ  ജെറ്റ്  വിമാനത്തേക്കാൾ  സ്പീഡിൽ പറന്നു നീങ്ങി  കൊണ്ടിരുന്നു....

ആർത്തലച്ച് .....വേനൽമഴ  പെയ്തിറങ്ങി .

മുത്തിക്കുടിയൻ  മാവ് , മാങ്ങ പഴുത്ത്  വീഴുന്നത്  ബോറടിച്ച്  അത് നിറുത്തി .

രണ്ട്‌ മാസത്തെ വേനൽ  അവധിക്ക്   അങ്ങനെ ഒരറുതിയായി.

പിള്ളേർസിനെ  ഓരോരോ ഗ്രൂപ്പുകളായി  അവനാന്റെ ഉടയോന്മാർ  കണ്ണുരുട്ടിയും ഭീഷിണിപ്പെടുത്തിയും അടുത്ത അധ്യയനവര്ഷത്തിലേക്ക് കൂട്ടിക്കൊണ്ടും പോയി .

ഒഴിഞ്ഞ സർക്കസ് കൂടാരം പോലെ രാമന്റെ ഗ്യാലറിയും കാലിയായി. വന്ന്  വന്ന്  അടക്ക പൊളിക്കാൻ വരുന്ന കുഞ്ഞുവോ ചക്കിയോ ..രണ്ടു വിശേഷം ചോദിച്ചാലായി . 

മഴ പിൻവാങ്ങിയ  ഒരവധി ദിവസം  ..ഒരുച്ച തിരിഞ്ഞ  നേരത്ത് .... പിൻവരാന്തയുടെ ഓരം പറ്റി...മില്ല്, പറമ്പ്,  പശു .. ആദി പതിവ്  സൂപ്പർവിഷൻ  ഡ്യൂട്ടികളുമായി  നടന്നു പോയിക്കൊണ്ടിരുന്ന   അമ്മാച്ചന്റെ മുന്നിലേക്ക് പെട്ടന്നാണ്  ...അതിഭീകര ശബ്ദത്തോടെ എന്തോ ഒന്ന് വന്ന് വീണത്. ഏറെ ഉയരത്തിൽ നിന്ന് വീണതിന്റെ ആഘാതത്തിലാവാം .... അത് പൊട്ടിത്തകർന്നു തരിപ്പണമായി .....

വല്ല  ഉൽക്കയും   ആണോ ...............?   സ്കൈ-ലാബിനെ  ഏതു നിമിഷവും താഴേക്ക് പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന സമയമാണ്  ....  
ഇനി അതിന്റെ വല്ല മുഴുത്ത പീസും..?

ഒന്നേ നോക്കിയുള്ളൂ .........അതാ ഒറ്റക്കിളിവാതിൽ മുറിയുടെ ഓട്ടിൻപുറത്ത് അടുത്ത .മൂലോടും കയ്യിൽ പിടിച്ച് ....എറിയുന്ന പോസിൽ ....മിസ്റ്റർ .രാമൻ !!!!

ന്യുറോസിസിൽ  തുടങ്ങി സൈക്കോസിസിന്റെ ...... അതിസങ്കീർണ്ണമായ .....വേർഷനിൽ  നിൽക്കുന്ന രാമന്റെ അടുത്ത  മൂലോട് -സെർവിങ്  ..... ഉന്നം തെറ്റാതെ തന്റെ മെഡുല ഒബ്ലാങ്കട്ട യുടെ  പരിപ്പും കൊണ്ട് പോകും എന്നുള്ള തിരിച്ചറിവിൽ ....തരിച്ച്....പ്രത്യേകിച്ച്  ഒരു ചുക്കും ചെയ്യാനില്ലാതെ .... പുള്ളി  സ്റ്റക്ക്  ആയി ആ നിൽപ്പ് നിന്നു.

ഉണ്ട ഫുഡിനോടുള്ള നന്ദി കൊണ്ടാണോ അതോ ബോറടി കൊണ്ടാണോ എന്നറിയില്ല രാമൻ  എറിയൽ  തല്ക്കാലം ക്യാൻസൽ ചെയ്തു .....വേറെ  കൊള്ളാവുന്ന പരിപാടിക്ക് പോയി ...അമ്മാച്ചന് ശ്വാസവും നേരെ വീണു .

ഇതോടെ മൂലോടും ...രാമൻസ് എഫക്റ്റും .....ഒബ്ലാങ്കട്ടയും....എല്ലാം കൂടി തറവാട്ടിൽ ഒരു ഭീകാന്തരീക്ഷം സംജാതമായി .

പിൻവരാന്തയും ..ഒറ്റക്കിളിവാതിൽ  മുറിയും ....അതിന്റെ പ്രാന്തപ്രദേശങ്ങളും ... റെഡ് സോൺ  ആയി പ്രഖ്യാപിക്കപ്പെട്ടു.

വഴിയാത്രക്കാർക്ക്   ഹെൽമെറ്റ്  നിർബന്ധമാക്കി ....

അവശ്യ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ  ..... കളക്ഷൻ ...ലോഡിങ് ...അൺലോഡിങ് ...ഇതിനെല്ലാം  ..മില്ലിലൂടെയുള്ള വളഞ്ഞ ഊടുവഴി പ്രത്യേക നിഷ്കർഷകളോടെ തുറന്നു കൊടുക്കപ്പെട്ടു .

