2024, ജൂലൈ 18, വ്യാഴാഴ്‌ച

ധ്രുവദീപ്തിയും തേടി

ഇംഗ്ലീഷ്ക്കാരന്റെ ലോക്കല്‍ ലാങ്വേജില്‍  Northern Lights  എന്നും  ശാസ്ത്രീയമായി Aurora Borealis  എന്നു കിറുകിറുന്നനെയും പേരുള്ള അതിസുന്ദരിയായ ധ്രുവദീപ്തിയും തേടിയുള്ള യാത്രയയിരുന്നു ഇന്നത്തേത്. 

അറോറാ നോട്ടിഫിക്കേഷന്‍  വാങ്കൂവറില്‍ വന്ന ആ സെക്കന്റ് മുതല്‍ക്ക് "വാ പോവ" ," വാ പോവ"  ന്ന് .. വാ പൂട്ടാണ്ട്  വായ്പ്പാട്ട് പാടി  ചെവിതല കേള്‍പ്പിക്കാത്ത  നല്ല പകുതിയെ...

കല്യാണം കഴിഞ്ഞയിടക്ക് കേരളത്തിലെ ഏതോ ഒരു കുഗ്രാമത്തിലിരുന്ന് പ്രണയലോലനായി ടിവളുടെ ബക്കറ്റ് ലിസ്റ്റില്‍ ഒന്നാമതായിരുന്ന ഈ അറകുറയെ .. "യെടി ..അന്നമ്മോ അനെ  അങ്ങ് ഫിന്‍ലാന്റില്‍ കൊണ്ടോയി ഞാന്‍ ഇദ് കാണിച്ചേരും " ന്ന് വാക്ക് തന്ന അന്ന് മുതല്‍  അന്ത നീല ബക്കറ്റും അതിലെ ലിസ്റ്റും തലയിലായ ഒരു ഹതഭാഗ്യന്‍  , എങ്ങനെ തടുക്കാനാണ് ...

നീതികേടാവില്ലേ അത്. ......

ധ്രുവദീപ്തി... ഭൂമിയുടെ കാന്തിക  ധ്രുവങ്ങളില്‍ നിന്ന് പതിനെട്ട് ഡിഗ്രി മുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി വരെയുള്ള ഉപര്യാന്തരീക്ഷ മേഖലകളില്‍ രാത്രിയിലെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരം.വീശിയടിക്കുന്ന സൗരക്കാറ്റില്‍ നിന്ന് ചാര്‍ജ്ജുള്‍ക്കൊണ്ട് ഭൂമിയുടെ കാന്തികവലയത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതകതന്മാത്രകളായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത് എന്നാണ്  ശാസ്ത്രം.

ആയിരം മഴവില്ലിന്റെ വർണ്ണങ്ങളെല്ലാം വാരിവിതറിയ ചിറകുകൾ വിരിച്ച് മാലാഖമാരുടെ ആകാശ നൃത്തം.. ചക്രവാളം ഒരു ക്യാൻവാസിലെന്ന പോലേ മാറിയും മറിഞ്ഞും വരുന്ന പച്ചയും പിങ്കും വയലറ്റും ചായങ്ങളിൽ, ചടുലതാളങ്ങളില്‍  കോറിയിടുന്ന മഴവിൽ ചിത്രങ്ങൾ......

 മാദകനൃത്തമാടുന്ന മദാലസയായി ധ്രുവദീപ്തി......

ഇരുട്ട് നിറഞ്ഞ വഴിയിൽ ഓരം ചേർന്ന് നടപ്പ് തുടങ്ങിയിട്ട് നേരം കുറച്ചേറെയായി. നേരിയ തണുപ്പുള്ള നനുത്ത കാറ്റ് മുടിയഴകളെ തലോടി കടന്നു പോകുന്നുണ്ട് ...ഏതൊക്കെയോ പേരറിയ രാത്രിപ്പൂക്കളുടെ മാദക ഗന്ധം മൂക്കിലടിച്ചു കയറുന്നു ....

ഇനി വല്ല വെള്ളക്കാരി യക്ഷിയോ മറ്റോ വരാവോ..? 

ചുറ്റും നടക്കുന്ന ഒന്നിലും ലവലേശം ശ്രദ്ധയില്ലാതെ ആകാശത്തിലെ നക്ഷത്രങ്ങളും നോക്കി ദിവാസ്വപ്നം കണ്ട് നടന്ന എന്നോട്... 

