2012, ജൂലൈ 4, ബുധനാഴ്‌ച

ഒരു മഴയിൽ കുതിർന്ന ദിവാസ്വപ്നം......


ഇന്നലെ എന്റെ ജനാലക്കൽ ഒരു കിളി പാറിക്കളിച്ചു.
പാവം ഒരു അടക്കാക്കുരുവി.നീണ്ട കൊക്കും ചുവന്ന 
കണ്ണുകളുമുള്ള കുഞ്ഞു തല ചെരിച്ച് അതാ ജാലകപ്പടിയിലിരുന്നു.
പിന്നീടെപ്പൊഴൊ അതു പാറിപ്പറന്നു പൊയി.

പുറത്തു മഴ തിമിർത്തപ്പോൾ..പുതപ്പിനടിയിൽ 

ഇളംചൂടിൽ ഞനൊന്ന് മയങ്ങി.ഉണർന്നപ്പോൾ,
മനപ്പൂർവ്വമല്ലെങ്കിൽ കൂടി എന്റെ കണ്ണുകളാദ്യം 
പതിച്ചതാ ജാലകപ്പടിയിലായിരുന്നു.

ജാലകക്കമ്പിയിൽ കെട്ടിയ അയയിൽ തൂങ്ങിക്കിടന്ന
 നെയ്ലോൺ ചരടിനു ചുറ്റും പാറിക്കളിച്ചു കൊണ്ട്
 ആ അടക്കാക്കുരുവി അതിപ്പൊഴും അവിടെയുണ്ട്.

കുഞ്ഞു ചുണ്ടിൽ നാരുകളും പേറി വന്നിരുന്ന അത് പിന്നെ 

എന്റെ ജനാലക്കൽ ഒരു സ്ഥിരം സന്ദർശകനായി.
നാരുകൾ കൊണ്ട് മെനഞ്ഞ എന്റെ നീല നെയ്ലോൺ 
ചരടിന്റെ അവസ്ഥ സഹതാപാർഹമായിരുന്നു.
കുരങ്ങനു ചൊറി വന്നതു പൊലായിരുന്നുന്നു അത്.
 പതിയെ ചരടിന്റെ നീല നിറം  ഭൂതകാലമാക്കി മാറ്റി 
ആ അടക്കാക്കുരുവി ..
തന്റെ സ്വപ്നത്തെ അതിൽ കുടിയിരുത്തി.
പഞ്ഞിതുണ്ടുകളും അപ്പൂപ്പൻ താടികളും
 കൊണ്ടവനതലങ്കരിച്ചു.

തല മാത്രം പുറത്തേക്ക് നീട്ടി നിശ്ശബ്ദം അവനാ കൂട്ടിലിരുന്നു......


രാത്രികളിൽ അവന്റെ ചുവന്ന കണ്ണുകൾ ..
 മിന്നാമിനുങ്ങുകൾ പോലെ പ്രകാശിക്കുമായിരുന്നു.
രാവുകളിൽ കയറിയിറങ്ങി പോയിരുന്ന 
എന്റെ കിനാവുകളിൽ അവ രണ്ട് മാണിക്യങ്ങളായി തിളങ്ങി.
രാത്രിയുടെ നിശ്ശ്ബ്ദതക്ക് ഭംഗം വരുത്തി മഴ വീണ്ടും തിമിർത്തു.
ഞാനെന്റെ ചില്ലുജനാല ആഞ്ഞടച്ചു.
അകത്തേക്കു തെറിച്ചു വീഴുന്ന മഴത്തുള്ളികൾ
 എന്റെ വസ്ത്രങ്ങളെ നശിപ്പിക്കുമോ എന്നു ഞാൻ ഭയന്നു.
മുഴുവനുണങ്ങാത്ത തുണികളുടെ..
 നനഞ്ഞ ഗന്ധം ഞാൻ വെറുത്തിരുന്നു.
പക്ഷെ ,അവയുടെ കുളിർമ്മ എനിക്കേറെ പ്രീയമായിരുന്നു.
 ആഞ്ഞടച്ച ഒരു ജാലകക്കീറിനുമപ്പുറം
 ഇളക്കം പിടിച്ച ഒരു നെയ്ലോൺ ചരടും 
അതിൽ കുടി കൊണ്ടിരുന്ന വിറ പൂണ്ട 
ഒരു കുഞ്ഞു സ്വപ്നവും എന്റെ നൊമ്പരമായി.
പിറ്റേന്ന്,അടഞ്ഞ ജാലകത്തിന്റെ മുഷ്ക്കിൽ
 തകർന്നു പൊയ ഒരു കുഞ്ഞു കൂടിന്റെ ദൈന്യം ഞാൻ കണ്ടു.
പറിഞ്ഞു പോയ നാരുകൾക്കും ,
പിഞ്ഞിപ്പോയ അപ്പൂപ്പൻ താടികൾക്കും മറവിൽ
 ചിതറിയൊലിച്ച പ്രതീക്ഷകളുടെ മുട്ടതൊണ്ടുകൾ മാത്രം.
ഇറ്റു വീഴുന്ന മഴതുള്ളികൾക്കും മേലെ ഓലത്തുമ്പിൽ, 
നനഞ്ഞു വിറങ്ങലിച്ച ചിറകുകളുമായി
 തല ചെരിച്ചെന്നെ നോക്കിയ നോട്ടത്തിലെ  
അഗ്നികുണ്ഡങ്ങൾ എന്നെ 
എന്റെ കോടതിയിലെ തടവുകാരിയാക്കി.

പിന്നെ, രാവുകളിൽ
 കയറിയിറങ്ങി പോയിരുന്ന എന്റെ കിനാവുകളിൽ 
ഇനിയും അണയാത്ത 
അഗ്നികുണ്ഡങ്ങൾ മാത്രം അവശേഷിപ്പിച്ച്...........
കരിഞ്ഞമർന്ന സ്വപ്നങ്ങളെ അതിന്റെ വഴിക്ക് വിട്ട്
 അത് ദൂരേയ്ക്ക് പറന്നകന്നു.
ഒരു പക്ഷെ പുതിയ സ്വപ്നങ്ങളും തേടി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