മാടമ്പിള്ളിയിലെ ഈ ഭീകര വിളയാട്ടം ...ചാലിശ്ശേരിയുടെ  ലോക്കൽ സൈറ്റ് സീയിങ്    ആൻഡ്  ടൂറിസം മാപ്പിൽ  കൊള്ളൻ  തറവാടിനെ  ചുവന്ന മഷിയിൽ അടയാളപ്പെടുത്തി  ...എന്നത്  അപ്രസക്തമായ മറ്റൊരു  പ്രസക്ത വാൽകഷ്ണം 

പിടികിട്ടാപ്പുള്ളി രാമൻസിനെ പിടിച്ചു കൊടുക്കുന്നവർക്ക്  തക്കതായ ഇനാം പ്രഖ്യാപിക്കപ്പെട്ടു . അനവധി ബ്രേയ്‌നുകൾ ഒത്തൊരുമിച്ച്  വർക്ക് ചെയ്ത്  പലേ സ്ട്രാറ്റജിക്കൽ വലകളും  നെയ്തുണ്ടാക്കി. ബാക്ക്ഗ്രൗണ്ടിൽ അതിവിദഗ്ദ്ധമായ കരുനീക്കങ്ങൾ  പലതു നടന്നു .

ആദാമിന് ഹവ്വാ  കൊടുത്ത  ആപ്പിൾ  പോലെ ...ഓട്ടുമ്പുറത്തേക്ക്  ഏതോ  അജ്ഞാത സങ്കേതത്തിൽ നിന്നും തൊടുത്തു വിട്ട പാളയംകോടൻ പഴം ഒറ്റച്ചാട്ടത്തിനു ക്യാച്ച് ചെയ്ത്... രാമൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനമായി.

പഴം കഴിച്ച്  പാടേ റൺ ഔട്ട് ആയി തൂങ്ങിപിടിച്ച് മയങ്ങിയിരുന്ന  രാമൻസിനെ  തറവാട്ടിലോട്ട്  ട്രാൻസ്‌പോർട്ട് ചെയ്ത .....സെയിം ദ്വാരങ്ങളിട്ട  വീഞ്ഞപ്പെട്ടിയിൽ  പാക്ക് ചെയ്ത് ...ഭദ്രമായി ബാക്ക് ഡിക്കിയിൽ  വെച്ച് ....., ചാരകളറിലുള്ള KL-8-5656  അംബാസിഡർ കാർ ... ഫുൾ സ്പീഡിൽ സോഴ്സ് ലൊക്കേഷൻ ലക്ഷ്യമാക്കി പുറപ്പെട്ടു .

" ഉപ്പാപ്പാ....ഈ ഉരുപ്പടി ഞാൻ പോയീട്ട് തൊറന്ന് നോക്കിയാ മതീ ട്ടാ !!! " വീഞ്ഞപ്പെട്ടി വാരാന്തയിൽ വെച്ച്  അമ്മാച്ചൻ മൊഴിഞ്ഞു ..

ഉപ്പാപ്പൻ  ഒന്നിരുത്തി മൂളി .... ആൻഡ് വിത്ത് ഔട്ട് എനി എക്സ്പ്രെഷൻ ....

"ഡാ !! ഇവനേ... നല്ല മണി മണി പോലെ വർത്താനം പറയണ തത്തേനെ  വേണാ   നെനയ്ക്ക്  ?? "..

"അയ്യോ വേണ്ട ഉപ്പാപ്പാ .....സത്യായിട്ടും വേണ്ടാഞ്ഞിട്ടാ ...."  

ഇത്  പറയലും നൂറേ നൂറിൽ  നുമ്മ പറഞ്ഞ നടൻ .. തുരന്ത്  അതിർത്തിയും കടന്ന്‌ 
ജസ്റ്റ്  വാനിഷ്ഡ് ഇൻ ടു  ദി  തിൻ  എയർ ...
എന്താല്ലേ !!!!!

2013 മേയ് 31, വെള്ളിയാഴ്‌ച

ഓട്ടിൻപ്പുറത്തെ വർണ്ണക്കാഴ്ചകൾ..........

അക്കാലങ്ങളിൽ കുട്ടികൾ ക്ക് ഉച്ചയൂണിനു ശേഷം കമ്പൽസറി ഉറക്കം എന്നൊരേർപ്പാട് നിലനിന്നിരുന്നു.അന്നത്തെ ന്യു ജനറേഷൻ ആന്റിമാരുടെ പുതിയ ചില തട്ട്പൊളിപ്പൻ ഭരണപരിഷ്ക്കാരങ്ങളിൽ പെട്ടതായിരുന്നു ഈ ഐറ്റം.

അതു വെറും ഭരണപരിഷ്കാരങ്ങളല്ലായിരുന്നുവെന്നും....ഞങ്ങളുടെ "ഗവേഷണ തത്പരത" പാടേ ഉന്മൂലനം ചെയ്യാനുള്ള ചില നയതന്ത്രപരങ്ങളായ കരുനീക്കങ്ങളായിരുന്നുവെന്നുമുള്ള തിരിച്ചറിവിൽ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ പലരും   ഇതിനെതിരേ  ഉയർത്തുകയുണ്ടായിയെങ്കിലും ...എല്ലാം നിർദ്ദയം അടിച്ചമർത്തപ്പെട്ടു.