"ആരൂല്യെങ്കിൽ നമ്മൾ തിരിച്ചുപോരും ട്ടാ.. " 

എന്നൊക്കെ പിറുപിറുത്ത്  ഇത്തിരി മുഴുത്തതാണെങ്കിലും  കസ്റ്റഡിയിലുള്ള ഒരേയൊരു ഐശ്വര്യ റായീയെ ഏതെങ്കിലും കരിങ്കൂറ കശ്മലന്മാർ തട്ടിക്കൊണ്ടുപോകോന്നു പേടിയുണ്ടെങ്കിലും ..... കൊടുത്ത വാക്കിന്റെ  അന്തസ്സ് കാക്കാന്‍   പെടാപ്പാട് പെടുന്ന എൻറെ ഫര്‍ത്താവ്. 

നേരം പാതിര കഴിഞ്ഞെന്നു തോന്നുന്നു കാൽമുട്ട് ചെറിയതോതിൽ പണി തന്നു തുടങ്ങിയിട്ടുണ്ട് ...മിണ്ടാണ്ട് നടക്കുന്നതാണ് ബുദ്ധി . 

അല്ലെങ്കിൽ അടുത്ത സ്റ്റെപ്പില്‍  യൂ ടേണ്‍ എടുത്ത് തിരിഞ്ഞു നടക്കും.. കൂടെയുള്ളവൻ .  

കട്ടക്കലിപ്പിലാണ്.

അങ്ങനെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ് നടന്നും കിതച്ചും നടന്നും കിതച്ചും ഞങ്ങൾ അക്കേഡിയാ ബീച്ചിലേക്ക് നടന്നടുത്തു.

ചീറിപ്പാഞ്ഞ് വന്നിരുന്ന വാഹനങ്ങൾ ഒക്കെ നഴ്സറി കുട്ടികളെ പോലെ വരിവരിയായി പാർക്ക് ചെയ്തിരിക്കുന്ന പാർക്കിംഗ് ലോട്ടും കഴിഞ്ഞ് വളഞ്ഞ കൈവരികൾ ഉള്ള  ബേ ട്രെയിലിന്റെ പടിക്കെട്ടുകളും ഇറങ്ങി ഞങ്ങൾ കടപ്പുറത്തേക്ക് എത്തി.

കാല് പൂണ്ട് പോകുന്ന മണലും ചീറിയടിക്കുന്ന തിരമാലകളും പ്രതീക്ഷിച്ചത്തിയ ഞങ്ങൾക്ക് മുന്നിൽ ,

പച്ചപ്പുൽപരവതാനിയും ഉരുളൻ കല്ലുകളും നിറഞ്ഞ ഒരു കടപ്പുറവും 

അനുസരണയുള്ള ലാബ്രഡോർ നായ്ക്കുട്ടിയെ പോലെ കാല് പതുക്കെ വന്ന് മണപ്പിക്കുന്ന തിരകളും... കാഴ്ചവെച്ചുകൊണ്ട് ശാന്ത ഗംഭീരനായി നിന്നു പസഫിക് സമുദ്രം .

മണി പന്ത്രണ്ടര..........

കടപ്പുറത്ത് ഒരു പൂരത്തിനുള്ള തിരക്കുണ്ട് . കെട്ടും കിടക്കയും ടെന്റും ചാരുകസേരയും തുടങ്ങി ഒരു മാസത്തേക്ക് പൊറുതിക്കു വന്ന പോലെ ഒരുപാട് കുടുംബങ്ങൾ ..പാതിരാവായതൊന്നും ആരും അറിഞ്ഞില്ലന്ന് തോന്നുന്നു.

മുക്കാലൻ ട്രൈപോഡിലെ ക്യാമറ അങ്ങകലേ ഉൾക്കടലിന് അതിരു തീർത്ത റോക്കി പർവ്വതനിരകളിലേക്ക് മിഴിചിമ്മിച്ച് ഒരു പച്ച പാവാടക്കാരി ചൈനക്കാരി പെൺകുട്ടി അടുത്ത് നിന്ന് ഫോക്കസ് ചെയ്യുന്നുണ്ട് . അവൾക്ക് ഞാനിരിക്കുന്ന ചവിട്ടുപടിയിലാണ് നോട്ടം ..ഒന്നുകൂടി ഇരിക്കുന്ന സ്ഥലത്ത് അമർന്നിരുന്ന് ഞാൻ അവളെ നോക്കി ചിരിച്ചു.

