സൗഹൃദങ്ങൾ പലവിധം…
പറയാതെ....
മനസ്സറിഞ്ഞവ,
ഒന്നിനും… ആർക്കും…
തെറ്റിദ്ധാരണകൾക്ക് പോലും
നൂലിഴയിടമില്ലാതെ
ചേർത്ത് നിർത്തിയവ…
വിശദീകരിച്ച്
ക്ഷീണിച്ചു പോയവ,
വിശദീകരിക്കാൻ
ഒരു അവസരവും നീട്ടാതെ
മറഞ്ഞുപോയവ…
മിണ്ടി… മിണ്ടി…
ഒടുവിൽ
മിണ്ടാതെയായവ…
മിണ്ടാതെയും...
ഉളളിലെവിടെയോയിരുന്ന്
ഇനിയും മിണ്ടുന്നവ..
കടലിരുമ്പിയപ്പോഴോ,
കണ്ണിൽ കുത്തുന്ന
കനത്ത ഇരുട്ട് ചുറ്റും പരന്ന്
തപ്പിതടഞ്ഞപ്പോഴോ,
കൈവിടീച്ച് എങ്ങോ
അപ്രത്യക്ഷമായവ…
മുറിയിൽ വെച്ച
കടലാസ്സു പൂക്കൾ പോലെ,
ജീവനില്ലാത്തവ.....
തുലാപെയ്ത്ത് പോലെ.
നിലം തൊടും മുമ്പേ
ഒഴുകിപ്പോയവ...
കലമ്പുന്ന ഓട്ടപ്പാത്രങ്ങൾ പോലെ
കാമ്പും കഴമ്പുമില്ലാത്ത
ശബ്ദം മാത്രം ശേഷിച്ചവ.....
അങ്ങനെയങ്ങനെ.....
ചിലത് പാഠങ്ങൾ,
ചിലത് വേദനകൾ,
മറ്റു ചിലത്
ഹൃദയത്തോളം ചേർത്തുവെച്ച
നിധികൾ…
പലതരം,
പല രീതിയിൽ,
പല വഴികൾ താണ്ടി
നമ്മെ..... നാമാക്കിയവ..