സോ..ഞങ്ങൾ മൂവർ സംഘം ഈ വിലപ്പെട്ട  സമയം..ഉറങ്ങുക എന്ന പേരിൽ തട്ടിൻപുറത്തിരുന്ന് പുതിയ പദ്ധതികളുടെ കരട് രേഖകൾ തയ്യാറാക്കുന്നതിലും.. "ആയുധശേഖരണത്തിനും" ഫലപ്രദമായി വിനിയോഗിച്ചു പോന്നു.


ആയുധശേഖരണം ന്ന് വെച്ചാൽ..

ഞങ്ങളുടെ ദൈനംദിന പരീക്ഷണ നിരീക്ഷണങ്ങൾക്ക് അവശ്യം വേണ്ടവയും ന്നാലോ ....പ്രായപരിധി വെച്ച് കിട്ടാനിടയില്ലാത്തതും ആയ റ്റൂൾസ്.....
(തീപ്പെട്ടി,കത്തി,എണ്ണ,മണ്ണെണ്ണ,മെഴുകുതിരി,ഉപ്പ്....ഇത്യാദി...ഇതിൽ പെടും.)
ഏതു വിധേനയെങ്കിലും...കട്ടോ...പിടിച്ച് പറിച്ചോ, ഭീഷണിപ്പെടുത്തിയോ സംഘടിപ്പിക്കുക.....
ഇതിനിടയിൽ പിടിക്കപ്പെട്ടാലും........തളരാതെ...ലക്ഷ്യം കാണും വരേയും ശ്രമിച്ചു കൊണ്ടേയിരിക്കുക...
ഇതായിരുന്നു നയം


അങ്ങനെ ഒരുച്ച തിരിഞ്ഞ നേരം.......പലേ ഹിഡൻ അജണ്ടകളുമായി അവിടവിടെ മണപ്പിച്ചു നിന്ന ഞങ്ങളിൽ ചിലരെ  "പോയി കിടന്നുറങ്ങാൻ നോക്കഡാ...!!" എന്ന് ആട്ടിപ്പായിച്ച്....


ഓൾഡ് + ന്യൂ ജനറേഷൻ ആന്റി സെറ്റ് ഉച്ചയൂണും കഴിഞ്ഞ് ..നവവധുവിന്റെ കൈയ്യിലെ കുട്ടിബൊക്കെ പൊലെ യുള്ള  പഴുത്ത പൊർട്ടബ്ൾ....ഞാലിപ്പൂവൻ കുലയും,അന്ന് കാലത്ത് പഴുത്ത് വീണ മുത്തിക്കുടിയൻ മാങ്ങയും,....പഴച്ചക്കയു മായി  വീട്ടുവിശേഷങ്ങളുടേയും നാട്ട്വിശേഷങ്ങളുടേയും കെട്ട്തുറന്നു ഏതാണ്ട്സെറ്റപ്പായി കഴിഞ്ഞു.

ഞങ്ങള് പതിവു പോലെ ഉമ്മറത്തിനു മുകളിലെ ബ്രാന്താ അല്ലെങ്കിൽ ബാൽകണിയിൽ പതിവു പരിപാടികളിൽ വ്യാപൃതരായി.
ഉമ്മറത്തിനു മുകളിലെ മേൽപ്പറഞ്ഞ ബാൽകണിക്ക് ഒരു പ്രത്യേകതയുണ്ട്.സിമെന്റുംകളം പോലെ തന്നെ പറമ്പിലെ അടക്കയുടെ ഒരു പ്രധാന ഉണങ്ങൽ കേന്ദ്രമായിരുന്നു ടി സ്ഥലം... 

അതായത്..ക്രമമനുസരിച്ച്....
പറമ്പിൽ നിന്ന് പറിച്ച പഴുത്ത അടക്കയുടേത് സിമെന്റുംകളം,ബാൽകണി,ചാക്ക് എന്നതും 
പൊളിച്ച അടക്കയുടേത്... 
ബാൽക്കണീ,ചാക്ക്,അറ(പത്തായം) എന്നതും ആയിരുന്നു...സ്ഥാനങ്ങൾ...
 അതായത് ബാൽകണിയിൽ എപ്പോഴും അടക്ക ഉണങ്ങാൻ വിരിച്ചിട്ടിരിക്കും എന്ന് സാരം.......
അങ്ങിനെയൊക്കെയുള്ള മർമ്മപ്രധാനമയ ഈ സ്ഥലം തന്നെ ഞങ്ങളുടെ ഇൻ ഹൗസ് ആപ്പീസ് ആക്കിയതിനു പിറകിൽ ഒന്നല്ല രണ്ടല്ല മൂന്ന് വൻ കാരണങ്ങളാണ് ഉണ്ടായിരുന്നത്.

ഒന്ന്: ഭൂമിയിലുമല്ല ആകാശത്തിലുമല്ല എന്ന നിലക്കുള്ള ത്രിശങ്കു സ്വർഗ്ഗത്തിന്റെ ഒരു   simulation effect   ഉള്ളതും സർവ്വോപരി ഞങ്ങടെ അന്നത്തെ നെലക്കും വെലക്കും ചേർന്നതും എന്നത്.