 മണി ഒന്നരയായി ..

അങ്ങകലെ സെർച്ച് ലൈറ്റും തെളിയിച്ച് പുക തുപ്പി തുഴഞ്ഞു പോകുന്ന ചരക്ക് കപ്പലിന്റെ സൈറൺ ...പണ്ട് ദില്ലിയിലെ തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ ദൂരെ നിന്നും ആർത്ത് കരഞ്ഞിരുന്ന മയിലുകളെ ഓർമിപ്പിച്ചു..

വേലിയേറ്റ സമയമായി എന്ന് തോന്നുന്നു ...കടൽവെള്ളം ഇരച്ച് കയറുന്ന ശബ്ദം കേൾക്കാനുണ്ട് .

പച്ചപ്പാവാടക്കാരി ചൈനീസ് മോൾ എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ച് ട്രൈപ്പോഡും മടക്കി കൂട്ടുകാരൻറെ കൈയും പിടിച്ച് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്.

മണി മൂന്നായി ..

ചക്രവാളത്തിലെയതിരിലെവിടെയും ധ്രുവ ദീപ്തിയുടെ ഒരു മിനുക്കം പോലുമില്ല.. കടൽപ്പുറം കാലിയാവാൻ തുടങ്ങിയിരിക്കുന്നു ..അടുത്ത് തന്നെയുണ്ടായിരുന്ന ടെന്റുകാര്‍ കർട്ടനിട്ട് ഉറക്കം തുടങ്ങിയിട്ട്  നേരം  കുറച്ചേറെയായി 

അങ്ങനെ അങ്ങിങ്ങ് നങ്കൂരമിട്ട് കിടക്കുന്ന .. മൂന്നും നാലും നിലകളുള്ള ആഡംബര കപ്പലുകളിൽ മിന്നുന്ന വിളക്കുകളുടെ നക്ഷത്രചിമ്മലുകളെ പുറകിലാക്കി ...അടുത്ത അറകുറ യും സ്വപ്നം കണ്ടു ഞങ്ങളും മടങ്ങി . 

രേവതി കിലുക്കം സിനിമയിൽ പറഞ്ഞ പോലെ ജ്യോതിയും വന്നില്ല തീയും വന്നില്ല .....

എനിക്ക് ഫിന്‍ലാന്റ് തന്നെയാണ് യോഗം..





2024, ജൂലൈ 15, തിങ്കളാഴ്‌ച

മറവി

എന്തോ എവിടെയോ മറന്നു വെച്ച പോലൊരു തോന്നല്‍

ഏതോ പെരുമഴയത്ത്  ഓടിപ്പിടിച്ച് ബസ്സില്‍ കയറുമ്പോള്‍ ..വീട്ടിലെടുത്ത് വെച്ച മടക്കുകുട എടുക്കാന്‍ മറന്ന പോലെ...

ബാഗില്‍ തപ്പിയിട്ടും തപ്പിയിട്ടും കിട്ടാഞ്ഞ .. ..എഴുതിപൂര്‍ത്തിയാക്കിയെന്നുറപ്പുള്ള  ഗൃഹപാഠം പോലെ

പരീക്ഷക്ക് മനഃപാഠമാക്കിയ  രേഖാചിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍..പൊടുന്നനെ മനസ്സില്‍ നിന്നു മാഞ്ഞു പോയതുപോലെ ... 

...എന്തോ കാര്യമായി മറന്നിരിക്കുന്നു....

മഹാമാരിക്കു ശേഷം ..അല്ലെങ്കിലും സുനാമി വന്നടിച്ച തീരം പോലെയാണ് മനസ്സ്.

കൈവിരലുകള്‍ക്കിടയിലൂടൂര്‍ന്നിറങ്ങി പോയ മണല്‍ത്തരികള്‍ പോലെ ,കോടമഞ്ഞു  മൂടിയ ഓര്‍മ്മകളും മുഖങ്ങളും

തൂമ്പാ വെയ്ക്കുന്നിടത്ത്  തുണിയും , തുണി വെയ്ക്കുന്നിടത്ത് ആണിയും വെയ്ക്കുന്ന  

മുട്ടായി കളഞ്ഞ്  മുട്ടായിക്കടലാസ്സ് വായിലിടുന്ന ...തിരയടിച്ചുയരുന്ന മറവി...

