2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

മഴ മുഖങ്ങള്‍

കറുത്തിരുണ്ട ഒരു മഴദിവസമാണിന്ന്‌.

ഫ്ളാറ്റിനു മുമ്പിലെ റോഡിനും അതിരരുകിലെ പിങ്ക്‌ ബോഗന്‍ വില്ല പടര്‍ത്തിയ മതിലിനും അപ്പുറമുള്ള ലേയ്ക്കില്‍ മഴത്തുള്ളികള്‍ കുട്ടിവൃത്തങ്ങള്‍ തീര്‍ക്കുന്നുണ്ട്‌.

വ്യായാമ ഓട്ടക്കാരും നടത്തക്കാരും അങ്ങിങ്ങ്‌ ചിതറി തണല്‍ മരച്ചുവടുകളിലും കൊച്ചു കാവല്‍ പുരകളിലും ഓരം പറ്റി നില്‍ക്കുന്നു.

ബാംഗ്ളൂരിലെ മഴക്ക്‌ ജമന്തിപ്പൂക്കളുടെ മണമാണോ.. ?

പണ്ട്‌ ദില്ലിയിലെ മഴകള്‍ക്ക്‌ പൊടിക്കാറ്റിണ്റ്റെ രൌദ്രതയും ഗന്ധവുമായിരുന്നു

നനഞ്ഞ ചെമ്പകപ്പൂക്കളുടേയും, ..ഉണങ്ങാത്ത യൂണിഫോം പാവാടയുടേയും, കഷ്ടപ്പെട്ട്‌ തേച്ചുണക്കിയെടുത്ത വെളുത്ത ഷര്‍ട്ടിണ്റ്റേയും, പുതിയ പാഠപുസ്തകങ്ങളുടേയും മണങ്ങളെയെല്ലാം ചാലിച്ച്‌ ചേര്‍ത്ത്‌ …. ഓര്‍മ്മകളിലെ കുളിരുന്ന ജൂണ്‍മാസ പെരുമഴക്കാലങ്ങള്‍.

ലേയ്ക്കിനടുത്ത സ്ക്കൂളില്‍ അസംബ്ളി തുടങ്ങിയെന്ന്‌ തോന്നുന്നു. മഴവെള്ളം കെട്ടിയ കുഴികളില്‍ ഷൂസിട്ട കാല്‌ കൊണ്ട്‌ മാറി മാറി ചവുട്ടി വെള്ളം തെറിപ്പിച്ച്‌ നിന്നിരുന്ന രണ്ട്‌ വികൃതിക്കുട്ടികള്‍ പുസ്തകസഞ്ചിയും താങ്ങി പിടിച്ച്‌ ഓടി പോയി..

സ്കൂളിണ്റ്റെ മുകളിലെ നില പുതുതായി വാര്‍ത്തതേയുള്ളൂ.പണിക്കാരും സിമണ്റ്റ്‌ ചട്ടികളും മുളങ്കാലുകലും കൊണ്ടൊരു ബഹളമായിരുന്നു കഴിഞ്ഞദിവസം അവിടെ....ഇന്നിപ്പൊ മഴയത്ത്‌ ആരെയും കാണാനില്ല...

"കണ്ണാ..നില്ലങ്കേ ..ഇപ്പടി എതുക്ക്‌ ഓടര്‍ത്‌... "

ഏതോ വികൃതിക്കണ്ണണ്റ്റെ  യശോദയമ്മ...നീട്ടിവിളിക്കുന്നത്‌  മഴക്കിടയില്‍....മറ്റൊരു സംഗീതം പോലെ............


പണ്ട്‌ കൂട്ടുകൂടാന്‍ പഠിച്ച നാളുകളില്‍ നഴ്സറിയില്‍ എനിക്കുണ്ടായിരുന്ന വികൃതിക്കൂട്ട്‌..അതും ഒരു കണ്ണന്‍ തന്നെ. 
അവണ്റ്റെ ഡോക്ടറമ്മയ്ക്ക്‌ വൈകി കിട്ടിയ ഈശ്വരണ്റ്റെ ഒരു സ്നേഹതുണ്ട്‌....

കുരിയച്ചിറ സെണ്റ്റ്‌ പോള്‍സ്‌ സ്ക്കൂളിണ്റ്റെ പണിനടന്നു കൊണ്ടിരിക്കുന്ന ആ കെട്ടിടത്തിണ്റ്റെ താഴത്തെ നിലയിലായിരുന്നു ഞങ്ങളുടെ ക്ളാസ്സ്‌.

നീളന്‍ വരാന്തയുടെ ഒരറ്റത്തുള്ള അടുത്തടുത്തായുള്ള രണ്ട്‌ ക്ളാസ്സു മുറികളിലൊന്ന്‌... .യു.കെ.ജി ബി.

ഉച്ചയൂണിണ്റ്റെ ഇടവേളകളില്‍ ഞങ്ങളുടെ കള്ളനും പോലീസും കളികളുടെ ഒരു പ്രധാന വേദിയായിരുന്നു ആ വരാന്ത.കൂട്ടിയിട്ട ഇഷ്ട്ടിക കട്ടക്കള്‍ക്ക്‌ പിന്നില്‍ ഞങ്ങള്‍ സാറ്റ്‌ കളിച്ചിരുന്നു.പിന്നീട്‌ ഇഷ്ട്ടികകളെല്ലാം  മേല്‍പുരയിലേക്ക്‌ അട്ടിയിട്ടപ്പോള്‍ ആ കളി നിന്നു.....