രണ്ട്: "അടിസ്ഥാനമിളകിയാൽ നീതിമാൻ എന്ത് ചെയ്യും ??" എന്ന സങ്കീർത്തനക്കാരന്റെ വചനം.......അന്വർത്ഥമാക്കുമാറുള്ള മേൽപ്പറഞ്ഞ സെറ്റപ്പ്.....ഞങ്ങളെ,താഴെ നിന്നും സ്റ്റ്പ്പ് കയറി വരാനിടയുള്ള ചെറുതും വലുതുമായ സർവ്വത്ര പാരകളിൽ  നിന്നും കാത്തുകൊള്ളും എന്ന ഉറച്ച വിശ്വാസം.


മൂന്ന്: cctv     അത്ര  പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് അടുക്കള എന്ന  ഞങ്ങളുടെ പ്രധാന ശത്രുപാളയത്തെ ഓടിനിടയിലൂടെ നിരീക്ഷണ വിധേയമാക്കാവുന്ന ആ വീട്ടിലെ ഏക സ്ഥാനം.

നാഴിക മണി ഒറ്റയടിച്ചു...രണ്ടടിച്ചു......

അടുക്കള സഭ...തല ചായ്ക്കൽ ,നടുവ് നീർക്കൽ  ആദി കലാപരിപാടികൾ മൂലം  അംഗങ്ങൾ..കുറഞ്ഞ് ഈർകിൽ പാർട്ടിയായി മാറി....
അപ്പോഴെക്കും...പതിവു പരിപാടികൾ ബോറടിച്ച്...മണിയൊന്ന് അഞ്ചടിക്കാനുള്ള കാത്തിരിപ്പിൽ...കണ്ണിൽ എണ്ണ,മണ്ണണ്ണ എന്നിങ്ങനെ എന്ത് വേണമെങ്കിലും ഒഴിക്കാം എന്ന സ്ഥിതിയിലെത്തി ഞങ്ങളുടെ അവസ്ഥ........
അതേ...ആ ബോറടിയുടെ....ബൈ പ്രൊഡക്റ്റ് ആയിരുന്നു.... എന്തെങ്കിലും ഇന്നവേറ്റീവ് ആയി ... ചെയ്യാനുള്ള ആ "ത്വര" ....

Usually,

ഇത് പോലുള്ള "ത്വര",വീട്ട്കാരിൽ നിന്ന് കിട്ടുന്ന "അടി",
പിന്നേ last  ഇൽ ഉള്ള " ചമ്മിയ പല്ലിളി"  ഇവയെല്ലാം സംഭവിക്കുന്നത് ഞങ്ങൾക്ക്...ഒരേ സമയങ്ങളിലും,ഒരേ കാര്യത്തിനും..ഒരേ പോലെയും ,ഒരേ Sequence ലും  ആയിരിക്കും..

എന്താ അങ്ങിനെ ആവോ?


ശ്രീനിവാസൻ പണ്ട് വടക്ക്നോക്കി യന്ത്രത്തിൽ ചോദിച്ച പോലെ, "ഇതൊരു രോഗമാണോ ഡോക്ടർ ..????" എന്ന് വേണമെങ്കിൽ.ഈ situation  ഇൽ ചോദിക്കാവുന്നതാണ്....  

As Usual, suggestions...പലത് വന്നു...
അടക്കയുടെ മേലെകൂടി ഒരു Running Race  ????
ഛായ്!!! ബോറ്....ഇതിലെന്ത് Innovation!!!!
ok.വേണ്ട...ദാ കിടക്കുന്നു വേറൊന്ന്...
തുണി വിരിക്കുന്ന അഴയിൽ തൂങ്ങി ടാർസൻ കൂട്ട് ഒരു diving..
very good..
അഴയിൽ തൂങ്ങിയതേ അറിഞ്ഞുള്ളൂ....ഡും!!...മൂന്നും മൂഡും കുത്തി താഴെ...
ജാംബവാന്റെ കാലത്തെ ആ പാവം അഴ സ്വപ്നത്തിൽ പോലും തന്റെ നേർക്ക് ഇത്രക്കും വല്യ  അക്രമം വരുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല...
........ ആ പരിപാടി അതോടെ നിറുത്തി
അപ്പോഴാണ് അന്ത അപാര   sooper duper IDEA   ഞങ്ങളിലൊരാളുടെ തലയിൽ പൂരത്തിന്റെ പത്ത് നിലയുള്ള വർണ്ണ അമിട്ട് പോലെ വിരിഞ്ഞത്.
Yesss!!സംഘാങ്കങ്ങൾ വരി വരിയായി   Take Offന്       തയ്യാർ.....
ഒറ്റ ചാട്ടത്തിൻ കൈവരി ചാടികടന്ന്...നിമിഷാർദ്ധത്തിന്റെ നേരം പോലും എടുക്കാതെ....ഓട് മേഞ്ഞ ചായ്പിൻ മുകളിൽ മൂന്ന് പേരും റഡി...