എന്നാലും എന്താവോ മറന്നത് ???

കരിക്കിന്‍ വെള്ളം പോലെ പെയ്തിറങ്ങിയ നനയാന്‍ മറന്ന ജൂണ്‍മാസ മഴകളെയാണോ..?

വീണ്ടെടുക്കാനാവാത്ത മറവികള്‍ കൂട് കൂട്ടിയ മാറാലകളില്‍ പൊതിഞ്ഞ് ..അടുത്തുണ്ടായിട്ടും കൈപ്പിടിക്കാതെ വിട്ട സൗഹൃദങ്ങളേയോ…?

 ജീവിച്ചു തീര്‍ക്കാന്‍ അര്‍ദ്ധവിരാമമിട്ട് മാറ്റിവെച്ച  സ്വപ്നങ്ങളെയോ?

അതോ ഇനിയും ...എഴുതി പൂര്‍ത്തിയാക്കാതെ വിട്ട ... അടുക്കും ചിട്ടയുമില്ലാതെ .. ചിതറിത്തെറിച്ച് ഉരുണ്ട് നടക്കുന്ന  എന്റെ തൊന്ന്യക്ഷരക്കുഞ്ഞുങ്ങളെയാണോ?

ഇവിടത്തെ  സ്വര്‍ണ്ണനിറമുള്ള  വെയിലില്‍  കോടമഞ്ഞുരുകുന്നത് പോലെ ഉള്ളിലെ വേനല്‍ച്ചൂടിലീമറവിമഞ്ഞുമുരുകുമായിരിക്കും... 

നോക്കട്ടെ.... ഒന്നേന്നു  മുതല്‍  എല്ലാം തിരിച്ചുപിടിക്കണം.. 


2020, ഏപ്രിൽ 28, ചൊവ്വാഴ്ച

ഒരു ലോക്ക് ഡൌൺ മടി അഥവാ ഹെൽത്ത് ഈസ് വെൽത് !!!!

അതി രാവിലെ ഒരു ഒമ്പതു ഒമ്പതര മണിക്ക് എഴുന്നേറ്റു .
രാവിലെ പണിയൊന്നും ഇല്ലേലും വിവര സാങ്കേതിക കൂലി മാസ മാസം വക്കൊടിയാതെ വാങ്ങേണ്ടതുള്ളതു കൊണ്ട് ……
ആദ്യം തന്നെ ലാഗിന് പോർട്ടലിനു രണ്ടു തേങ്ങ അങ്ങോട്ട് ഉടച്ചു 
[ തള്ള് വിളി (sales pitching call ) ….സായിപ്പിന്റെ സമയത്തായതു പോർട്ടലിനു അറിയില്ലാലോ….. ( ചുമ്മാ ) ] 

ഇന്ന് പുട്ടു വേണോ അതോ ……. കൂലങ്കഷമായി തിരിച്ചും മറിച്ചും ഹരിച്ചും ഗുണിച്ചും നോക്കി.തേങ്ങാ ചിരകൽ അദ്ധ്വാനത്തിനു പുറമെ ...

പുട്ടുകുറ്റി ഒന്ന് ,കടലാക്രമണം വക കുക്കർ ചെറുത് ഒന്ന് , പിന്നെ അല്ലറ ചില്ലറ ടച്ചിങ്‌സ് പാത്രം പ്ലേറ്റ് സഹിതം.. മൊത്തം പാത്രം കഴുക്ക് ക്യാൻഡിഡേറ്റ്സ് സമം പതിനഞ്ച് ...

.പുട്ട് ഈസ് എ ക്യാലറി റിച്ച് ഫുഡ് ഡാ...!!!…

 വൈ ദിസ് കൊലവെറി …!!!

ബ്രഡ് തന്നെ കഴിച്ച് വീണ്ടും ഞാൻ മാതൃകയായി … ഹല്ലാ പിന്നെ …... !!!


#അവസരവാദം #വെർതേഒരുആശ്വാസത്തിന് #പാവംഞാൻ