മഴ തിമിര്‍ത്ത ഒരു ദിവസമായിരുന്നു അന്ന്‌ .

പുതുതായി ഇട്ട കോണ്‍ക്രീറ്റ്‌ മുഴുവന്‍ ക്യുര്‍ ആകാത്ത വരാന്തയുടെ മേല്‍പ്പുരയില്‍ അട്ടിയിട്ട ഇഷ്ട്ടിക കല്ലുകള്‍ കണ്ട ഡോക്ടറമ്മയ്ക്ക്‌ തോന്നിയ ഉള്‍ഭയം ഈശ്വരന്‍ കൊടുത്ത അടയാളമായിരുന്നുവോഅറിയില്ല...

മഴ കാരണം ഉച്ചയൂണിനു ശേഷം വരാന്തയില്‍ മാത്രം കളിക്കാന്‍ അനുവാദംകിട്ടിയ കുഞ്ഞുങ്ങള്‍....

ആര്‍ത്തിരമ്പിയ മഴയില്‍ ...തകര്‍ന്ന്‌ വീണ സ്കൂള്‍ വരാന്ത.... 

കല്ലിനും കട്ടകള്‍ക്കും ഇടയില്‍ ഞെരുങ്ങിയമര്‍ന്ന്‌ ...പൊലിഞ്ഞില്ലാതായത്‌ ..വളര്‍ന്ന്‌ വലുതായി ആരൊക്കെയോ ആയിതീരേണ്ടിയിരുന്ന പത്ത്‌ കുരുന്ന്‌ ജീവനുകളാണ്‌...

ഉയര്‍ന്നു പോങ്ങിയ നിസ്സഹായതയുടെ കരച്ചിലുകള്‍ക്കിടയില്‍ അവരുടെ കുഞ്ഞിക്കണ്ണുകള്‍ തേടിക്കാണില്ലേ...മറഞ്ഞു നില്‍ക്കാന്‍ ..ഓടിയൊളിക്കാന്‍ അമ്മയുടെ മടിതട്ടിനായി...

കോണ്‍ക്രീറ്റ്‌ പാളികള്‍ക്കിടയില്‍ നിന്ന് ചോരപുരണ്ട കുഞ്ഞുകൈകളും...കാലുകളും...കുഞ്ഞുടലുകളും...പിന്നീട്‌ വലിച്ചെടുക്കുകയായിരുന്നു.

സെണ്റ്റ്‌ പോള്‍സ്‌ വീണു... എന്ന്‌ അടുത്ത വീട്ടിലെ റൂബി ആണ്റ്റി പരിഭ്രാന്തിയോടെ മമ്മിയോട്‌ വിളിച്ച്‌ പറഞ്ഞപ്പോള്‍.. അങ്കലപ്പോടെ, കണ്ണിലിരുട്ട്‌ കയറിയ വെപ്രാളത്തോടെ വഴിയിലേക്ക്‌ ഓടിയിറങ്ങാന്‍ തുനിയവേ...

കഴിഞ്ഞ ഒരാഴ്ചയായി...മഴ നനഞ്ഞ്‌..പനിച്ച്‌ വിറച്ച്‌ കിടക്കുന്ന മകള്‍..മുറിയിലുണ്ടെന്ന ബോധ്യം ആ അമ്മയുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചിരിക്കണം....

ഡോക്ടറമ്മയുടെ കണ്ണന്‍ പോയി.... അമ്മ മനസ്സില്‍ ചുട്ട്‌ പൊള്ളൂന്ന മരുഭൂമികള്‍ മാത്രം ബാക്കി വെച്ച്‌....

കണ്ണന്‍ മാത്രമല്ല ഷോണും,ഷിജിയും ....എല്ലാരും പോയി....

ഇവരോടൊത്ത്‌ കൂട്ട്‌ കൂടി കളിച്ചിരുന്ന ഞാന്‍.... 

വിധിയുടെ അന്നത്തെ കള്ളനുംപോലീസും കളിയില്‍ കള്ളനായിരുന്നിരിക്കണം........

മരണത്തില്‍ നിന്ന് ജീവിതം തട്ടിപറിച്ചോടിയൊളിച്ച  പെരുങ്കള്ളന്‍....


8 അഭിപ്രായങ്ങൾ:

  1. അമ്മയായ ശേഷം ഇങ്ങനൊന്നു വായിക്കാന്‍ പോലും വയ്യ..കണ്ണന്റെ അമ്മ നെഞ്ചുപൊള്ളിക്കുന്നു...സെന്റ് പോള്‍സിലേക്കോടിയ പനി പിടിച്ച മോള്‍ടേ അമ്മയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..അല്ലെങ്കിലും അമ്മമാര് അങ്ങനെയല്ലേ..മിഴി നനച്ച മഴ കേട്ടോ...

    മറുപടിഇല്ലാതാക്കൂ