Life Belt ആയി നേരത്തെ തകർന്നടിഞ്ഞ് തരിപ്പണമായ "ഞങ്ങൾ",തൂങ്ങിയ അഴ.....അതിന്റെ ഒരറ്റം കൈവരിയിൽ കെട്ടി... അതിൽ പിടിച്ച് ഒറ്റ വരിയിൽ... അരി പൊടിക്കുന്ന മില്ലിനഭിമുഖമായി...ഒരേ ചരടിൽ കൊരുത്ത മൂന്ന് മണികൾ പോലെ...വരിവരിയായി ...മാലയായി ....ഞങ്ങൾ യാത്ര തുടങ്ങി .
Starting trouble ഒന്ന് മാറിയപ്പോഴേക്ക്...കയറും വിട്ട് മാലയും  തെറ്റിച്ച്  Free styleലും നടപ്പ് പുരോഗമിച്ചു..ആ നടപ്പിൽ..താഴെ കാണുന്ന പൂച്ചവാലന്റെ  പൂവിനുപോലും  എന്താ ഒരു ഭംഗി!!!

ഞങ്ങളുടെയീ ജൈത്രയാത്ര കണ്ട്,  മൂലൊടിന്റെ മുകളിൽ കുറച്ചകലെ Stuck ആയി രണ്ട് കാലിൽ  ഇരുന്ന ഒരണ്ണാൻ....."കർത്താവേ!!! ലോകവസാനം അടുത്തുവെന്ന് പറയുന്നതെത്ര ശരി..." എന്ന മട്ടിൽ താഴേ ഗ്രൗണ്ടിലേക്ക് എടുത്ത് ചാടി വാലും പൊക്കി  ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു....


സമയം പോയതറിഞ്ഞതെയില്ല.....!!!!

അഞ്ചു മണിയും കഴിഞ്ഞ് എത്രയോ കഴിഞ്ഞു എന്ന് വട്ടപ്പറമ്പിൽ നിന്ന് പണിയും കഴിഞ്ഞ് വന്ന കുഞ്ഞുവിന്റെ തലവട്ടം കണ്ടപ്പോഴാണ്...മൂവർ സംഘത്തിന്  ബോധോദയമുണ്ടായത്..
സർക്കസ്സ്ക്കാരുടെ മെയ് വഴക്കത്തോട് കൂടി അതിവിദഗ്ധമായി തിരിച്ചുകയറി...ഒന്നുമറിയാത്തവരേപ്പോലെ ചായ കുടിക്കാൻ ഞങ്ങൾ താഴെ ഹാജരായി.
"എന്ത..ഡേ!!!! എങ്ങനീണ്ടാരുന്നൂ ഉറക്കം...?"
ചായ കുടിച്ചു കൊണ്ടിരുന്ന..എന്നെ നോക്കി...കൂട്ടത്തിൽ സ്വല്പം ശാന്തപ്രകൃതിയായ....ആന്റി..യുടെ ചോദ്യം..
ആ ചോദ്യത്തിന്റെ toneഇൽ    എന്തൊ ഒരു  Spelling Mistake  ഉണ്ടോ...???
അതോ സ്വതേ ഉള്ള എന്റെ കള്ളത്തരത്തിനങ്ങനെ തോന്നീതാണോ?????
അതിനോരു തീരുമാനമാവും മുൻപ് തന്നെ...
"നാണമില്ലേഡേ...!!!"  എന്ന വാൽകഷണവുമായി ആന്റി സംഘത്തിലെ...പുലി...ചാടിവീണു...
അതോടെ....ഒറപ്പായി....."പണി പാളി...!!!!"

പിന്നെന്താ......... ....
നമ്മുടെ സുരേഷ് ഗോപിയണ്ണൻ പറഞ്ഞ പോലെ..."ദേ വന്നു ..ദാ പോയി" സ്പോട്ടിൽ പിന്നെ...പ്രതികളുടെ പൊടി പോലുമില്ല ........
മിനുട്ടുകൾക്ക് ശേഷം.....
അറക്കുള്ളിൽ.. ഇരുട്ടിൽ മൂന്ന്  pair കണ്ണുകൾ......
ഒരു വലിയ "?"ഓടെ പരസ്പരം ..പാളി.നോക്കി...
....... ആരാണാ ഒറ്റ്കാരൻ...??????
"കുഞ്ഞു...,അണ്ണാൻ,....അതോ......?????????

കാലമേറെ കഴിഞ്ഞിട്ടും.....
ഇന്നും ഈ കഥക്ക് പലേ പൊടിപ്പും തൊങ്ങലും കളറും ചേർത്ത്....

"അണ്ണാൻ കുഞ്ഞിനെ പേടിപ്പിച്ച് ഒരു ഹൃദ്രോഗി യാക്കിയവൻ ചന്തു"

കിണറ്റിൽ വീഴാൻ പൊയപ്പോൾ കയറിട്ട്...പിടിച്ച് കയറ്റിയവൻ ചന്തു.."
എന്ന മട്ടിൽ പലതും പാടിനടപ്പുണ്ട്
ആധുനിക പാണന്മാർ.. നാട്ടിൽ

പക്ഷേ...


ഒന്നു മാത്രം പറയാം.............


"ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല...മക്കളേ........!!!!
       





2012 നവംബർ 22, വ്യാഴാഴ്‌ച

ചെരുപ്പുമരം...


സ്ക്കൂൾ ഷൂവിന്റെ ബക്കിൾ പോയതിന്റെ പതിവു അപ്പീലുകളുമായി ദിയായുടെ ഇഞ്ചി കടിച്ച ഭാവവും...ശ്രദ്ധയും..ശുഷ്ക്കാന്തിയുമുള്ള പെങ്കുട്ട്യോൾടെ ടോപ്പ് സ്വഭാവങ്ങളുടെ ഉപദേശ ക്കൊടുങ്കാറ്റും. ഞങ്ങളുടെ കുടുംബത്ത്  നിത്യേന അരങ്ങേറുന്ന ഭാവ സമവാക്യത്തിന്റെ ഒരു സാമ്പിൾ ആണിത്.

"അപ്പോ ന്താ ഈ നല്ല പെങ്കുട്ട്യൊൾടെ സ്വഭാവം എന്ന് വെച്ചാൽ...?"
സംശയം ന്യായം...

ശരി...ന്നാ.. ഒരു പഴയ ചെരുപ്പ് കഥയിൽ നിന്നു തന്നെ തുടങ്ങാം...

അന്നൊക്കെ വല്യപരീക്ഷ ഒന്ന് കഴിഞ്ഞു കിട്ടാൻ കാത്തിരിക്കും...
പരീക്ഷ കഴിഞ്ഞെന്റെ പിറ്റേന്നാൾ,ചാലിശ്ശേരിയിലേക്കു കൂട്ടിക്കൊണ്ട് പോകാൻആളെത്തിയിരിക്കും...

അതിപ്പോ അച്ഛാച്ചനായലും അമ്മായിയായാലും വല്യമ്മ ആയാലും... തരക്കേടില്ല...കൂടെ പോയിരിക്കും..നമ്മുക്ക് ലക്ഷ്യം മാത്രമാണപ്പാ.പ്രധാനം.

"ചാലിശ്ശേരി"..............തൃശ്ശൂരിൽ നിന്ന് കോഴിക്കോട് വഴി പോകുന്ന നാഷണൽ ഹൈവേ 17 ഇൽ  കുന്നംകുളത്തു നിന്നും വടക്ക് പടിഞ്ഞാറ്....ഒരുപതിനൊന്ന് കിലോമീറ്റർ മാറി പാലക്കടിന്റെ തുമ്പത്ത്...കിടക്കുന്ന പച്ചച്ച ഒരു "ഠ" വട്ട ഭൂമി.

തന്തപ്പാലം കഴിഞ്ഞാ പിന്നെ ചാലിശ്ശേര്യായി...അന്നത്തെ എന്റെ ജ്യൊഗ്രഫി..അതായിരുന്നു.

തന്തപ്പാലം..എന്നതു വെറും ഒരു അപ്പാപ്പൻ പാലം എന്നല്ല അർത്ഥം എന്നും....
തനത്+പാലം എന്ന പിരിച്ചെഴുത്തും....തനതായി രൂപം കൊണ്ട പാലം ഏതൊ അത് എന്ന ബഹൂവ്രീഹി എന്നും ഉള്ള വാദമുഖങ്ങൾ..നിലനിൽക്കവേ തന്നെ.....ടി പാലത്തെ തൃശ്ശൂരും പാലക്കാടും തമ്മിൽ ബന്ദിപ്പിക്കുന്ന മർമ്മപ്രധാനവും..അതിപുരാതനവും ആയ ഒരു ഏച്ചുകെട്ട് അഥവാ നൂൽബന്ധം...എന്നും വിശേഷിപ്പിക്കാം എന്ന് തോന്നുന്നു....

ചാലിശ്ശേരിയും ഞാനും തമ്മിലുള്ള ബന്ധത്തിനു അമ്മയുടെ വാത്സല്യത്തിന്റെ മണമാണ്........എന്റെ അമ്മവീട്.മുത്തിക്കുടിയൻ മാങ്ങയും,നല്ല പ്ലാവിലെ വരിക്കചക്കയും.. കമുകും.. കുളവും.  വട്ടപ്പറമ്പും..മില്ലും..സിമെന്റും കളവും..അതിന്റെ വശത്തെ മട്ടിപശമരവും..ചെങ്കല്വെട്ടുകുഴിയും..തൊഴുത്തും..കാര്യസ്ഥൻ നായരും ചക്കിയും കുഞ്ഞൂം...രണ്ടാം തട്ടിൻ പുറത്തെ..ഉപ്പാപ്പന്റെ പെട്ടീലെ കമ്പിളിക്കോട്ടും..ബൂട്ടും..അണ്ടിയുണ്ടയും...എല്ലാമെല്ലാമടങ്ങുന്ന എന്റെ മധുര ബാല്യസ്മൃതികളിൽ ഏറിയ പങ്കിന്റെയും ഔട്ട്ഡോർ ലൊക്കേഷൻ ടി സ്ഥലം ആയിരുന്നു.

ഒരവധികാലത്ത്....അല്ലാ അതു പറയുമ്പോൾ വളരേ വേണ്ടപ്പെട്ട ഒന്നു രണ്ട് കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടി വരും.ഒരു സൗകര്യത്തിനു അവരെ "നസീർ" എന്നും "ജയഭാരതി"  എന്നും വിളിക്കാം(വേണങ്കി മതി!!!!)

നസീർ ജയഭാരതിയുടെ ബ്രദർ ആകുന്നു.നസീറിനേക്കാൾ 11 മാസവും ജയഭാരതിയെക്കാൾ 3 വർഷവും ഈയുള്ളവൾക്കു മൂപ്പ് കൂടും.
പക്ഷെ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ലാട്ടോ....
ഒരു വർഷം തികച്ചും മുതിർച്ച ഇല്ലാത്തതു കൊണ്ടും..ഞങ്ങൾ തമ്മിലുള്ള അന്നത്തെ ഇരുപ്പുവശം വെച്ചുകൊണ്ടും നസീറിനു ചേച്ചി വിളിയിൽ അല്പം ഇളവുകൾ അനുവദിച്ചിരുന്നു..പക്ഷെ അതാ ഫയങ്കരൻ... ഡീ പോടീ..  ചേർത്ത് വിളിച്ച് മൂപ്പവകാശത്തിന്റെ ആണി ഊരി മാറ്റീന്നുള്ളതു വേറെ കാര്യം

എന്തായാലും..ഞങ്ങൾ മൂന്നുപേരും എല്ലാറ്റിനും ഒറ്റക്കെട്ടായിരുന്നു..


അങ്ങിനെയിരിക്കുമ്പോഴാണ്..ആ അവധിക്കാലം..
പോരാത്തതിന് ഒരു വിശേഷവും..ഞങ്ങളുടെ പ്രീയ അമ്മാച്ചന്റെ(അമ്മയുടെ ഇളയ ആങ്ങള) മകളുടെ ഒന്നാം ജന്മദിനം..
അങ്ങനെ ചോറും മോരുകാച്ചിയതും പോലെ വിശേഷവും അവധിയും കൂടി കൂട്ടികുഴഞ്ഞതിന്റെ ആഹ്ലാദതള്ളിപ്പിൽ ഞങ്ങൾ കുട്ടിസംഘം ഒരാഴ്ച്ച മുൻപ് തന്നെ venue വിൽ   തമ്പടിച്ചു കൂടി.

അവസാനം കാത്തിരുന്ന ദിവസവുമിങ്ങെത്തി...വീട് നിറച്ച് ബന്ധുക്കൾ....കുട്ടികൾ..
ന്യായമായും കുട്ടിസംഘത്തിൽ അംഗങ്ങൾ ഒരുപാട്...
.....കളി തകൃതി പൊടിപൂരം!!!
കളി മുറുകിയങ്ങനെ മൂർദ്ധന്യത്തിലെത്തിയപ്പോൾ ,കൂട്ടത്തിലാർക്കോ  ഒരുൾവിളിയുണ്ടായി.കളി പുറകിലെ കമുകിൻ തോപ്പിലേക്ക് വ്യാപിപ്പിച്ചാലോ..?

തോന്നേണ്ട താമസം..കുട്ടിസംഘം കമുകിൻ തോപ്പിലേക്ക് ഒറ്റക്കെട്ടായി മാർച്ച് ചെയ്തു.കുറേയേറെ നേരം തൊട്ടുകളിയും സാറ്റും കളിച്ചു മടുത്തപ്പോഴാണ് നസീറിന്റെ തലയിൽ ഒരൂക്കൻ ഐഡിയ പൊട്ടിമുളച്ചത്....
 നിധിതേടൽ...മ്മ്ടെ ട്രഷർ ഹണ്ട്.... കളിച്ചാലാ...?
ട്രഷർ കുഴിച്ചിടാ കണ്ടു പിടിക്ക്യാ...കുഴിച്ചിടാ കണ്ടു പിടിക്കാ.....

ആഹ!what an idea sirji!!  ഓഹ് !! നസീറേ...ആങ്ങളേ..നിന്റെയൊരു പുത്തി..

ഞങ്ങൾ (ജയഭാരതിയും ഞാനും) വടക്കൻ പ്പാട്ടിലെ അങ്കം ജയിച്ചു വന്ന ആരോമലാങ്ങളയെ കണ്ട ഉണ്ണിയാർച്ചയെ പ്പോലെ ...അഭിമാനപുളകിതരായി...

ഇനിയിപ്പോ കുഴിച്ചിടാൻ മാന്യതയുള്ള ഒരു "ട്രഷർ" വേണം...
അപ്പോഴേക്കും മഹത്തായ ഈയൊരു ലക്ഷ്യത്തിലേക്കായി തന്റെ ജന്മദിനം  special  പുത്തൻ leather ചെരിപ്പുകൾ ദാനം ചെയ്യാൻ  തയ്യാറായി   ഒരു സംഘാഗം മുന്നോട്ട് വന്നു.....അങ്ങനെ ആ പ്രശ്നവും  solved!!
Treasure അങ്ങനെ ഒളിപ്പിക്കപ്പെട്ടു..
പിന്നവിടെ  world cup  നെ വെല്ലുന്ന  hunting ആയിരുന്നു.
സംഘാംഗങ്ങൾ ഒരേ മനസ്സും ഹൃദയവുമായി.....   hunt  ലോട് hunt ൽ. കല്ലിനടിയിലും കല്ലുവെട്ടു മടയിലും തൊഴുത്തിലും .....
എന്തിന് ഉറുമ്പിൻ കൂട്ടിൽ പോലും........ തപ്പോട് തപ്പ്...
വക്ക് കെട്ടാത്ത കുളത്തിനുള്ളിലേക്ക് സംശയദൃഷ്ടിയോടെ എത്തിനോക്കി ഒരു സംഘാംഗം മുറുമുറുത്തു .

 "കുളത്തിലാണെങ്കി ഔട്ടാ ട്ടാ...!"

 "ഒന്നു പോഡാപ്പാ......" ഞങ്ങൾ  മൂവർ സംഘം പരസ്പരം കണ്ണിറുക്കി ചിരിച്ചു.

(സംഗതി  safe ആയി കമുകിൻ ചോട്ടിൽ കുഴിച്ചിട്ടത് ഞങ്ങളീ ഭാരവാഹികളല്ലേ. പോരാത്തതിന് അടയാളത്തിന് ഒരു ഉണക്കക്കമ്പും....!!).

പക്ഷേ....അങ്ങനെ അനർഗനിർഗളം  ഒഴുകികൊണ്ടിരിക്കുന്ന നമ്മുടെയീ കഥക്ക് അവിചാരിതമായ ഒരു റ്റ്വിസ്റ്റുണ്ടായ്ത് ഇവിടം മുതലാണ്...
.(ഹല്ലാ!...എല്ലാ നല്ല കഥക്കും കാണില്ലേ ഒരു റ്റ്വിസ്റ്റ്....)

നമ്മുടെ കഥയിലെ റ്റ്വിസ്റ്റ് സുബ്രുവിന്റെ രൂപത്തിലാണ് വന്നത് എന്ന് മാത്രം..
സുബ്രു... കമുകിനു വെള്ളം തിരിക്കുക,തെങ്ങിനു തടമെടുക്കുക....തുടങ്ങി...
നിരുപദ്രകമായ ജോലികൾ ചെയ്തു വന്നിരുന്ന ഒരു അയ്യോ പാവം.....


അന്നത്തെ സുബ്രുവിന്റെ ആത്മാർഥമായ വെള്ളം തിരിക്കലിൽ
ഞങ്ങളുടെ   അടയാളമോതിരം....ആ ഉണക്ക കമ്പ് ...........
നിലയില്ലാ കയത്തിൽ മുങ്ങിത്താണത് ഞങ്ങളറിയുന്നുണ്ടോ....?

കാടും പടലും...പാറയും ഓലമടലും തുമ്പും തുരുമ്പും ഒന്നും വിടാതെ
ഹണ്ട് പുരോഗമിക്കവേ .....
അതാ ഇടി വെട്ടുന്ന ശബ്ദത്തിൽ....ഡാ പിള്ളേരേ....!! എന്ന മടക്കി വിളി.
6 മണിക്കുള്ള കമ്പനി സൈറൺ കേട്ട തൊഴിലാളിയേപ്പോലെ....കേട്ടപാതി കേൾക്കാത്തപാതി..പീച്ചേ മൂഡ് ...ആഗേ ചൽ മോഡിൽ തിരിഞ്ഞോടാൻ തുടങ്ങിയപ്പോഴാണ് ആ കിളിനാദം കേട്ടത്..
"യ്യോ..ഹെന്റെ ചെരിപ്പ്...."
 അത് ശരിയാണല്ലോ.... ഇനിയിപ്പോ എല്ലവരും തോറ്റ സ്ഥിതിക്ക്"....
നസീർ & ഗ്രൂപ്പ് വിജയികളുടെ മുഖത്ത് മാത്രം കണ്ടു വരുന്ന ആ സ്പെഷ്യൽ
( 15% പുച്ഛവും 50% അഹങ്കാരവും.....ബാക്കി എന്തരൊക്കെയോ....ചേർത്തത്) ചിരിയും മുഖത്തണിഞ്ഞ്...മാന്ത്രികരുടെ വൈഭവത്തോടെ ഉണക്ക കമ്പ് സ്പോട്ട് ചെയ്യാനാരംഭിച്ചു....

എവിടെ...........?
സംഘാംഗങ്ങൾ   കുളത്തിൽ വീണ മഴുവുമായി പൊങ്ങി വന്ന നമ്മുടെ
പഴേ മരം വെട്ടുകാരന്റെ കഥയിലെ വനദേവതയേ പോലെ.......... ചെരുപ്പുമായി വിജയശ്രീലാളിതരായി വരുന്ന  നസീർ & കമ്പനി യെ wait    ചെയ്തത് മിച്ചം.......Mean while... ഞങ്ങളാകട്ടേ...,പരതി പരതി  (over) confidence level താണു....  medium     വും  lower ഉം  lowest  ഉം  ആയി തോറ്റ് തൊപ്പിയി ട്ട് കഴിഞ്ഞിരുന്നു .
പരതൽ അവസാനിപ്പിച്ച് ഞങ്ങൾ ...പുറത്തിറങ്ങിയപ്പൊഴേക്കതാ...വിരുന്നു വന്നവരും വീട്ടിലുള്ളവരുമായി....ഞങ്ങളടക്കമുള്ള..കുട്ടിസംഘത്തിന്റെ  full set  അപ്പനമ്മമാർ  പറമ്പിൽ തേടിയെത്തിയിരിക്കുന്നു....

എല്ലാവരുടേയും മുമ്പിൽ Danger Zone ൽ  eliminate  ചെയ്യപ്പെടുവാൻ ....
റഡിയായി നിൽക്കുന്ന സിംഗറുകളെ പോലെ....
ശുദ്ധ കല്യാണിയിൽ  ഒന്നാം കാലത്തിൽ സംഗതികളൊപ്പിച്ച്......
ഞങ്ങൾ മൊഴിഞ്ഞു....
"അട്ത്ത പ്രാവശ്യം വരുമ്പേക്കും ഞങ്ങള് സത്യായിട്ടും....എടുത്ത് വെക്കാം....."